കിളിമാനൂര്‍ രാജാരവിവര്‍മ്മ സ്മാരക സമുച്ചയം നവീകരിക്കാന്‍ തീരുമാനം
കിളിമാനൂര്‍: രാജാരവിവര്മ്മയുടെപേരിലുളള കിളിമാനൂരിലെ സ്മാരക സമുച്ചയം നവീകരിക്കാന്‍ ലളിത കലാ അക്കാദമി എക്സികൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. രവിവര്‍മ്മ ഗാലറിയില്‍ ചേര്‍ന്ന നിര്‍വ്വാഹക സമതിയോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.രാജാരവിവര്‍മ്മയുടെ പെയിന്റിങുകള്‍, ലിത്തോ പ്രസ്സില്‍ ലഭ്യമായ വസ്തുക്കള്‍,ഒളിയോഗ്രാഫിന്റ ഒര്‍ജിനലുകള്‍,രാജാരവിവര്‍മ്മയുടെ മറ്റു ചിത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പടുത്തിയുള്ള രാജാരവിവര്‍മ്മ ആര്ക്കൈവ്സറ, സമകാലിക കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള ആര്‍ട് ഗാലറി തുടങ്ങിയവ സമുച്ചയത്തിന്റെ ഭാഗമായി ക്രമീകരിക്കാനും വിപുലമായ ലൈബ്രറി ആരംഭിക്കാനും തീരുമാനിച്ചു.ചിത്രകാരന്മാര്ക്ക് താമസിച്ച് ചിത്രരചന നിര്‍വ്വഹിക്കാനുള്ള റസിഡന്‍ഷ്യല്‍ സ്റ്റുഡിയോ, കോട്ടേജുകള്‍ ,ഗസ്റ്റ് റൂമുകള്‍ തുടങ്ങിയവ നിര്‍മിക്കാനും തീരുമാനിച്ചു. അഡ്വ .ബി .സത്യന് എം.എല്‍.എ ബജറ്റില്‍ വകയിരുത്തിയ 25 ലക്ഷം രൂപയുടെ വിനിയോഗത്തെ കുറിച്ചും നിര്‍വാഹക സമിതി ചര്‍ച്ച ചെയ്തു. അക്കാദമി ചെയര്മാന് സത്യപാല്‍ അധ്യക്ഷനായി. വൈസ്ചെയര്‍മാന്‍ നേമം പുഷ്പരാജ്,സെക്രട്ടറി പൊന്ന്യം ചന്ദ്രന്,സാംസ്കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി ബി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."