പൊറ്റമ്മല്‍-പുത്തൂര്‍മഠം റോഡ് കൈയേറ്റം; അനക്കമില്ലാതെ അധികൃതര്‍
കോഴിക്കോട്: പൊറ്റമ്മല്‍-പുത്തൂര്‍മഠം റോഡില്‍ പാലാഴി ബൈപാസ് മുതല്‍ പുത്തൂര്‍മഠം വരെയുള്ള ആറു കിലോമീറ്ററോളം ദൂരം വരുന്ന സ്ഥലങ്ങളില്‍ വ്യാപകമായി കൈയേറ്റം നടക്കുന്നതായി നാട്ടുകാര്‍. ഇതുസംബന്ധിച്ച് നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
ഒളവണ്ണ പഞ്ചായത്തിലെ പാലാഴി തച്ചറക്കല്‍താഴം മുതല്‍ പെരുമണ്ണ പഞ്ചായത്തിലെ കണ്ടിലേരി വരെ 1986ല്‍ മാമ്പുഴക്ക് കുറുകെ കണ്ണംചിന്നം പാലം നിര്‍മിച്ചിരുന്നു.
ഇതിന്റെ അപ്രോച്ച് റോഡിനു വേണ്ടി 13 മീറ്റര്‍ വീതിയില്‍ ജനങ്ങളില്‍ നിന്നു വിലകൊടുത്ത് കോഴിക്കോട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യു വകുപ്പ് ഏറ്റെടുത്ത ഭൂമിയിലാണ് വ്യാപകമായി കൈയേറ്റം നടന്നത്. എന്നാല്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും പൊതുമരാമത്ത് വകുപ്പ് കൃത്യമായ സര്‍വേ കല്ലുകള്‍ സ്ഥാപിക്കാത്തത് കൈയേറ്റക്കാര്‍ക്ക് തുണയായി.
കണ്ണംചിന്നം പാലത്തിനും തച്ചറക്കല്‍ താഴത്തിനുമിടയിലുള്ള മിനിപ്പാലം എന്നറിയപ്പെടുന്ന വലിയ കലുങ്കുകളുടെ രണ്ടുഭാഗവും കെട്ടിയെടുത്ത നിലയിലാണ്. ഇതു വലിയ വെള്ളക്കെട്ടുകളുണ്ടാകുന്ന സമയങ്ങളില്‍ കീഴുമാട് പ്രദേശങ്ങള്‍ വെള്ളത്തിലാകാന്‍ കാരണമാകും. റോഡരികിലെ മരങ്ങള്‍ക്കൊന്നും നമ്പറിടല്‍ നടത്തിയിട്ടില്ല. പയ്യടിമീത്തല്‍ പഴയ എല്‍.പി സ്‌കൂളിനു സമീപമുള്ള തേക്ക് മുറിച്ചുമാറ്റാനും പി.ഡബ്ല്യു.ഡി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും മണ്ണെടുത്തു മാറ്റാനും ശ്രമം നടന്നപ്പോള്‍ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പി.ഡബ്ല്യ.ഡി സ്ഥലം അളന്നു തിട്ടപ്പെടുത്തണമെന്നും സര്‍വേകല്ല് സ്ഥാപിക്കുകയും മരങ്ങള്‍ക്ക് നമ്പറിടുകയും ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."