കോഴിമുട്ടയുടെ വിലയും കുതിച്ചുയരുന്നു
വെട്ടത്തൂര്‍: പച്ചക്കറിക്കും പലചരക്കിനും പിന്നാലെ കോഴിമുട്ടയുടെ വിലയും കുതിച്ചുയരുന്നു. രണ്ടാഴ്ചക്കിടെ രണ്ടു രൂപയാണ് കോഴിമുട്ടക്കു വില വര്‍ധിച്ചത്. വേനലിന്റെ കാഠിന്യം വര്‍ധിച്ചതോടെ അയല്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണു വില ഉയരാന്‍ കാരണം.
തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, നാമക്കല്‍ എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണു കേരളത്തിലേക്കു കൂടുതലും കോഴിമുട്ട വരുന്നത്. ഇവിടങ്ങളില്‍ ചൂടു കൂടിയതോടെ മുട്ട ഉത്പാദനം കുറഞ്ഞതും കോഴികള്‍ കൂട്ടത്തോടെ ചത്തുപോകുന്നതുമാണു മുട്ടക്ഷാമം രൂക്ഷമാക്കിയത്.
മൊത്തകച്ചവട സ്ഥാപനങ്ങളില്‍ നൂറെണ്ണത്തിന് 400രൂപ മുതല്‍ 480 രൂപ വരെ ആയി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഇത് 280രൂപ മുതല്‍ 330 വരെയായിരുന്നു. ഒരു മുട്ടക്ക് അഞ്ചു രൂപയാണു ഈടാക്കുന്നത്. ചില്ലറ വില്പന കടകളില്‍ അഞ്ചര രൂപയാണു വില.
നാടന്‍ കോഴിമുട്ടക്ക് ഏഴ് മുതല്‍ ഒന്‍പതു രൂപ വരെയാണ് ഈടാക്കുന്നത്. താറാമുട്ടയ്ക്കും വില കൂടി. എട്ടു മുതല്‍ പത്തു വരെയാണ് വില. അതേസമയം സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മത്സ്യഇനങ്ങളുടേയും വില വര്‍ധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."