സ്വന്തമായി സ്ഥലമുണ്ടായിട്ടും അരൂരിലെ എക്‌സൈസ് ഓഫിസ് വാടക കെട്ടിടത്തില്‍
അരൂര്‍: സ്വന്തമായി സ്ഥലമുണ്ടായിട്ടും ആരൂരിലെ എക്‌സൈസ് ഓഫിസിന്റെ പ്രവര്‍ത്തനം വാടക കെട്ടിടത്തില്‍. മണ്ഡലത്തിലെ അരൂക്കുറ്റി കായലോരത്താണ് എക്‌സൈസ് വകുപ്പിന് സ്വന്തമായി ഒരേക്കറോളം വസ്തു നിലവിലുള്ളത്. എന്നിട്ടും ഇവിടെ ഒരു കെട്ടിടം നിര്‍മിക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ല. നിലവില്‍ എക്‌സൈസ് ഓഫിസ് തുറവൂരിലെ ഉള്‍പ്രദേശമായ വളമംഗലത്ത് ഒരു വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി സ്ഥലമുണ്ടായിട്ടും വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനെതിരേ വിവിധ കേന്ദ്രങ്ങളില്‍നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സ്വന്തം സ്ഥലത്ത് കെട്ടിടം നിര്‍മിച്ചാല്‍ വകുപ്പിന് സാമ്പത്തിക ലാഭം ഉള്‍പ്പടെയുള്ള പ്രയോജനമുണ്ടാകുമെന്നിരിക്കെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ദുരൂഹതക്കിട നല്‍കുന്നു. അരൂക്കുറ്റിയില്‍ കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിച്ചാല്‍ അരൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് അനായാസം സഞ്ചരിക്കുവാന്‍ കഴിയുന്നതോടൊപ്പം ദേശീയ പാതയിലേക്ക് എത്തുവാനും കഴിയും. കായലോരത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലം കായല്‍ ഭിത്തിയുടെ തകര്‍ച്ചമൂലം മണ്ണൊലിച്ചുപോയി സ്ഥലം നശിച്ചുപോകുന്ന സ്ഥിതി വിശേഷമാണുള്ളത്. അടിയന്തിരമായി കായല്‍ ഭിത്തി സംരക്ഷിച്ച് ഉറപ്പ് വരുത്തിയില്ലെങ്കില്‍ ഈ സ്ഥലം അന്യാധീനപ്പെട്ടുപോകുന്ന അവസ്ഥയിലാണ്.
രാജഭരണകാലത്ത് കൊച്ചിയില്‍നിന്നും തിരുവിതാംകൂറിലേക്ക് കച്ചവട സാധനങ്ങള്‍ എത്തിക്കുമ്പോള്‍ ചുങ്കം പിരിക്കുന്നതിനും മറ്റ് അതിക്രമങ്ങള്‍ തടയുന്നതിനുമായാണ് ഈ സ്ഥലം തിരുവിതാംകൂര്‍ മഹാരാജാവ് എക്‌സൈസ് വകുപ്പിന് നല്‍കിയത്. തുടര്‍ന്ന് ഇവിടെ ഒരു ഓഫിസ് നിര്‍മ്മിക്കുകയും പ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കാലപ്പഴക്കത്താല്‍ കെട്ടിടം ജീര്‍ണിച്ച് തകര്‍ന്നടിഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് മുകളില്‍ കാടുപിടിച്ചുകിടക്കുന്ന ഇവിടം വിഷപാമ്പുകളുടേയും മറ്റ് ക്ഷുദ്ര ജീവികളുടേയും സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.
വാടകയിനത്തില്‍ നല്ലൊരു തുക സര്‍ക്കാരിന് നഷ്ടപ്പെടുത്തുന്ന സമീപനമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന ആരോപണം വിവിധ കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നു കഴിഞ്ഞു. ഇത്തരം സാഹചര്യത്തില്‍ അടിയന്തിരമായി അരൂക്കുറ്റിയിലെ സ്ഥലത്ത് സ്വന്തമായി പുതിയ കെട്ടിടം നിര്‍മിച്ച് എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം ഇവിടേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."