എ.കെ ഗോപാലന്‍ എ.കെ.ജി ആയത് ഗസറ്റില്‍ വിജ്ഞാപനം ചെയ്തല്ല: ബല്‍റാമിനെ വിമര്‍ശിച്ച് വി.എസ്
കോഴിക്കോട്: വി.ടി ബല്‍റാം എം.എല്‍.എയെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും. എകെജിയെ കുറിച്ചുള്ള ബല്‍റാമിന്റെ പരാമര്‍ശം അസംബന്ധമെന്നും, കോണ്‍ഗ്രസ് പാര്‍ടി അംഗീകരിക്കാത്ത ഒരു കാര്യം പറഞ്ഞ ആളെ തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും വി.എസ് ആവശ്യപ്പെട്ടു. ദേശാഭിമാനിയില്‍ എഴുതിയ അമൂല്‍ ബേബികള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ എന്ന ലേഖനത്തിലാണ് വി.എസിന്റെ വിമര്‍ശം.
എ കെ ഗോപാലന്‍ എന്ന പേരിനെ എ കെ ജി എന്നാക്കിയത് ഗസറ്റില്‍ വിജ്ഞാപനംചെയ്ത് അദ്ദേഹം നടത്തിയ പേരുമാറ്റിയിരുന്നില്ല. അദ്ദേഹം ജനങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ചതിന് ജനങ്ങള്‍ ആദരവോടെ നല്‍കിയ വിളിപ്പേരായിരുന്നു അത്. മൂന്ന് അക്ഷരങ്ങള്‍കൊണ്ടുള്ള ആ വിളിപ്പേരിന് പിന്നില്‍ സ്‌നേഹത്തിന്റെയും ആദരവിന്റെയും കൃതജ്ഞതയുടെയും കരുതലിന്റെയും അങ്ങനെ മാനുഷികമായ എല്ലാ വിശുദ്ധ വികാരങ്ങളുടേയും സാകല്യാവസ്ഥയായിരുന്നു. - വി.എസ് എഴുതി.
ഒരു നാടിന്റെ ചരിത്രവും പാരമ്പര്യവും അറിയാത്തവര്‍ പിന്നെ എങ്ങനെയാണ് ആ നാടിനെ, ആ നാടിന്റെ ജീവിതത്തെ, അതിന്റെ ഭാഗധേയത്തെ മുന്നോട്ടുനയിക്കുക? പേരിന്റെ അക്ഷരങ്ങള്‍ക്കുപിന്നില്‍ തുന്നിച്ചേര്‍ക്കുന്ന ബിരുദങ്ങളാകരുത് ഒരു പൊതുപ്രവര്‍ത്തകനെയും നേതാവിനെയും ഭരിക്കേണ്ടത്. നാടിന്റെയും ജനങ്ങളുടെയും നാഡീസ്പന്ദങ്ങള്‍ തൊട്ടറിയുകയാണ് അതിനാവശ്യം. അതില്ലാതെ വന്നാല്‍ പൊങ്ങുതടിപോലെ നീന്തിനടക്കാമെന്നുമാത്രം. പൊങ്ങുതടികളായി നീന്തിനടന്നവരല്ല ചരിത്രത്തെ മുന്നോട്ടുനയിച്ചിട്ടുള്ളത്. ജീവിതത്തില്‍ ഇടപെടുകയും പോരാടുകയും ജീവിതംതന്നെ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളവരാണ് ചരിത്രത്തിന് കിന്നരികള്‍ ചാര്‍ത്തിയിട്ടുള്ളത് എന്നോര്‍ക്കണം.
2011ലെ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍ അസംബന്ധജടിലവുംഅര്‍ഥശൂന്യവുമായ പ്രസ്താവന നടത്തിയതിന് രാഹുല്‍ ഗാന്ധിയെ ഞാന്‍അമൂല്‍ ബേബി എന്നു വിളിച്ചിരുന്നു. ആ പ്രയോഗത്തിന്റെ സാരസര്‍വസ്വം അക്കാലത്ത് രാഷ്ട്രീയവ്യവഹാരങ്ങളില്‍ നിറഞ്ഞുനിന്നതാണ്. ഇപ്പോള്‍ എ.കെ.ജി എന്ന വന്‍മരത്തിന് നേരെ ആത്മാര്‍ഥതയില്ലാത്ത അക്ഷരവ്യയം നടത്തുന്ന കോണ്‍ഗ്രസിന്റെ യുവനേതാവിനും ഈ പ്രയോഗം അന്വര്‍ഥമാണെന്ന് എനിക്കുതോന്നുന്നു
ഈ വിഷയത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പരാമര്‍ശത്തെ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് പാര്‍ടി അംഗീകരിക്കാത്ത ഒരു കാര്യം പറഞ്ഞ ആളെ തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും വിഎസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."