കശ്മിരില്‍ മഞ്ഞുമല ഇടിഞ്ഞ് 11 പേര്‍ മരിച്ചു
ശ്രീനഗര്‍: ഉത്തര കശ്മിരിലെ കുപ്്‌വാര ജില്ലയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. കുപ്്‌വാരയില്‍ നിന്ന് കര്‍ണയിലേക്ക് പോകുകയായിരുന്ന ടാറ്റ സുമോ വാഹനത്തിനും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ വാഹനത്തിനും മുകളിലേക്കാണ് മഞ്ഞിടിഞ്ഞു വീണത്. താങ്ദര്‍ ഹൈവേയിലായിരുന്നു അപകടം.
ഒരുവയസായ കുട്ടി ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്താനായതായി പൊലിസ് അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം പതുക്കെയാണ് നടക്കുന്നതെന്ന് പൊലിസ് അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് പൊലിസ്, സൈന്യം, സംസ്ഥാന ദുരന്ത നിവാരണ സേന, പര്‍വത മേഖലയിലെ രക്ഷാപ്രവര്‍ത്തകര്‍ എന്നിവരെല്ലാം രംഗത്തെത്തിയിരുന്നു.
ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ വാഹനത്തിന് മുകളിലേക്ക് മഞ്ഞിടിഞ്ഞു വീണതിനെ തുടര്‍ന്ന് എന്‍ജിനീയര്‍ മരിച്ചു. ഈ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.
താങ്ദര്‍ ഹൈവേയിലെ യാത്ര സുഗമമാക്കാന്‍ ഇവിടെ തുരങ്കം നിര്‍മിച്ച് ഇതുവഴി ഗതാഗതത്തിന് നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നതിനിടയിലാണ് അപകടമുണ്ടായത്. എല്ലാവര്‍ഷവും ഈ മേഖലയില്‍ മഞ്ഞിടിച്ചിലുണ്ടാകാറുണ്ട്. ഇവിടെ അന്തരീക്ഷ ഊഷ്മാവ് മൈനസ് 40ലും താഴെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."