കിട്ടിയതനുഭവിക്കാത്തവനുണ്ടോ കിട്ടാത്തതനുഭവിക്കുന്നു
താബിഈ പണ്ഡിതനായ ഉര്‍വതുബ്‌നു സുബൈര്‍ വീട്ടില്‍നിന്നിറങ്ങിയത് സകലാംഗനായിട്ടായിരുന്നു. വീട്ടിലേക്കു തിരിച്ചെത്തിയതാകട്ടെ വികലാംഗനായിട്ടും. പോരാത്തതിനു തന്റെ പ്രിയപുത്രന്‍ കുതിരയുടെ തൊഴിയേറ്റ് മരണപ്പെടുകയും ചെയ്തു. പരീക്ഷണങ്ങള്‍ മേല്‍ക്കുമേല്‍ വന്നിറങ്ങിയ നിമിഷങ്ങള്‍...
ഖലീഫ വലീദ് ബിന്‍ അബ്ദുല്‍ മലികിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വസതിയിലേക്കു പോയതാണു സംഭവം. അവിടെവച്ച് കാലിന് എന്തോ രോഗം പിടിപെട്ടു. താങ്ങാന്‍ കഴിയാത്തവിധം ഗുരുതരമായി. വൈദ്യന്മാര്‍ മുഴുവന്‍ കാല്‍ മുറിച്ചുമാറ്റുകയല്ലാതെ രക്ഷയില്ലെന്നു വിധിയെഴുതി. ഒടുവില്‍ വിധി മാനിച്ച് അദ്ദേഹം അതിനു നിന്നുകൊടുത്തു. അങ്ങനെ ഒറ്റക്കാലനായി വീട്ടിലേക്കു തിരിച്ചുവരികയാണ്. വീട്ടുകാരെ കണ്ടതും അദ്ദേഹം അവരോടു പറഞ്ഞു: 'എന്റെ അവസ്ഥ നിങ്ങളെ ഭയപ്പെടുത്താതിരിക്കട്ടെ. എനിക്കു നാലു മക്കളെ തന്ന നാഥന്‍ അതിലൊന്നിനെ തിരിച്ചെടുക്കുകയും മൂന്നെണ്ണത്തിനെ അവശേഷിപ്പിക്കുകയും ചെയ്തു. സര്‍വ സ്‌തോത്രങ്ങളും അവനാണ്. കൈകാലുകളില്‍ നാലെണ്ണത്തെ കനിഞ്ഞേകിയ അവന്‍ അതിലൊന്നിനെ തിരിച്ചെടുക്കുകയും മൂന്നെണ്ണത്തെ അവശേഷിപ്പിക്കുകയും ചെയ്തു. അവനാണ് സര്‍വസ്തുതിയും. അല്ലാഹുവാണേ, എന്നില്‍നിന്ന് അവന്‍ എടുത്തുകളഞ്ഞത് ഇത്തിരിയാണെങ്കില്‍ അവശേഷിപ്പിച്ചു തന്നത് ഒത്തിരിയാണ്. പരീക്ഷിച്ചത് ഒരു തവണയാണെങ്കില്‍ സുഖം തന്നത് അനേകതവണയാണ്'.
