കളിചിരി വഴിമാറിയൊഴുകി; ചമതച്ചാല്‍ കണ്ണീര്‍പുഴയായി
പയ്യാവൂര്‍: അത്യുത്സാഹത്തോടെ ഗ്രാമഭംഗി ആസ്വദിച്ചു കഴിഞ്ഞ കുഞ്ഞുങ്ങളുടെ കളിചിരി വഴിമാറിയത് കണ്ണീര്‍ പുഴയ്ക്ക്. പയ്യാവൂര്‍ ചമതച്ചാല്‍ പുഴയുടെ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കാനിറങ്ങിയ അഞ്ചു കുരുന്നുകളെ പുഴയെടുത്തപ്പോള്‍ പയ്യാവൂര്‍ ചമതച്ചാല്‍ പുഴ നാടിന് ദുരന്തം നല്‍കിയ കണ്ണീര്‍ പുഴയായി. ഇന്നലെവരെ ഗ്രാമത്തില്‍ ചിരിച്ചുല്ലസിച്ച് നടന്നിരുന്ന അഞ്ചു കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാവാതെ വിങ്ങിപൊട്ടുകയാണ് പയ്യാവൂര്‍ ഗ്രാമവും കുട്ടികളുടെ ബന്ധുക്കളും. ഇന്നലെ വൈകുന്നേരം 3.45ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.
ഡല്‍ഹിയില്‍ നിന്ന് അവധിക്കാലം ചിലവഴിക്കാനാണ് ആക്കാംപറമ്പില്‍ കുടുംബത്തിലെ മനോജും കുടുംബവും പയ്യാവൂര്‍ തിരൂരിലെ തറവാട്ടുവീട്ടിലെത്തിയത്. ഡല്‍ഹിയിലെ നഗരതിരക്കില്‍ നിന്ന് നാട്ടിന്‍പുറത്തെത്തിയ അമലിന് ഗ്രാമഭംഗി കാണിച്ചുകൊടുക്കുകയായിരുന്നു കൂട്ടുകാര്‍.
ഇന്നലെ ചമതച്ചാല്‍ പുഴയുടെ തിരൂര്‍ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങുമ്പോള്‍ പതിയിരിക്കുന്ന അപകടം കുട്ടികള്‍ മനസിലാക്കിയിരുന്നില്ല. ബന്ധുക്കളായ അഞ്ചുപേരും പുഴയുടെ ആഴം കുറഞ്ഞ ഭാഗത്ത് നീന്തിതുടിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരു കുട്ടി ഒഴുക്കില്‍പ്പെട്ടത്. ഈ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റു കുട്ടികള്‍ പുഴയില്‍ മുങ്ങിത്താണത്. കുട്ടികളുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് പുഴയില്‍ നിന്ന് കുഞ്ഞുങ്ങളെ കരയ്ക്കു കയറ്റിയതും ആശുപത്രിയിലെത്തിച്ചതും.
ചമതച്ചാല്‍ പുഴയുടെ മണലെടുപ്പാണ് കുട്ടികളുടെ ദാരുണാന്ത്യത്തിനിടയാക്കിയത്. മണലെടുപ്പിന് ശേഷമുണ്ടായ കുഴിയിലാണ് കുട്ടികള്‍ മുങ്ങിത്താണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."