റെയില്‍വേയുടെ പിടിച്ചിടല്‍ തുടരുന്നു വടകര- കോഴിക്കോട് ട്രെയിന്‍ യാത്രയ്ക്കു മൂന്നര മണിക്കൂര്‍
കോഴിക്കോട്: റെയില്‍പാളത്തിലെ അറ്റകുറ്റപ്പണിയുടെപേരില്‍ ട്രെയിനുകള്‍ അനന്തമായി പിടിച്ചിടുന്നതു തുടരുന്നു. ഇന്നലെ നിസാമുദീന്‍- എറണാകുളം മംഗള, ലോക്മാന്യതിലക്- കൊച്ചുവേളി ഗരീബ്‌രഥ് ട്രെയിനുകള്‍ വടകരയില്‍ നിന്നു കോഴിക്കോട്ടെത്താന്‍ എടുത്തതു മൂന്നര മണിക്കൂര്‍ സമയം. കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയില്‍ നടക്കുന്ന റെയില്‍പാളം നവീകരണ പ്രവൃത്തിയുടെ പേരിലാണു റെയില്‍വേയുടെ കണ്ണില്ലാത്ത ട്രെയിന്‍ പിടിച്ചിടല്‍.
കഴിഞ്ഞ നാലിനു നിസാമുദീനില്‍ നിന്നു പുറപ്പെട്ട മംഗള എക്‌സ്പ്രസ് നിശ്ചയിച്ച സമയത്തില്‍നിന്ന് ഒന്‍പതു മണിക്കൂര്‍ വൈകി 12.44നാണ് വടകരയില്‍ എത്തിയത്. ഒരുമിനിറ്റ് കൊണ്ട് പുറപ്പെട്ടെങ്കിലും കോഴിക്കോടിന് ഇടയിലുള്ള തിക്കോടി, കൊയിലാണ്ടി, എലത്തൂര്‍, വെസ്റ്റ് ഹില്‍ സ്റ്റേഷനുകളിലും മൂരാട് പാലത്തിനു സമീപവുമായി മണിക്കൂറുകളോളം പിടിച്ചിടുകയായിരുന്നു.
ഒടുവില്‍ 12 മണിക്കൂര്‍ വൈകി വൈകിട്ട് 4.12നാണ് കോഴിക്കോട്ടെത്തിയത്. നിശ്ചയിച്ച സമയത്തില്‍നിന്ന് രണ്ടരമണിക്കൂര്‍ വൈകി ഉച്ചയ്ക്കു 12.47ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ട ഗരീബ്‌രഥ് വൈകിട്ട് 4.55നാണ് കോഴിക്കോട്ടെത്തിയത്. കണ്ണൂര്‍- കോഴിക്കോട് യാത്രയ്ക്ക് ഈ ട്രെയിന്‍ എടുത്തത് 4.10 മണിക്കൂര്‍.
മംഗളയ്ക്കു പിന്നാലെ എത്തിയ ഗരീബ്‌രഥ് കോഴിക്കോട് വരെ പല സ്റ്റേഷനുകളിലും പിടിച്ചിട്ടു. ഒരുമണിക്കൂറില്‍ കൂടുതല്‍ സമയം കൊയിലാണ്ടിയില്‍ നിര്‍ത്തിയതു നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ് കടത്തിവിടാനായിരുന്നു. പിന്നാലെ കൊയിലാണ്ടി വിട്ട മംഗള തൊട്ടടുത്ത സ്റ്റേഷനായ എലത്തൂരില്‍ ഒരുമണിക്കൂറും വെസ്റ്റ്ഹില്ലില്‍ 30 മിനിറ്റോളവും പിടിച്ചിട്ടു. ട്രെയിന്‍ പുറപ്പെടുന്നതു വൈകിയതോടെ എലത്തൂരില്‍ സ്റ്റേഷന്‍ മാസ്റ്ററോടു യാത്രക്കാര്‍ ക്ഷുഭിതരായി.
കര്‍ണാടകയിലെ ഭട്കലില്‍ നിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട പ്രായമായ ദമ്പതികള്‍ ട്രെയിനിലുണ്ടായിരുന്നു. ഇവര്‍ ഭക്ഷണംപോലും കിട്ടാതെ വിലപിച്ചപ്പോള്‍ സഹയാത്രികരാണു ഭക്ഷണം വാങ്ങിനല്‍കിയത്. നിശ്ചയിച്ച സമയപ്രകാരം പുലര്‍ച്ചെ 4.25ന് കോഴിക്കോട്ട് എത്തേണ്ട മംഗളയില്‍ ഇവര്‍ വരുന്നതറിഞ്ഞു കോഴിക്കോട്ടുള്ള ബന്ധുക്കള്‍ വാഹനവുമായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍, ട്രെയിന്‍ മണിക്കൂറുകളോളം വൈകിയതു ഇവര്‍ക്കും ദുരിതമായി. 12 മണിക്കൂര്‍ വൈകിയാണ് ഇന്നലെ മംഗള എറണാകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിച്ചത്.
കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയില്‍ റെയില്‍പാളം നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ കോയമ്പത്തൂര്‍, എറണാകുളം ഇന്റര്‍സിറ്റി ട്രെയിനുകളുടെ സമയക്രമം മാത്രമാണു ഈമാസം 10 വരെ പുനഃക്രമീകരിച്ചിരുന്നത്. സാധാരണ വൈകിയെത്തുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ കടത്തിവിടാറാണു പതിവ്. എന്നാല്‍, ഇന്നലെ ഇതുണ്ടായില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."