ഉള്ളത് കാണാതെ ഇല്ലാത്തതുമാത്രം കണ്ട് ഒടുവില്‍ ഉള്ളതിനെയും ഇല്ലാതാക്കി നിരാശരായി കഴിയുന്ന ഹതഭാഗ്യവാന്മാര്‍ക്ക് ഈ സംഭവത്തില്‍ പാഠങ്ങളനവധിയുണ്ട്. നൂറില്‍ തൊണ്ണൂറ്റിയൊന്‍പതു മാര്‍ക്ക് വാങ്ങിവന്ന മകനോട് എവിടെപ്പോയി ആ ഒന്ന് എന്നു കനത്തില്‍ ചോദിക്കുന്ന രക്ഷിതാക്കളുണ്ട് നമുക്കിടയില്‍. എന്റെ മകന്‍ തൊണ്ണൂറ്റിയൊന്‍പതു വാങ്ങിയല്ലോ എന്നു ചിന്തിച്ച് അവനെ അഭിനന്ദിക്കാന്‍ കഴിയണമെങ്കില്‍ തങ്ങളുടെ തലയില്‍ ഇന്‍സ്റ്റാള്‍ ചെയ്തുവച്ച ചില പ്രോഗ്രാമുകള്‍ അവര്‍ക്കു ഫോര്‍മാറ്റു ചെയ്ത് മറ്റു ചില പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും. ഇല്ലാത്തതു മാത്രം കാണുന്ന സ്വഭാവം മാറ്റിയെടുക്കാന്‍ വേറെ കുറുക്കുവഴികളുണ്ടെന്നു തോന്നുന്നില്ല.
അര ഗ്ലാസ് ചായ മേശപ്പുറത്ത് കൊണ്ടുവച്ചപ്പോള്‍ ഭര്‍ത്താവ് ഭാര്യയോട് ദേഷ്യപ്പെട്ട് ചോദിച്ചു:
'എവിടെ ഈ ഗ്ലാസിലെ പകുതി ചായ?'
'പകുതി ചായ ഗ്ലാസില്‍ തന്നെയുണ്ടല്ലോ'
'ഗ്ലാസിലുണ്ടെന്നോ.. എവിടെ?'
'ഇതാ, ഈ കാണുന്നതെന്താ... പകുതി ചായയല്ലേ'
ഭാര്യ ഗ്ലാസ് കൈയിലെടുത്ത് കാണിച്ചുകൊടുത്തു. ഗ്ലാസിലെ ശൂന്യതയിലേക്കു മാത്രം കണ്ണയച്ചപ്പോള്‍ ഭര്‍ത്താവിന് അതിലെ പകുതി ചായ കാണാന്‍ കഴിഞ്ഞില്ല. ഉള്ള പകുതി ചായ ശ്രദ്ധിക്കാതെ ഇല്ലാത്ത പകുതി ചായ അന്വേഷിച്ച അയാളുടെ അല്‍പത്തമാണ് ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നമ്മില്‍ പലരും പിന്തുടരാറുള്ളത്.
ഉള്ളതു കാണാതെ ഇല്ലാത്തതന്വേഷിക്കുന്ന വങ്കത്തത്തിന് ഉള്ളതും ഇല്ലാതാവുക എന്ന ദുരന്തമാണു ശിക്ഷ. ഉള്ളതു കാണുന്നവനേ ഉള്ളതനുഭവിക്കാന്‍ പറ്റൂ. ഇല്ലാത്തതിനെ കാണുന്നവന് ഉള്ളതു കാണാനെവിടെ സമയം...? കോടികളുടെ ആസ്തി കൈവശം വച്ചാണ് അതനുഭവിക്കാതെ ഇല്ലാത്ത കോടികളുടെ പിന്നാലെ ഓടുന്നത്. ഓടിയോടി ഒടുവില്‍ ലഭിക്കുന്നതോ ആറടി മണ്ണും. ലഭിച്ച കോടികള്‍ അനുഭവിക്കാനായില്ലെന്നു മാത്രമല്ല, ലഭിക്കാത്ത കോടികള്‍ തകര്‍ന്നടിഞ്ഞ സ്വപ്നമായി തീരുകയും ചെയ്തു. മിച്ചമോ, രണ്ടും കിട്ടാത്ത സ്ഥിതി. പോയത് ഏതായാലും പോയി. ഇനി പോവാത്തതിനെ നഷ്ടപ്പെട്ടുപോവാതെ സൂക്ഷിക്കുക എന്ന ലളിതബുദ്ധി അല്‍പമെങ്കിലും പ്രയോഗിച്ചിരുന്നെങ്കില്‍ ഇതു സംഭവിക്കുമായിരുന്നില്ല.
