പുലി ഭീതിയില്‍ കീഴാറ്റൂര്‍ മുള്ള്യാകുര്‍ശ്ശി; രാത്രിയില്‍ പുറത്തിറങ്ങാനാവാതെ നാട്ടുകാര്‍
പട്ടിക്കാട്: കീഴാറ്റൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലിയെ കണ്ടതായുള്ള വാര്‍ത്തകള്‍ ജനങ്ങളെ ആശങ്കയിലാക്കുന്നു. മുള്ള്യാകുര്ശ്ലി മേല്‍മുറി ഗ്രാമത്തിലാണ് ഏറെ ഭീഷണിയുള്ളത്. ഇവിടെ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലം പരിശോധിക്കുകയും പുലിയുടേതാണെന്ന സംശയത്താല്‍ രാത്രിയില്‍ പുറത്തിറങ്ങി നടക്കരുതെന്ന് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. കഴിഞ്ഞദിവസം പ്രദേശത്തെ
വിവിധ സ്ഥലങ്ങളില്‍ നിന്നായി പുലിയെയും കുട്ടിയേയും നേരില്‍ കണ്ടതായി ദൃക്സാക്ഷികളും പറഞ്ഞിരുന്നു. ഒരാഴ്ച മുന്‍പ് നായ്ക്കളുടെ അസാധാരണ കരച്ചില് കേട്ട് പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങി നോക്കിയപ്പോള്‍ റോഡിലൂടെ നടന്നുപോകുന്ന പുലിയെ കണ്ടതായി സമീപവാസികളായ എം.കെ സനൂബ്, എം. സല്മാന്, എം.കെ മുബശിര്‍ എന്നിവരാണ് സാക്ഷ്യപ്പെടുത്തിയത്. മാത്രമല്ല, പ്രദേശവാസി ചെറുതല സുകുമാരന്റെ ആടിനെ ഇതോടനുബന്ധിച്ച് കാണാതാവുകയും ചെയ്തിരുന്നു.
നേരത്തെ സമീപപ്രദേശങ്ങളായ പള്ളിക്കുത്ത്, നെന്മിനി, ആയിരനാഴിപ്പടി, അമ്മണംചോല ഭാഗങ്ങളിലും പുലിസാന്നിധ്യമുണ്ടായിരുന്നു. ഇതോടെ രാത്രിയില്‍ പുറത്തിറങ്ങാന്‍ പോലുമാകാതെ പരിഭ്രാന്തിയിലാണ് പ്രദേശത്തുകാര്‍.
പുലിയെ പിടികൂടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം മുനീറ ഉമ്മര്‍ വനംവകുപ്പിന് പരാതി നല്കി. ഒരുമാസം മുന്‍പ് പള്ളിക്കുത്ത് ചിറക്കല്‍ പ്രദേശത്തും പുലിയിറങ്ങിയതയി അഭ്യൂഹമുണ്ടായിരുന്നു. ഇതിനു തൊട്ടടുത്ത പ്രദേശമായ മുള്ള്യാകുര്ശ്ലി മലയുടെ താഴ്വാരത്തില്‍ നിന്നും ഒരുവര്‍ഷം മുമ്പ് പുള്ളിപ്പുലിയെ കെണിവച്ച് പിടിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."