HOME
DETAILS

അകത്തെ തടവറയാണ് അസ്വസ്ഥതകളുടെ കലവറ

  
backup
May 29 2016 | 10:05 AM

%e0%b4%85%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%b5%e0%b4%b1%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%85%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%a4

തെളിയിക്കപ്പെടാത്ത ഒരു കുറ്റത്തിന്റെ പേരിലാണ് ശ്രേഷ്ഠനായ ആ യോഗിവര്യന്‍ അഴിക്കുള്ളിലായത്. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും അധികൃതര്‍ അദ്ദേഹത്തിന് മോചനം നല്‍കിയില്ല. എന്തോ ഭീകരകൃത്യം ചെയ്ത ആളെന്ന മട്ടിലായിരുന്നു അദ്ദേഹത്തോടുള്ള അവരുടെ പെരുമാറ്റങ്ങളും സമീപനങ്ങളും. എങ്കിലും ആ യോഗിക്ക് സങ്കടങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നതാണത്ഭുതം. എപ്പോഴും നിറഞ്ഞ സന്തോഷത്തില്‍ മാത്രം അദ്ദേഹം കാണപ്പെട്ടു. ഇതു പലപ്പോഴും ശ്രദ്ധയില്‍പ്പെട്ട കാവല്‍ക്കാരന്‍ ഒരിക്കല്‍ യോഗിയോട് ചോദിച്ചു: ''എങ്ങനെയാണ് സദാസമയവും സന്തുഷ്ടനായിരിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നത്. അഴിക്കുപുറത്തുനില്‍ക്കുന്ന ഞങ്ങള്‍ക്കാര്‍ക്കുമില്ലാത്ത സന്തോഷമാണല്ലോ എപ്പോഴും അഴിക്കുള്ളില്‍ നില്‍ക്കുന്ന നിങ്ങള്‍ക്കുള്ളത്...?''


''അതിനൊരു കാരണമുണ്ട്.'' യോഗി വിശദീകരിച്ചു: ''ഞാന്‍ നിങ്ങളെയൊക്കെ കാണുന്നത് ജയിലറയ്ക്കു പുറത്തായല്ല ജയിലറക്കുള്ളിലായാണ്. ഞാന്‍ എന്നെ കാണുന്നത് ജയിലറയ്ക്കുള്ളിലായല്ല, ജയിലറയ്ക്കു പുറത്തായാണ്. ഈ ഇരുമ്പഴികള്‍ക്കരികെനിന്ന് നോക്കുമ്പോള്‍ നിങ്ങളെല്ലാം എന്റെ മുന്നില്‍ തടവുകാര്‍. ഞാന്‍ സ്വതന്ത്രന്‍. നിങ്ങള്‍ അകത്ത്. ഞാന്‍ പുറത്ത്. ഒരിക്കലും നിങ്ങള്‍ക്കെന്നെ അകത്താക്കാന്‍ കഴിയില്ല. നിങ്ങള്‍ അകത്താണെന്ന് കരുതുന്ന ഇടം എനിക്ക് പുറത്താണ്. അതിനാല്‍ നിങ്ങളെന്നെ അകത്താക്കിയാല്‍ ഞാന്‍ തല്‍ക്ഷണം പുറത്താകും!''


തടവ് സൃഷ്ടിക്കുന്ന അറയാണല്ലോ തടവറ. ആ അറക്കുള്ളിലെത്തിയവന് മുന്നോട്ടുപോകാന്‍ കഴിയില്ല. മുന്നോട്ടു പോകുമ്പോള്‍ തടയായി, മറയായി മുന്നില്‍ അറയുണ്ടാകും. അറ മുറിച്ചുകടക്കാന്‍ കഴിയുമ്പോഴാണ് ശരിക്കും സ്വാതന്ത്ര്യം ലഭിക്കുക. അപ്പോള്‍ അറ ഒരു മറ തന്നെ. ശരീരത്തിന്റെ സഞ്ചാരത്തിനു മുന്നിലാണ് ആ മറ വരുന്നതെങ്കില്‍ അത് ശരീരത്തിന്റെ തടവറയാണ്. മനസിന്റെയും ചിന്തയുടെയും സഞ്ചാരത്തിനു മുന്നിലാണ് ആ മറ വരുന്നതെങ്കില്‍ അത് മനസിന്റെയും ചിന്തയുടെയും തടവറയാണ്.


