ശുചീകരണ പ്രവൃത്തിയും നവീകരണവും പൂര്‍ത്തിയായില്ല കുറ്റ്യാടി ഡാം കനാല്‍ തുറന്നു
പേരാമ്പ്ര: ഇടതു, വലതുകര കനാലിന്റെ ശുചീകരണ പ്രവൃത്തിയും തകര്‍ന്ന ഭാഗം പുനര്‍നിര്‍മാണവും പൂര്‍ത്തീകരിക്കാതെയും പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി ഡാമിന്റെ പ്രധാന കനാല്‍ ഇന്നലെ രാവിലെ തുറന്നു വിട്ടു. എക്‌സി. എന്‍ജിനീയര്‍ കെ. രാമചന്ദ്രനാണ് ജലവിതരണത്തിനായി ഷട്ടര്‍ തുറന്നത്. അസി. എക്‌സി.എന്‍ജിനീയര്‍മാരായ യു. കെ ഗിരീഷ് കുമാര്‍, സഹദേവന്‍ ചടയന്‍, എ.ഇമാരായ എ.കെ സജീവ്, രവി അമ്പലത്താഴ, എ. ഷീജിത്ത്, കെ.പി റഷീദ്, വി.കെ ലീന, സീനിയര്‍ ഓവര്‍സിയര്‍ ജോസഫ് ഇല്ലിക്കല്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് കനാല്‍ തുറന്നത്. കനാലിന്റെ പെരുവണ്ണാമൂഴി അക്വഡറ്റിന് സമീപം കരിങ്കല്‍ ഭിത്തി തകര്‍ന്നിരുന്നു. നവീകരണത്തിനായി തൊഴിലുറപ്പ് പദ്ധതിയിലൂടെ അതത് പഞ്ചായത്തുകള്‍ പ്രവൃത്തി ഏറ്റെടുത്ത് ചെയ്യുന്നത് പൂര്‍ത്തിയായിട്ടുമില്ല. ഇതിനിടെയാണ് ഡാം തുറന്നു വിട്ടത്.
ഇത്തവണ ജലവിതരണം കാര്യക്ഷമമായി നടത്താനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ടെന്നു എക്‌സി. എന്‍ജിനീയര്‍ പറയുന്നുണ്ടെങ്കിലും എത്രമാത്രം ഫലപ്രദമാവുമെന്നതില്‍ ആശങ്കയുണ്ട്. കനാലില്‍ ഏറ്റവും കൂടുതല്‍ മണ്ണടിഞ്ഞ ഭാഗത്തു നിന്ന് മണ്ണ്‌നീക്കാന്‍ കരാര്‍ നല്‍കിയിട്ടുണ്ട്.
15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണു പൊതുവായി വകയിരുത്തിയത്. മുളിയങ്ങല്‍, അഞ്ചാം പീടിക, കോട്ടൂര്‍, മൊകേരി ഭാഗങ്ങളിലാണ് പ്രധാന പ്രവൃത്തി നടന്നത്. മുന്‍ കൊല്ലങ്ങളില്‍ ഗുരുതര ചോര്‍ച്ചയും കേടുപാടുകളും കണ്ട കനാല്‍ ഭാഗങ്ങള്‍ എണ്‍പതു ശതമാനം നന്നാക്കിയിട്ടുണ്ട്. ഇരുപത് ശതമാനം പ്രവൃത്തികള്‍ ബാക്കിയുണ്ട്. പൂര്‍ത്തിയായതിനായി 165 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ആദ്യം വടകരക്കുള്ള വലതുകര കനാലാണു തുറന്നത്. മരുതോങ്കരഭാഗത്തെ നെല്‍കര്‍ഷകരുടെ അപേക്ഷ പ്രകാരം കലക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തോത് കുറച്ചാണ് ജലം തുറന്ന് വിട്ടിരിക്കുന്നത്. വലതുകര കനാല്‍ ജലവിതരണം സജീവമായാല്‍ കൊയിലാണ്ടി ഭാഗത്തേക്കുള്ള ഇടതുകര കനാല്‍ തുറക്കും.
ഡാമില്‍ നിന്നു കുറ്റ്യാടിപ്പുഴയിലേക്കും സ്പില്‍വേ വഴി വെള്ളം തുറന്നു വിട്ടിട്ടുണ്ട്. വടകര ഗുളികപ്പുഴയില്‍ ഉപ്പുവെള്ളം നിയന്ത്രിക്കുന്നതിനാണിത്. കനാലില്‍ വെള്ളമെത്തിയാല്‍ മാലിന്യം നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ശല്യം മുന്‍കാലങ്ങളിലുണ്ടായിട്ടുണ്ട്. കനാലിലെ കുളിയും അനുവദനീയമല്ല. ജലസേചനത്തിന് മാത്രമല്ല കുടിവെള്ളവുമാണിത്. കനാല്‍ കടന്ന് പോകുന്ന കിണറുകളില്‍ ജലവിതാനം ഉയരും. മാലിന്യ നിക്ഷേപത്തിനെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എക്‌സി.എന്‍ജിനീയര്‍ അറിയിക്കുന്നു.
കുറ്റ്യാടി ജലസേചന പദ്ധതിക്കു വേണ്ടി ജീവാര്‍പ്പണം നടത്തിയവരെ സ്മരിച്ചും സ്തൂപത്തില്‍ മെഴുകുതിരി കത്തിച്ചും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തതിന് ശേഷമാണ് കനാല്‍ തുറക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."