തീരദേശ സംരക്ഷണത്തിനായി കണ്ടല്‍ച്ചെടികള്‍ നടും
ആലപ്പുഴ: കടല്‍ത്തീര സംരക്ഷണത്തിനായി തീരദേശഗ്രാമങ്ങളില്‍ കണ്ടല്‍ച്ചെടികളും കാറ്റാടിമരങ്ങളും വച്ചുപിടിപ്പിക്കാനൊരുങ്ങുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ എല്ലാ തീരദേശഗ്രാമപഞ്ചായത്തുകളിലും കണ്ടല്‍ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. 124 പ്രവൃത്തികളാണ് ഇതിന്റെ ഭാഗമായി തൊഴിലുറപ്പു പദ്ധതിയിലൂടെ നടപ്പാക്കുക. മണ്ണൊലിപ്പ് തടഞ്ഞ് കടലാക്രമണത്തില്‍നിന്ന് തീരത്തെ രക്ഷിക്കാനും ജൈവ ആവാസവ്യവസ്ഥ സംരക്ഷിക്കാനും കണ്ടല്‍ച്ചെടികള്‍ക്കു കഴിയും.
കടലില്‍ വേലിയേറ്റ, വേലിയിറക്ക പ്രദേശത്തും നദിയും കായലും കടലില്‍ ചേരുന്ന സ്ഥലത്തും കണ്ടല്‍ വളര്‍ത്തും. ഉപ്പു കലര്‍ന്ന വെള്ളത്തില്‍ വളരുന്ന കണ്ടല്‍ നിത്യഹരിത സ്വഭാവമുള്ളവയായതിനാല്‍ മത്സ്യങ്ങള്‍ക്കും ജലജീവികള്‍ക്കും ആവാസ വ്യവസ്ഥയൊരുക്കുന്ന പ്രകൃതിയുടെ നഴ്‌സറിയെന്നാണ് ഇവയെ അറിയപ്പെടുന്നത്. കേരളത്തില്‍ 17 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണു നിലവില്‍ കണ്ടല്‍ കാടുകളുള്ളത്. മത്സ്യസമ്പത്തിന്റെ ഉറവിടമായ കണ്ടല്‍ കാടുകള്‍ ദേശാടന പക്ഷികളുടെയും ജലപക്ഷികളുടെയും ആവാസകേന്ദ്രമാണ്. മലിനീകരണം, കരയിടിച്ചില്‍, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം, സുനാമി എന്നിവയെ തടയാനും ഇതുമൂലം കഴിയും.
കണ്ടലിന്റെ വേരുകള്‍ മണ്ണിനെയും മറ്റു വസ്തുക്കളെയും പിടിച്ചു നിര്‍ത്തി കരയെ സംരക്ഷിക്കുന്നതിനൊപ്പം വെള്ളം അരിച്ചു ശുദ്ധീകരിക്കും. മത്സ്യങ്ങള്‍ക്ക് പ്രജന സൗകര്യം ഒരുക്കും. 43 ഇനങ്ങളില്‍ പെട്ട കണ്ടലുകളാണ് കേരള തീരത്ത് കണ്ടുവരുന്നത്. തീരപ്രദേശത്തെ കണ്ടല്‍ കാടുകള്‍ ജലത്തില്‍ നിന്നും കര പ്രദേശത്തേക്ക് വ്യാപിക്കുന്ന ഉപ്പിന്റെ അംശം തടയുന്നു. ജില്ലയില്‍ പുന്നപ്ര തെക്ക് പഞ്ചായത്തിലും പട്ടണക്കാടും തീരദേശത്തും തൊഴിലുറപ്പിലൂടെ കണ്ടല്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. പട്ടണക്കാട് കണ്ടല്‍ നഴ്‌സറിയും ആരംഭിച്ചിട്ടുണ്ട്. കണ്ടല്‍ ശാസ്ത്രീയമായി വച്ചുപിടിപ്പിക്കുന്നതിനും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്ക് പി.വി.കെ.കെ. പണിക്കര്‍, ചീഫ് ഓര്‍ഗനൈസര്‍, ഔഷധസസ്യകൃഷി, ആലപ്പുഴ-3 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 9846630678.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."