ജേക്കബ് തോമസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ശരി; എങ്കിലും പൂര്‍ണ വിശ്വാസമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: ജേക്കബ് തോമസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചില കാര്യങ്ങള്‍ ശരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്കിലും അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്
സര്‍ക്കാരിന് അഴിമതി മൂടിവെക്കേണ്ട കാര്യമില്ല. അഴിമതി ആര് കാണിച്ചാലും സംരക്ഷിക്കില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ നീങ്ങുന്നില്ലെന്ന പരാതി സര്‍ക്കാര്‍ ഗൌരവമായാണ് കാണുന്നത്.
ജേക്കബ് തോമസിനെതിരെ അന്വേഷണം വേണമോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. ഒരിക്കല്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ച കേസാണിത്. അതിന്മേല്‍ വീണ്ടുമൊരു അന്വേഷണം നടത്തേണ്ട ആവശ്യകതയുണ്ടോ എന്നു പരിശോധിക്കാനാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ലോ അക്കാദമി വിഷയത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സി.പി.ഐ ഉള്‍പ്പെടെ ആര്‍ക്കും വിഷയത്തില്‍ അഭിപ്രായം പറയാം. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കില്ല. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നതിലടക്കം അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസുകാരും ഐ.പി.എസുകാരും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമാണിതെന്നൊക്കെ പറയുന്നുണ്ടെങ്കിലും അത് ശരിയല്ല. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് അവര്‍ വന്ന് കണ്ടിരുന്നു. സർക്കാർ നയം വ്യക്തമാക്കിയതോടെ പ്രശ്നങ്ങള്‍ അവസാനിച്ചു. ഫയല്‍ വച്ചുതാമസിപ്പിക്കുന്നുവെന്ന പരാതി വസ്തുതാപരമാണെങ്കില്‍ അത് ഒരുതരത്തിലും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും പിണറായി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."