ബേക്കല്‍ ബീച്ച് എക്‌സ്‌പോയില്‍ സന്ദര്‍ശകരെ കൊള്ളയടിക്കുന്നതായി ആരോപണം
കാസര്‍കോട്: ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ഓണത്തോടനുബന്ധിച്ച് ആരംഭിച്ച ബീച്ച് എക്‌സ്‌പോയില്‍ സന്ദര്‍ശകരെ കൊള്ളയടിക്കുന്നതായി പരാതി. ബീച്ചിന്റെ സൗന്ദര്യത്തെ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തു നിന്നു പൂര്‍ണമായും മറവു ചെയ്യുന്ന രീതിയില്‍ നിര്‍മിച്ചിട്ടുള്ള എക്‌സ്‌പോയില്‍ പ്രവേശിക്കുവാന്‍ പുറത്ത് ടിക്കറ്റ് കൗണ്ടറില്‍ നിന്നുമെടുക്കുന്ന 10 രുപയുടെ പ്രധാന ടിക്കറ്റിനു പുറമെ അകത്ത് മറ്റൊരു 20 രൂപയുടെ ടിക്കറ്റ് കൂടി വേണം. അകത്ത് കച്ചവട സ്ഥാപനങ്ങളല്ലാതെ വിനോദങ്ങള്‍ കാണാന്‍ വീണ്ടും ഓരോന്നിനും 50 രൂപ വരെയുള്ള ടിക്കറ്റുകള്‍ എടുക്കണമെന്നും സന്ദര്‍ശകര്‍ പരാതിപ്പെടുന്നു.
അകത്തും പുറത്തുമായി ടിക്കറ്റുകള്‍ ഈടാക്കുമ്പോള്‍ കച്ചവട സ്ഥാപനങ്ങള്‍ കാണാനായി മാത്രം പുറത്തു നിന്നു ടിക്കറ്റെടുക്കേണ്ടതെന്ന ചോദ്യമാണു സന്ദര്‍ശകര്‍ ഉന്നയിക്കുന്നത്.
എക്‌സ്‌പോയുടെ പുറത്തുള്ള കുട്ടികളുടെ ചെറിയ വിനോദപരിപാടികള്‍ക്കും അമിത തുക ഈടാക്കുന്നതായി പരാതിപ്പെടുന്നു. ബീച്ചിന്റെ സൗന്ദര്യവല്‍ക്കരണത്തിനായി ഉണ്ടാക്കിയ തണല്‍ മരങ്ങള്‍ ഉണക്കുന്നതായും ആക്ഷേപമുണ്ട്.
പാര്‍ക്കിന്റെ പാട്ടക്കരാറില്‍ ബീച്ചിന്റെ സൗന്ദര്യം മറവു ചെയ്യുന്ന ഒന്നും ചെയ്യാന്‍ പാടില്ലെന്നു നിഷ്‌കര്‍ഷിക്കുമ്പോള്‍ കരാര്‍ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തിയിട്ടും അവര്‍ക്കെതിരേ നടപടി എടുക്കാന്‍ ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പറേഷന്‍ മടിക്കുന്നതാണു പാര്‍ക്കില്‍ ചൂഷണം വര്‍ധിക്കുവാന്‍ കാരണമെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."