കലയപുരം സങ്കേതത്തില്‍ നിന്നും കൃഷ്ണന് ദമയന്തിയെ തിരിച്ചുകിട്ടി
കൊല്ലം: മാസങ്ങള്‍ക്കുമുന്‍പ് തന്നില്‍ നിന്നും വേര്‍പ്പെട്ടുപോയ ഭാര്യയെ കണ്ടപ്പോള്‍ കൃഷ്ണന്റെ കണ്ണില്‍ സന്തോഷത്തിരയിളക്കം.
നഷ്ടപ്പെട്ടെന്നു തന്നെ കരുതിയിരിക്കുമ്പോഴാണ് പ്രാര്‍ഥനകളുടെ ഫലമെന്നോണം പ്രിയതമയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇടുക്കി കഞ്ഞിക്കുഴി പൂവച്ചല്‍ വീട്ടില്‍ ദമയന്തിയെ കലയപുരം സങ്കേതത്തില്‍ നിന്നാണ് ഭര്‍ത്താവ് കൃഷ്ണന് തിരികെ ലഭിച്ചത്. മാസങ്ങള്‍ക്കുമുന്‍പ് ഒരു രാത്രി
കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും കണ്ടെത്തിയ ദമയന്തിയെ കൊട്ടാരക്കര പൊലിസാണ് സങ്കേതത്തിലെത്തിച്ചത്.
ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാതെ വിതുമ്പുക മാത്രമായിരുന്നു ദമയന്തി അപ്പോള്‍. എന്നാല്‍ പിന്നീട് സങ്കേതത്തിലെ സ്‌നേഹപരിചരണത്തിലൂടെ ദമയന്തി ഓരോ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു. സ്വദേശം ഇടുക്കി ജില്ലയില്‍ കഞ്ഞിക്കുഴിയാണെന്ന് പറഞ്ഞതോടെയാണ് ഇവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ ആശ്രയ ശ്രമം ആരംഭിച്ചത്. ഇതിനിടയില്‍ ഭാര്യയെ കാണാനില്ലെന്നു കാണിച്ചു കൃഷ്ണന്‍ കഞ്ഞിക്കുഴി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയില്‍ ആശ്രയ പ്രവര്‍ത്തകര്‍ കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു.
തുടര്‍ന്നാണ് പുനസമാഗമത്തിന് വഴിയൊരുങ്ങിയത്. കഞ്ഞിക്കുഴി എസ്. ഐയുടെ നിര്‍ദ്ദേശപ്രകാരം സിവില്‍ പൊലിസ് ഓഫീസര്‍മാരായ ഫ്രാന്‍സിസ്, ജിനു ഇമ്മാനുവല്‍, മുജീബ് എന്നിവര്‍ കൃഷ്ണനുമായി സങ്കേതത്തിലെത്തി ദമയന്തിയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."