ശരീരത്തിന്റെ തടവറ പുറത്താണെങ്കില്‍ മനസിന്റെ തടവറ അകത്താണെന്നു പറയാം. പുറത്തെ തടവറയെക്കാള്‍ ഭയാനകമാണ് അകത്തെ തടവറ. അതായത്, ശരീരം തടവറയിലാകുന്നതിനെക്കാള്‍ ഭീകരവും ഭീതിതവുമാണ് മനസും ചിന്തയും തടവറയിലാകുന്നത്. കാരണം, ശരീരത്തിന്റെ വ്യവഹാരമണ്ഡലത്തേക്കാള്‍ വിശാലമാണ് മനസിന്റെ വ്യവഹാരമണ്ഡലം. ശരീരത്തിന് സഞ്ചരിക്കാന്‍ കഴിയുന്നതിനെക്കാള്‍ ദൂരം മനസിനു സഞ്ചരിക്കാന്‍ കഴിയും. ശരീരത്തിന്റെ സഞ്ചാരത്തെ പോലും നിയന്ത്രിക്കുന്നത് മനസിന്റെ സഞ്ചാരമാണ്. മനസ് തടവറയിലായാല്‍ ശരീരത്തിന് സഞ്ചരിക്കാന്‍ കഴിയില്ല. ശരീരം തടവറയിലായാല്‍ മനസിന് സഞ്ചരിക്കാന്‍ കഴിയില്ലെന്നില്ല.


ചിലപ്പോള്‍ ശരീരം തടവറയിലായിരിക്കാം. മനസ് ചക്രവാള സീമകള്‍ ഭേദിച്ചുള്ള സഞ്ചാരത്തിലുമാകാം. ജയിലറയ്ക്കുള്ളില്‍വച്ച് വാള്യങ്ങളോളം വരുന്ന മഹാഗ്രന്ഥങ്ങളെഴുതിയ മഹാന്മാര്‍ അതിനുദാഹരണങ്ങളാണ്. ചിലപ്പോള്‍ ശരീരം സ്വതന്ത്രമായിരിക്കും. മനസ് തടവറയ്ക്കുള്ളിലുമായിരിക്കും. ഒരു തുണ്ട് കയറില്‍ ജീവിതം അവസാനിക്കുന്നവര്‍ ഇതിന്നുദാഹരണങ്ങളാണ്.


