വിനാശകാലേ വിപരീതബുദ്ധി
തന്റെ മുന്നിലെത്തുന്ന രോഗിയുടെ രോഗമെന്തെന്നു പരിശോധിച്ചു കണ്ടെത്താനും എന്തു ചികിത്സയാണതിനു ഫലപ്രദമെന്നു നിര്‍ദേശിക്കാനുമുള്ള അധികാരം തീര്‍ച്ചയായും ഭിഷഗ്വരന്റേതാണ്. എന്നാല്‍, ആ ചികിത്സ സ്വീകരിക്കണമോ നിരസിക്കണമോയെന്നു തീരുമാനിക്കാനുള്ള അവകാശം രോഗിയുടേതാണ്. രോഗി തീരുമാനമെടുക്കാനുള്ള ആരോഗ്യാവസ്ഥയിലല്ലെങ്കില്‍ ബന്ധുക്കളുടേതാണ് ഈ അവകാശം. ചികിത്സയിലിരിക്കുന്ന രോഗിയുടെ അവസ്ഥയെന്തെന്ന് അറിയാനുള്ള അവകാശവും ബന്ധുക്കള്‍ക്കുണ്ട്. അതു നിഷേധിക്കാന്‍ ചികിത്സകനും ആശുപത്രിക്കും അധികാരമില്ല.
മെഡിക്കല്‍ രംഗത്തെ നൈതികത ഇതാണെന്നിരിക്കെ, അതു സാധാരണപൗരന്റെ കാര്യത്തില്‍പ്പോലും പാലിക്കണമെന്നിരിക്കെ, മുന്‍ കേന്ദ്രമന്ത്രിയും മരണകാലത്ത് പാര്‍ലമെന്റ് അംഗവുമായ ഇ. അഹമ്മദിന്റെ കാര്യത്തില്‍ ഡല്‍ഹി രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാരും അധികാരികളും അതു നിര്‍ബന്ധമായും പാലിക്കണമെന്നതില്‍ തര്‍ക്കമില്ല. എന്നിട്ടും എന്തുകൊണ്ടാണ്, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ രോഗാവസ്ഥയെന്തെന്നും എന്തു ചികിത്സയാണു നല്‍കുന്നതെന്നും അവര്‍ ആരെയും അറിയിക്കാതിരുന്നത്.
ഇ. അഹമ്മദിന്റെ മകനും ഡോക്ടര്‍മാരായ മകളും മരുമകനും എത്തിയിട്ടും അദ്ദേഹത്തെ കാണാനോ രോഗവിവരങ്ങള്‍ അറിയിക്കാനോ മടികാണിച്ചത് എന്തുകൊണ്ട്. ഉന്നതദേശീയനേതാക്കളായ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും മുതല്‍ കേരളത്തില്‍നിന്നുള്ള എം.പിമാര്‍വരെ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും എന്തുകൊണ്ടാണു മരിച്ചു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അക്കാര്യംപോലും മറച്ചുപിടിച്ച് മൃതദേഹം ആരെയും കാണിക്കാതെ തീവ്രപരിചരണ വിഭാഗത്തില്‍ 'ഒളിപ്പിച്ചുവച്ചത്.'
ഇതിനൊന്നും രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മറുപടി പറയാന്‍ തയാറല്ലെങ്കിലും എല്ലാവര്‍ക്കും അറിയാം കാരണമെന്തെന്ന്. ഇത്തവണ ഫെബ്രുവരി ഒന്നാംതിയതി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍ ആ പ്രഖ്യാപനം തെറ്റാതിരിക്കാന്‍ നടത്തിയ നാടകമായിരുന്നു, പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു മരിച്ച മുന്‍മന്ത്രിയുടെ മരണം സ്ഥിരീകരിക്കാന്‍ 'അനുവദിക്കാതെ' നടത്തിയത്.
അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍, ഭരണത്തുടര്‍ച്ചയ്ക്കു വിഘ്‌നം സംഭവിക്കാതിരിക്കാന്‍, നേരത്തേ തീരുമാനിച്ച സല്‍ക്കര്‍മങ്ങള്‍ മുടങ്ങാതിരിക്കാന്‍... ഇങ്ങനെ പല ഘട്ടങ്ങളിലും മരണവാര്‍ത്ത പുറത്തറിയിക്കാതിരിക്കാറുണ്ട്. വിവാഹം മുടങ്ങാതിരിക്കാന്‍ അന്നു കാലത്തോ തലേന്നു രാത്രിയിലോ സംഭവിച്ച അടുത്ത ബന്ധുവിന്റെ മരണം പുറത്തറിയിക്കാതിരുന്ന സന്ദര്‍ഭങ്ങള്‍ എത്രയോ ഉണ്ടായിട്ടുണ്ട്. ജയലളിത മരിച്ചു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മരണവിവരം പ്രഖ്യാപിക്കാതിരുന്നതു തമിഴ്‌നാട്ടിലെ അക്രമസംഭവങ്ങള്‍ നേരിടാനുള്ള ഒരുക്കങ്ങള്‍ക്കുവേണ്ടിയായിരുന്നു എന്നും നമുക്കറിയാം. ഇത്തരം ഘട്ടങ്ങളിലൊക്കെ മരണവിവരം 'മറച്ചു' പിടിക്കുന്നത് ഉറ്റവരോ ഉടയവരോ ആയിരിക്കും.