നഷ്ടപ്പെട്ടുപോയ സമയത്തെയോര്‍ത്ത് ദുഃഖിച്ചിരുന്നാല്‍ ഇനിയുള്ള സമയവും നഷ്ടപ്പെട്ടുപോകുമെന്നത് ആര്‍ക്കുമറിയാവുന്ന സത്യമാണ്. ജീവിതകാലം മുഴുവന്‍ ദുഃഖവും പേറി കഴിയാനായിരിക്കും അതുമൂലം വിധിയുണ്ടാവുക.
ലഭിച്ചത് അനുഭവിക്കാന്‍ കഴിയാത്തവന് ലഭിക്കാത്തത് അനുഭവിക്കാന്‍ ഏതായാലും കഴിയില്ല. അല്ലെങ്കിലും നിങ്ങളാലോചിച്ചുനോക്കൂ, അതേതെങ്കിലും വിധേന നടക്കുമോ? നഷ്ടപ്പെട്ട കാലിനെ ചൊല്ലി നിരാശപൂണ്ടിരിക്കുന്നവന് നഷ്ടപ്പെടാത്ത കാലിനെ ഉപയോഗപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ എങ്ങനെയാണു കഴിയുക..? ലഭിച്ച ലാഭമോര്‍ത്തു സന്തോഷിക്കാന്‍ കഴിയണമെങ്കില്‍ ലഭിക്കാത്ത ലാഭമോര്‍ത്തു സന്തപ്തനാവാതിരിക്കണ്ടേ...? നേട്ടങ്ങളില്‍ ജീവിക്കാന്‍ കോട്ടങ്ങളിലുള്ള ജീവിതം വെടിയാതെ പറ്റുമോ..?
കിട്ടിയതോര്‍ത്താല്‍ കിട്ടാത്തത് ഒരു പ്രശ്‌നമായിത്തീരില്ല. കിട്ടാത്തതോര്‍ക്കുമ്പോഴാണ് കിട്ടിയത് നമ്മെ സന്തോഷിപ്പിക്കാതിരിക്കുക.
അവനെ പോലെ എനിക്കും പണക്കാരനാവാനായില്ലല്ലോ എന്നതില്‍ നിരാശ തോന്നുന്നുവെങ്കില്‍ കൈയില്‍ അഞ്ചുപൈസ പോലുമില്ലാത്ത ആളുകളെ നോക്കുക, നിങ്ങള്‍ കോടീശ്വരനാണെന്നു ബോധ്യപ്പെടും. അയല്‍പക്കത്തെ വീടുപോലൊരു വീട് തനിക്കില്ലല്ലോ എന്നോര്‍ത്ത് വ്യസനിക്കുകയാണെങ്കില്‍ പീടികത്തിണ്ണയില്‍ അന്തിയുറങ്ങുന്ന പട്ടിണിപ്പാവങ്ങളെ നോക്കുക, നിങ്ങള്‍ കൊട്ടാരത്തിലാണ് താമസിക്കുന്നതെന്നു മനസിലാകും. ദൈവം തമ്പുരാന്‍ എനിക്കു മാത്രമെന്തേ രോഗം തന്നു എന്ന ചിന്തയുണ്ടെങ്കില്‍ ഒരു ദിവസം ഏതെങ്കിലും ആശുപത്രിയില്‍ സന്ദര്‍ശിക്കുക. നിങ്ങളുടെ ആരോഗ്യം കാണാന്‍ പറ്റും. ജീവിതത്തില്‍ കിട്ടിയതും കിട്ടാത്തതും തുലനം ചെയ്താല്‍ കിട്ടിയതേ കൂടുതല്‍ കാണൂ. കിട്ടാത്തതിനെ ഓര്‍ത്തുള്ള ചിന്തകള്‍ ഇനിയെങ്കിലും ജീവിതത്തെ ദുഃഖക്കയത്തിലാഴ്ത്താതിരിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."