പുറത്തെ തടവറ ചിലര്‍ക്ക് സ്വസ്ഥതയുടെ മണിയറയായിരിക്കും. എന്നാല്‍ അകത്തെ തടവറ എല്ലാവര്‍ക്കും അസ്വസ്ഥതയുടെ കലവറയാണ്. അപ്പോള്‍ യഥാര്‍ഥ സ്വാതന്ത്ര്യവും പാരതന്ത്ര്യവും പുറത്തല്ല, അകത്താണെന്നു വരുന്നു. ഒന്നുകൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍, മനസിന്റെ സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം. മനസിന്റെ പാരതന്ത്ര്യമാണ് പാരതന്ത്ര്യം. മനസ് സ്വതന്ത്രമായവനെ ഏതു ഇടുങ്ങിയ ജയിലറയ്ക്കുള്ളില്‍ കൊണ്ടുപോയി തള്ളിയാലും അയാള്‍ക്കത് മണിയറയായിരിക്കും, പ്രവിശാലലോകമായിരിക്കും. മനസ് സ്വതന്ത്രമല്ലാത്തവന്‍ ഏതു വിശാലലോകത്തുചെന്നാലും അവന്നത് ജയിലറയായിരിക്കും. ഇടുങ്ങിയ ലോകമായിരിക്കും.
ഇവിടെ വലിയൊരു വൈചിത്ര്യമുണ്ട്. ശരീരത്തെ പിടിച്ചിടുന്ന തടവറയെക്കാള്‍ വലുതും ഭയാനകവുമാണല്ലോ മനസിനെ പിടിച്ചിടുന്ന തടവറ. ശരീരത്തെ പിടിച്ചിടുന്ന തടവറയില്‍ ചെല്ലാന്‍ ആര്‍ക്കും ഇഷ്ടമില്ല. എന്നാല്‍ മനസിനെ പിടിച്ചിടുന്ന തടവറയില്‍നിന്ന് രക്ഷപ്പെടാനും ആര്‍ക്കും താല്‍പര്യമില്ല. ചെറിയ തടവറ വേണ്ടാ, വലിയ തടവറ മതിയെന്ന് പറയാതെ പറയുന്ന അവസ്ഥ! ചെറിയ തടവറ മറ്റുള്ളവര്‍ ഉണ്ടാക്കുന്നതാണ്, വലിയ തടവറ അവനവന്‍ ഉണ്ടാക്കുന്നതാണ് എന്നതാണോ ഇതിനുള്ള കാരണം. കാക്കയ്ക്ക് തന്‍കുഞ്ഞുതന്നെയാണ് പൊന്‍കുഞ്ഞ് എന്നൊക്കെ പറയാറുണ്ടല്ലോ.


ചിലര്‍ അധികാരത്തിന്റെയും സ്ഥാനമാനങ്ങളുടെയും തടവറയില്‍ ജീവിതം തീര്‍ക്കുന്നു. മറ്റുചിലര്‍ സമ്പത്തിന്റെ തടവറയില്‍. വേറെ ചിലര്‍ ജഡികേച്ഛകളുടെ തടവറയിലാണ്. ഈ തടവറയ്ക്കുള്ളില്‍നിന്ന് അവര്‍ക്ക് ഒരുനേരത്തും മോചനമില്ല. വേറൊരു കാര്യത്തിലും അവര്‍ക്ക് ശ്രദ്ധ കിട്ടുന്നില്ല. ഉറക്കിലും ഉണര്‍വിലും അവര്‍ കാണുന്നത്, ചിന്തിക്കുന്നത്, ശ്രദ്ധിക്കുന്നത് പണമാണ്, അധികാരമാണ്, ജഡികമോഹങ്ങളെ സംബന്ധിച്ചാണ്. പ്രവിശാലമായ ഈ ലോകം അവരുടെ ശ്രദ്ധയില്‍ വരുന്നില്ല. പൂത്തുലഞ്ഞുനില്‍ക്കുന്ന പൂക്കളും കളകൂജനങ്ങളുതിര്‍ക്കുന്ന പറവകളും കളകളാരവം പൊഴിച്ചു നീങ്ങുന്ന കുഞ്ഞരുവികളും അവരുടെ ശ്രദ്ധയ്ക്കു വിഷയമാകുന്നില്ല. ഏതു നേരത്തും അവരുടെ ചിന്ത തങ്ങള്‍ സ്വയം നിര്‍മിച്ചുണ്ടാക്കിയ തടവറയെകുറിച്ചുമാത്രം. മൗലാനാ ജലാലുദ്ദീന്‍ റൂമി(റ)യുടെ വരികള്‍ നോക്കുക:


