മണ്ണളയില്‍ വീട് വയ്ക്കാനുദേശിക്കുന്ന സ്ഥലം അധികൃതര്‍ സന്ദര്‍ശിച്ചു
കരുളായി: ഉള്‍വനത്തിലെ മണ്ണള മേഖലയില്‍ താമസിക്കുന്ന ചോലനായ്ക്കര്‍ വീട് വയ്ക്കാനുദേശിക്കുന്ന സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. അളകളിലും പ്ലാസ്റ്റിക് ഷെഡുകളിലും കഴിയുന്ന മണ്ണള, താളിപ്പുഴ മേഖലയിലെ ചോലനായ്ക്കര്‍ വര്‍ഷങ്ങളായി വീട് വച്ചു നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ഇത് പ്രകാരം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടുത്തുക്കാര്‍ക്ക് പഞ്ചായത്ത് മുഖാന്തരം വീട് അനുവദിച്ചു. വനം വകുപ്പ് അനുമതി നല്കിയാല് മണ്ണള മൂപ്പന് കുങ്കന് പറയുന്ന സ്ഥലത്ത് വീട് നിര്‍മിച്ചു നല്‍കുമെന്ന് കരുളായി പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍ പറഞ്ഞു. പി.എം.എ.വൈ.പദ്ധതി പ്രകാരം മണ്ണളയില്‍ ആറുകുടുംബങ്ങള്ക്കാണ് വീട് അനുവദിച്ചിട്ടുള്ളത്. കുങ്കന്റെ വീടിനൊപ്പം മറ്റു വീടുകളുടെ പണിയും തീര്‍ക്കാന്‍ കഴിയും.
ചെങ്കുത്തായ വനമേഖലയായതിനാല്‍ ഇവിടേക്ക് വീടു നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ എത്തിക്കുകയെന്നത് പ്രയാസമാണ്.
പകുതി ദൂരം വരെ വാഹനമെത്തുകയുള്ളു. ബാക്കിവരുന്ന സ്ഥലത്ത് താല്‍ക്കാലിക റോഡ് നിര്‍മിക്കുന്നതിനുള്ള അനുമതിയും ലഭിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. കരുളായി വി.ഇ.ഒ മനോജ്, വാര്‍ഡ് മെമ്പര്‍ ലിസിജോസ്, പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗന്, എ.എസ്.ഐ അബ്ദുല്‍ കരീം, പ്രമോട്ടര്‍ എന്‍.കെ സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. തണ്ടര്‍ബോള്‍ട്ടിന്റെ കാവലിലായിരുന്നു സംഘം മണ്ണള സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."