വീട്ടമ്മയെ ബോധരഹിതയാക്കി സ്വര്‍ണവും പണവും കവര്‍ന്നു
കാഞ്ഞങ്ങാട്: വീട്ടമ്മയെ കഴുത്തുഞെരിച്ച് ബോധരഹിതയാക്കി സ്വര്‍ണവും പണവും കവര്‍ന്നു. ആറര പവന്റെ മാല, രണ്ടു പവന്റെ വള, അരപവന്‍ തൂക്കമുള്ള സ്വര്‍ണ മോതിരം, 3,000 രൂപ എന്നിവയാണ് മോഷണം പോയത്. ഇന്നലെ രാവിലെ 5.30ഓടെ രാവണേശ്വരം വേലാശ്വരത്താണ് സംഭവം.
പ്രദേശത്തെ സഫ്ദര്‍ ഹാഷ്മി ക്ലബ്ബിന് പരിസരത്ത് താമസിക്കുന്ന റിട്ട. നഴ്‌സിങ് അസിസ്റ്റന്റ് വേലായുധന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വേലായുധന്റെ ഭാര്യയായ റിട്ട. നഴ്‌സിങ് സൂപ്രണ്ട് ജാനകിയെയാണ് കവര്‍ച്ചക്കാര്‍ കഴുത്തുഞെരിച്ചു ബോധരഹിതയാക്കിയത്.
വാട്ടര്‍ ടാങ്കില്‍ വെള്ളമില്ലാത്തതിനാല്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനായി ജാനകി പുലര്‍ച്ചെ പുറത്തിറങ്ങിയതായിരുന്നു. ഇത് പ്രവര്‍ത്തിപ്പിച്ച് തിരികെ വീട്ടില്‍ കയറുന്നതിനിടയിലാണ് ഇവരെ ആക്രമിച്ചത്. കഴുത്തിനു കയറിട്ട് മുറുക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിനകത്തു കയറിയ മോഷ്ടാക്കള്‍ സ്വര്‍ണവും പണവും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. വേലായുധന്‍ ഉറക്കമുണര്‍ന്നു പുറത്തിറങ്ങിയപ്പോള്‍ ജാനകിയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊസ്ദുര്‍ഗ് ഡി.വൈ.എസ്.പി കെ. ദാമോദരന്‍, സി.ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.
കഴിഞ്ഞദിവസം രാത്രി വാട്ടര്‍ ടാങ്ക് നിറച്ചശേഷമാണ് ജാനകി ഉറങ്ങാന്‍ കിടന്നതെന്നും കവര്‍ച്ചക്കാര്‍ ആസൂത്രിതമായി വെള്ളം ഒഴുക്കിക്കളഞ്ഞതാണെന്നും പൊലിസ് പറഞ്ഞു. മോഷണം നടക്കുന്ന സമയത്ത് ജാനകിയും ഭര്‍ത്താവ് വേലായുധനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കഴിഞ്ഞ മാസം ചീമേനി പുലിയന്നൂരില്‍ നടന്ന കവര്‍ച്ചക്ക് സമാനമായ രീതിയിലാണ് ഇന്നലത്തെ കവര്‍ച്ച. പുലിയന്നൂരില്‍ കവര്‍ച്ചാ ശ്രമത്തിനിടയില്‍ റിട്ട.അധ്യാപികയെ കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."