സമരം ഒത്തുതീര്‍പ്പാക്കാനായില്ലെങ്കില്‍ ചെറുവള്ളി എസ്റ്റേറ്റ് കൈയ്യേറും: ഐക്യ സമരസമിതി
കോട്ടയം: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്‌റ്റേറ്റില്‍ തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ അധികൃതരും തോട്ടം മാനേജ്‌മെന്റും തയ്യാറായില്ലെങ്കില്‍ തോട്ടം കൈയേറി ടാപ്പിങ് നടത്തി ആദായമെടുക്കുമെന്ന് തൊഴിലാളി ഐക്യസമര സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 70 ദിവസമായി നടന്നു വരുന്ന സമരം മൂലം മിക്ക വീടുകളിലും പട്ടിണിയാണ്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം കുട്ടികളുടെ പഠനം വരെ മുടങ്ങിയിരിക്കുകയാണ്.
രോഗികളെ ചികില്‍സിക്കാന്‍ പോലും ആവുന്നില്ല. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളാണ് പ്രതിസന്ധിയ്ക്കിടയാക്കിയത്. നിയമപരമായ ആനുകുല്യം പോലും നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാവുന്നില്ല. 2005 ഹാരിസണ്‍ കമ്പനിയില്‍ നിന്ന് തോട്ടം വിലയ്ക്കു വാങ്ങിയ ബിലീവേഴ്‌സ് ചര്‍ച്ച് അധികൃതര്‍ കഴിഞ്ഞ വര്‍ഷം വരെ 20 ശതമാനം ബോണസ് നല്‍കിയിരുന്നതാണ്.
നവംബര്‍ 30 ന് ബോണസ് പ്രഖ്യാപിക്കേണ്ട മാനേജ്‌മെന്റ് 29 ന് യൂനിയന്‍ ഭാരവാഹികളെ വിളിച്ച് 10 ശതമാനം മാത്രമേ ബോണസ് തരുകയുള്ളൂ എന്നറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ ഡിസംബറില്‍ തോട്ടത്തിലെ യൂനിയന്‍ ഭാരവാഹികളെ അറിയിക്കാതെ മുണ്ടക്കയത്തുനിന്നുള്ള യൂനിയന്‍ നേതാക്കളെ കൂട്ടുപിടിച്ചാണ് ബോണസ് സംബന്ധിച്ച് ഏകപക്ഷീയമായി നോട്ടീസ് നല്‍കിയതെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
തുടര്‍ന്ന് 10 ശതമാനം ബോണസ് പ്രഖ്യാപിച്ചതിനെതിരേ തൊഴിലാളികള്‍ ചട്ടപ്പടി സമരം ആരംഭിച്ചു.
10 ദിവസം ഈ സമരം തുടര്‍ന്നിട്ടും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടാവാത്തതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനമായ തിരുവല്ലയിലെ ഓഫിസിലേയ്ക്ക് പോവാന്‍ തീരുമാനിച്ചു. എന്നാല്‍ വെണ്ണിക്കുളത്തുവച്ച് തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മാനേജ്‌മെന്റ് ഗുണ്ടകളെ വിട്ട് ആക്രമിച്ചതായും പൊലിസിനെ ഉപയോഗിച്ച് ഓഫിസിനടുത്തെത്തുന്നതിനു മുന്‍പുതന്നെ തടഞ്ഞതായും തൊഴിലാളികള്‍ വ്യക്തമാക്കി.
ഇതേത്തുടര്‍ന്ന് നിലവിലെ മാനേജര്‍ ജോണ്‍ കുര്യന്റെ നേതൃത്വത്തില്‍ ഒന്‍പതു തൊഴിലാളികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. പിന്നീട് ഡിസംബര്‍ 12 മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിന് തൊഴിലാളികള്‍ നോട്ടീസ് നല്‍കുകയുമായിരുന്നു.
പൊലിസിനെയും യൂനിയന്‍ നേതാക്കളെയും മാനേജ്‌മെന്റ് സ്വാധീനിച്ചതായും തൊഴിലാളികള്‍ ആരോപിച്ചു. സമരത്തിലുള്ള തൊഴിലാളികളെ സമ്മര്‍ദ്ധത്തിലാക്കുന്നതിനായി നിരവധി കേസുകള്‍ ചാര്‍ത്തുകയും തൊഴിലാളികളെ ജയിലിലിട്ട് പീഡിപ്പിക്കുകയും ചെയ്തതായും ഇവര്‍ പറഞ്ഞു.
യൂനിയന്‍ നേതാക്കളുടെയും മാനേജ്‌മെന്റിന്റെയും ഒത്തുകളിയും പൊലിസില്‍ നിന്നു പോലും നീതി കിട്ടാത്ത സാഹചര്യത്തില്‍ കുടുംബത്തെ പട്ടിണിയില്‍ നിന്നു രക്ഷിക്കാന്‍ റബര്‍ ടാപ്പ് ചെയ്ത് ഉപജീവനം കണ്ടെത്തുകയല്ലാതെ വേറെ വഴിയില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഐക്യസമരസമിതി ഭാരവാഹികളായ കെ എം സലീം, കെഎ ഉത്തമന്‍, എസ് ബിജു, സി ടി മീരാന്‍, പി സി കൃഷ്ണന്‍ കുട്ടി, ഇ ജി മോഹനന്‍, എന്‍ എസ് പ്രഭാകരന്‍, പി എസ് രമണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."