സിറിയന്‍ ജയിലില്‍ 13,000 പേരെ തൂക്കിലേറ്റിയെന്ന് ആംനെസ്റ്റി
ദമസ്‌കസ്: അഞ്ചു വര്‍ഷത്തിനിടെ സിറിയയിലെ സെയ്ദ്‌നായ ജയിലില്‍ 13,000 പേരെ തൂക്കിലേറ്റിയതായി ആംനെസ്റ്റി ഇന്റര്‍നാഷനല്‍. അസദ് ഭരണകൂടത്തിന്റെ കുപ്രസിദ്ധ ജയിലിലാണ് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ആംനെസ്റ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിനെതിരായി പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിനാണ് മിക്കവരെയും തൂക്കിലേറ്റിയത്. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇത് നടപ്പാക്കിയത്. മനുഷ്യക്കുരുതിയുടെ കേന്ദ്രം എന്ന പേരിലാണ് ആംനെസ്റ്റി റിപ്പോര്‍ട്ട്. 84 ദൃസാക്ഷികളുടെ മൊഴികളും റിപ്പോര്‍ട്ടിലുണ്ട്. ജയിലിലെ ഗാര്‍ഡുകള്‍, തടവുകാര്‍, ജഡ്ജിമാര്‍ എന്നിവരുടെ മൊഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2011നും 2015നും ഇടയിലാണ് ഇത്രയും പേരെ വധിച്ചത്. സെല്ലുകളില്‍ 50 ലേറെ പേരെ പാര്‍പ്പിച്ചിരുന്നു.
ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയെന്നും പിന്നീട് തൂക്കിലേറ്റിയെന്നും റിപ്പോര്‍ട്ട് പറയുന്നു. അര്‍ധരാത്രിയാണ് മിക്കവരെയും വധിച്ചത്. നടപടികള്‍ മനുഷ്യത്വപരമായിരുന്നില്ല. സിറിയയില്‍ അസദ് ഭരണകൂടം നടത്തിയ യുദ്ധക്കുറ്റം തെളിയിക്കുന്നതാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണക്കാരാണ്. ഇവര്‍ അസദ് ഭരണത്തിന് എതിരായിരുന്നു.
തൂക്കിലേറ്റിയശേഷം കൊലക്കയറില്‍ 15 മിനുട്ട് വരെ നിര്‍ത്തിയതായി വധശിക്ഷക്ക് ദൃസാക്ഷിയായ മുന്‍ ജഡ്ജി പറഞ്ഞു.
തൂക്കിലേറ്റാന്‍ പര്യാപ്തമായ ശരീരഭാരമില്ലാത്ത യുവാക്കളെയും കൊലപ്പെടുത്തി. തൂക്കിലേറ്റിയശേഷം ഇവരുടെ കാലുകള്‍ വലിച്ചാണ് മരണം ഉറപ്പാക്കിയതെന്ന് ജഡ്ജി പറഞ്ഞു. ജയിലില്‍ യുദ്ധക്കുറ്റവും മാനവികതയ്‌ക്കെതിരേയുള്ള ആക്രമണവും നടന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ജയിലില്‍ ആയിരക്കണക്കിന് തടവുകാരുണ്ട്. ദമസ്‌കസിന് 30 കി.മി വടക്കുള്ള ഈ ജയില്‍ രാജ്യത്തെ എറ്റവും വലിയ തടവുകേന്ദ്രമാണ്.
നേരത്തെ സിറിയന്‍ സര്‍ക്കാരിന്റെ കസ്റ്റഡിയില്‍ 17,700 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് ആംനെസ്റ്റി വെളിപ്പെടുത്തിയിരുന്നു. ഒരു ജയിലില്‍ മാത്രം 13,000 പേരെ തൂക്കിലേറ്റിയെന്ന റിപ്പോര്‍ട്ട് വന്നതോടെ കൊല്ലപ്പെട്ടവരുടെ സംഖ്യ വര്‍ധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."