കോര്‍പറേഷന്റെ പള്ളിക്കുന്ന് സോണലില്‍: സമ്പൂര്‍ണ വാഴകൃഷി
കണ്ണൂര്‍:കോര്പറേഷന് പള്ളിക്കുന്ന് സോണലില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ വാഴകൃഷി ആരംഭിക്കുന്നതിനുള്ള പദ്ധതി ഒരുങ്ങുന്നു. പള്ളിക്കുന്ന് സോണലില്‍ പ്രവര്‍ത്തിക്കുന്ന നൂറിലധികം കുടുംബശ്രീ യൂനിറ്റുകളെ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.
1,80,000 രൂപയാണ് പദ്ധതി നടപ്പാക്കാന്‍ കോര്പറേഷന് നീക്കിവെച്ചിരിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കോര്പറേഷന് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി തുടങ്ങി കഴിഞ്ഞു. പള്ളിക്കുന്ന് സോണലിലെ ഓരോ വീട്ടിലും വാഴകൃഷി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയകരമായി നടപ്പാക്കാനായാല്‍ കോര്പറേഷന് പരിധിയില്‍ മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം. സ്ഥലം കണ്ടെത്തി കുടുംബശ്രീകള്‍ കൂട്ടായി നടത്തുന്ന വാഴകൃഷിക്ക് കോര്പറേഷന് പണമനുവദിക്കും. വാഴകൃഷിക്ക് ഉപയോഗിക്കുന്നതിനുള്ള വളം കോര്പറേഷന് നല്‍കും. കൃഷിക്കാവശ്യമായ നിലമൊരുക്കുന്നതിനും വളമിടുന്നതിനുമെല്ലാം കോര്പറേഷന് ആരോഗ്യ വിഭാഗവും കൃഷി ഓഫിസര്‍മാരും മാര്‍ഗനിര്‍ദേശം നല്‍കും. പള്ളിക്കുന്ന് സോണലിനെ വാഴപ്പഴ സ്വയംപര്യപ്തതയിലേക്ക് എത്തിക്കുന്നതിനു പുറമെ വാഴയുടെ മറ്റ് ഭാഗങ്ങളുടെ ക്രിയാത്മക ഉപയോഗവും എങ്ങനെ സാധ്യമാക്കാനാവുമെന്ന് കോര്പറേഷന് പരിശോധിക്കുന്നുണ്ട്.
പള്ളിക്കുന്ന് സോണലില്‍ സമ്പൂര്‍ണ വാഴകൃഷി പദ്ധതി നടപ്പാക്കുന്നതിനുള്ള ഗുണഭോക്തൃ ലിസ്റ്റ് കോര്പറേഷന് ഭരണസമിതിയോഗം അംഗീകരിച്ചു. പൂര്‍ണമായും ജൈവകൃഷി രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക. സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യം റീസൈക്ലിങ് നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റീ സൈക്ലിങ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്താനും കോര്പറേഷന് നീക്കം തുടങ്ങി. എല്ലാ കോര്‍പറേഷനുകളിലും നിര്‍ബന്ധമായും പ്ലാസ്റ്റിക് റീ സൈക്ലിങ് പാര്‍ക്കുകള്‍ തുടങ്ങണമെന്ന ശുചിത്വ മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കണ്ണൂരിലും പാര്‍ക്കിങ്ങിനു സ്ഥലം കണ്ടെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."