ഇ. അഹമ്മദിന്റെ കാര്യത്തില്‍ ഉറ്റവരെയും ഉടയവരെയും ആട്ടിയകറ്റിയാണു ഭരണകൂടവും ആശുപത്രി അധികാരികളും ഈ നാടകം നടത്തിയത്. എന്തിനു വേണ്ടി. നേതാവിന്റെ മരണവിവരമറിയുമ്പോഴേയ്ക്കും ഭ്രാന്തെടുക്കുന്ന തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ അനുയായികളെപ്പോലെയല്ല കേരളത്തിലെ ജനത. ഇ. അഹമ്മദിന്റെ മരണവിവരമറിഞ്ഞ് ലീഗ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുമെന്നു രാഷ്ട്രീയ എതിരാളികള്‍പോലും ആരോപിക്കില്ല. കേരളം ഭരിക്കുന്നതു ബി.ജെ.പി സര്‍ക്കാരല്ലാത്തതിനാല്‍ അക്കാര്യത്തെക്കുറിച്ചു കേന്ദ്രത്തിനു വേവലാതിയുടെ ആവശ്യവുമില്ല. ഇ. അഹമ്മദിന്റെ മരണംമൂലം കേന്ദ്രഭരണത്തിലോ സംസ്ഥാനഭരണത്തിലോ സ്തംഭനാനസ്ഥയുണ്ടാവുകയുമില്ല.
എന്നിട്ടും, ബജറ്റ് അവതരണം മുടങ്ങാതിരിക്കാന്‍വേണ്ടി മാത്രം, ദീര്‍ഘകാലം പാര്‍ലമെന്റ് അംഗവും കേന്ദ്രമന്ത്രിയും സംസ്ഥാനമന്ത്രിയുമെല്ലാമായിരുന്ന ഒരാളുടെ മൃതദേഹം അനാഥാവസ്ഥയില്‍ കിടത്തിയെന്നത് അക്ഷന്തവ്യമായ അപരാധമാണ്. അതു ചെയ്ത രാംമനോഹര്‍ ലോഹ്യ ആശുപത്രി അധികാരികളും ഡോക്ടര്‍മാരും വൈദ്യശാസ്ത്ര നൈതികതയാണു തല്ലിത്തകര്‍ത്തത്. അതിനു പ്രേരിപ്പിച്ച മോദി ഭരണകൂടം ജനാധിപത്യമര്യാദയുടെയും മനുഷ്യാവകാശത്തിന്റെയും മാനവികതയുടെയും കടയ്ക്കലാണു കത്തിവച്ചത്. സ്വന്തം ജീവിതത്തിന്റെയോ ബന്ധുക്കളുടെ ജീവിതത്തിന്റെയോ കാര്യത്തില്‍പ്പോലും തീരുമാനമെടുക്കാനുള്ള അവകാശം പൗരനല്ല, ഭരണകൂടത്തിനാണ് എന്നു വരുന്നതു രാജ്യം നീങ്ങുന്നതു കടുത്ത ഫാസിസത്തിലേയ്ക്കാണ് എന്നതിന്റെ സൂചനയാണ്.
പൊലിസില്‍ പരാതിയെത്തിയ ഘട്ടത്തിലാണല്ലോ ഇ. അഹമ്മദിന്റെ മരണം ആശുപത്രി അധികൃതര്‍ പുലര്‍ച്ചെ സ്ഥിരീകരിക്കുന്നത്. എന്നിട്ടും, പ്രതിപക്ഷത്തിന്റെ അഭ്യര്‍ഥനയും പ്രതിഷേധവും വകവയ്ക്കാതെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചു. അങ്ങനെ പിടിവാശി കാണിച്ചു ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍, മരണവിവരം അതുണ്ടായ സമയത്തു തന്നെ വെളിപ്പെടുത്തി അങ്ങനെ ചെയ്യാമായിരുന്നില്ലേ.
അപ്പോഴും ഇതേപോലെ എതിര്‍പ്പുകളും ജനാധിപത്യമര്യാദയും അവഗണിച്ചു ബജറ്റ് അവതരിപ്പിക്കാമായിരുന്നല്ലോ. മരണം നടന്ന ദിവസം ബജറ്റ് അവതരിപ്പിച്ചില്ലെന്ന ന്യായീകരണത്തിനെങ്കിലും അപ്പോള്‍ സാധ്യതയുണ്ടായിരുന്നു.
മരണവാര്‍ത്ത ഒളിപ്പിച്ചുവച്ചതു കൊണ്ട് എന്തുണ്ടായി. കേന്ദ്രഭരണകൂടത്തിനെതിരേ ഇന്ത്യ മുഴുവന്‍ പ്രതിഷേധമുയര്‍ന്നു. ബജറ്റ് ചര്‍ച്ചയ്ക്കു പകരം ഇതു സംബന്ധിച്ച ബഹളത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു. നോട്ട് അസാധുവാക്കലിലെ പിടിവാശിയില്‍ സംഭവിച്ചപോലെ ഇക്കാര്യത്തിലും അനേകലക്ഷങ്ങളുടെ വെറുപ്പ് സര്‍ക്കാര്‍ വാരിക്കൂട്ടി.
വിനാശകാലേ വിപരീത ബുദ്ധിയെന്നാണല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."