ഇന്ത്യ അണ്ടര്‍ 19 ടീമിന് തകര്‍പ്പന്‍ ജയം; പരമ്പരയില്‍ ഒപ്പമെത്തി
മുംബൈ: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിനു വിജയം. 129 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ കൗമാര ടീം സ്വന്തമാക്കിയത്.
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 1-1നു സമനിലയിലെത്തിക്കാനും ഇതോടെ ഇന്ത്യക്കായി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ചെറുത്തു നില്‍പ്പ് 33.4 ഓവറില്‍ വെറും 158 റണ്‍സില്‍ അവസാനിച്ചു.
മൂന്നു വിക്കറ്റുകള്‍ പിഴുത അനുകൂല്‍ റോയ്, രണ്ടു വീതം വിക്കറ്റുകളെടുത്ത ശിവം മാവി, ഇഷാന് പൊരെല് എന്നിവരുടെ ബൗളിങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഇംഗ്ലണ്ടിനായി റെല്നെ റോലിന്സ് 46 റണ്‍സെടുത്ത് ടോപ് സ്കോററായി.
ടോസ് നേടി ഇന്ത്യയെ ബാറ്റിങിനയച്ച ഇംഗ്ലണ്ടിന്റെ തീരുമാനം പാളി. മധ്യനിര ബാറ്റ്സ്മാന് ഹര്‍വിക് ദേശായി (75), ഹിമാന്‍ഷു റാണ (58) എന്നിവരുടെ മികച്ച ബാറ്റിങാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. 32 പന്തില്‍ 36 റണ്‍സുമായി കമലേഷ് നഗര്‍കോടി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഫിഷര്‍ നാലും ബ്രൂക്സ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. പരമ്പരയിലെ മൂന്നാം മത്സരം നാളെ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."