പൊന്നാനി അങ്ങാടിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുള്ള വികസനം: പ്രതിഷേധം ശക്തമാകുന്നു
പൊന്നാനി: പൊന്നാനി അങ്ങാടിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി വികസനം കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു .പൈതൃകങ്ങളായ കെട്ടിടങ്ങള്‍ കല്‍പ്പാത്തി മാതൃകയില്‍ സംരക്ഷിച്ച് പൊന്നാനിയെ പൈതൃക പദ്ധതിയിലുള്‍പ്പെടുത്തി സംരക്ഷിക്കണമെന്നാണ് ആവശ്യം ശക്തമായിട്ടുള്ളത് . എന്നാല്‍ നഗരസഭയും നാട്ടുകാരില്‍ നല്ലൊരു വിഭാഗവും പൊന്നാനിക്ക് ആധുനിക മുഖം നല്‍കി നഷ്ടപ്പെട്ട കച്ചവടസാധ്യതകള്‍ തിരികെ കൊണ്ടുവരണമെന്ന അഭിപ്രായക്കാരാണ്.
പൊന്നാനി അങ്ങാടിയിലെ കെട്ടിടങ്ങളില്‍ പലതും വളരെ നാമമാത്രമായ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്നവയാണ്. ഇവര്‍ക്കെതിരേ കോടതിയില്‍ പോയിട്ട് പോലും ഒഴിപ്പിക്കാന്‍ പറ്റിയിട്ടില്ല. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയാല്‍ നിലവിലുള്ള വാടകക്കാരെ ഒഴിവാക്കുകയും ബാക്കി ഭൂമി ഉടമസ്ഥര്‍ക്ക് കിട്ടുകയും ചെയ്യും. ആ സാഹചര്യത്തിലാണ് റോഡ് വികസനത്തിന്റെ പേരില്‍ കെട്ടിടങ്ങളില്‍ ചിലത് പൊളിക്കാന്‍ ഉടമകള്‍ തന്നെ സമ്മതപത്രം എഴുതി നല്‍കിയത്. പൊന്നാനി അങ്ങാടിയിലെ കച്ചവടക്കാരില്‍ ഭൂരിഭാഗവും ഈ നശിപ്പിക്കലിനെ എതിര്‍ക്കുന്നത് തങ്ങളുടെ ഉപജീവനമാര്‍ഗം എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന ഭയത്താലാണ്. എന്നാല്‍ കാലോചിതമായി വാടക കൂട്ടി നല്‍കാന്‍ കച്ചവടക്കാര്‍ തയ്യാറാകുന്നുമില്ല .
ഭൂരിഭാഗം കെട്ടിടങ്ങളും ഓടിട്ട മാളികകള്‍ ആണ്. മുകള്‍ നിലകള്‍ പലതും കാലിയുമാണ്. മഴ കൊള്ളിച്ച് കെട്ടിടം തകര്‍ക്കാനായി ഉടമകള്‍ തന്നെ, മുകള്‍ നിലയിലെ ഓട് പൊട്ടിച്ചിടുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട് . മേല്‍ക്കൂരയിലെ കഴുക്കോലിലും കടമ്പിലും (ഭീം) വണ്ണമുള്ള കമ്പക്കയര്‍ കെട്ടി രാത്രി ദൂരെ നിന്ന് വലിച്ചു തള്ളിത്താഴെയിട്ട കെട്ടിടങ്ങളും പൊന്നാനി അങ്ങാടിയില്‍ ഏറെയുണ്ട്. അന്‍പതു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ മാറ്റങ്ങള്‍ വരുത്തുമ്പോഴോ പൊളിക്കുമ്പോഴോ മുന്‍കൂര്‍ അനുമതി വേണം എന്ന നിയമമുണ്ട്. ഇവിടെ അതും പാലിക്കുന്നില്ലെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."