'ഈന്‍ സറാ വൊ ബാഗെ തൂ സിന്താനെ തുസ്ത്
മുല്‍കൊ മാലെ തൂ ബലായെ ജാനെ തുസ്ത് '
(നിന്റെ ഈ മാളികയും ഉദ്യാനവും നിന്റെ കാരാഗൃഹമാണ്. നിന്റെ അധികാരവും സമ്പത്തും നിന്റെ ആത്മാവിനു വിപത്താണ്.)
ഭൗതികപ്രമത്തതയെ വിജയപാതയില്‍ നിലകൊള്ളുന്ന തടസമായി ഗണിക്കണം. ഭൗതികതയോടുള്ള അവിശുദ്ധമായ പ്രണയം ലക്ഷ്യത്തില്‍നിന്നകറ്റുകയാണു ചെയ്യുക. കഴുത്തിലണിയുന്ന പൊന്നാഭരണങ്ങള്‍ ഒരുപക്ഷേ, അലങ്കാരമാണെന്നു തോന്നാം. സത്യത്തില്‍ അത് അലങ്കാരവും സൗന്ദര്യവുമല്ല, നമ്മെ പിടിച്ചുകെട്ടിയിരിക്കുന്ന ചങ്ങലകളാണ്. ഈ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ മധുചഷകം വാങ്ങി നുണയാന്‍ ധൈര്യമുള്ളവരെത്രയുണ്ട്?
പണം നമുക്ക് പറക്കാനുള്ള ചിറകുകളാണെന്നു തോന്നാം. സത്യത്തില്‍ അതു ചിറകുകളല്ല, പറക്കാനുള്ള നമ്മുടെ ചിറകുകളെ അരിഞ്ഞുകളയുന്ന കത്തിയാണ്. പണത്തിന്റെ താങ്ങാഭാണ്ഡം മനസിലേറ്റി നടക്കുന്നവന് സ്വാതന്ത്ര്യത്തിന്റെ അതിരുകളില്ലാത്ത ആകാശത്തുകൂടെ സൈ്വരമായി പറക്കാന്‍ കഴിയില്ല. കൈയില്‍ ലഗേജുണ്ടായാല്‍ സുഖമായി പറക്കാനും നടക്കാനും സാധിക്കില്ലല്ലോ.


കെട്ടിപ്പൊക്കുന്ന മണിമാളികകള്‍ നമ്മുടെ കണ്ണില്‍ സ്വര്‍ഗമായിത്തോന്നാം. സത്യത്തില്‍ അത് മണിമാളികയല്ല, നമ്മുടെ കാരാഗൃഹമാണ്. അതിനോടുള്ള ആഗ്രഹത്തിലും താല്‍പര്യത്തിലും ബന്ധനസ്ഥരാണു നമ്മള്‍. അതുകൊണ്ടാണല്ലോ മണിമാളികകളില്‍ താമസിക്കുന്ന പലര്‍ക്കും ജയിലറയ്ക്കുള്ളിലെ മുട്ടുശാന്തിപോലും ലഭിക്കാതെ പോകുന്നത്. പീടികത്തിണ്ണയിലന്തിയുറങ്ങുന്നവരുടെ സന്തോഷം പോലും ജീവിതത്തില്‍ അവര്‍ക്കില്ലാതെ പോകുന്നത്.


ആത്മാവിനെ സംബന്ധിച്ചിടത്തോളം സമ്പത്തും അധികാരവും വിപത്തുതന്നെ. അവ രണ്ടുമുണ്ടാകുമ്പോള്‍ ആത്മാവിന് പട്ടിണിയായിരിക്കും. അസ്വസ്ഥതകളും വേദനകളുമായിരിക്കും. കാരണം, അതിന്റെ ആഗ്രഹങ്ങളും മോഹങ്ങളും സമ്പത്തിന്റെയും അധികാരത്തിന്റെയും സാന്നിധ്യത്തില്‍ നടക്കില്ല. മനുഷ്യന്‍ പലപ്പോഴും തിന്മയിലേക്ക് കൂപ്പുകുത്തുന്നത് ഇത്തരം കാര്യങ്ങളിലൂടെയാണ്. അതിനാല്‍ എന്തു ചെയ്യണം? ജലാലുദ്ദീന്‍ റൂമി(റ) തന്നെ പറയട്ടെ:


ബന്ത് ബുഗുസല്‍ ബാശ് ആസാദേ പിസര്‍
ചന്ത് ബാശീ ബന്തെ സീമോ ബന്തെ സര്‍
(പൊന്നുമോനേ, ചങ്ങലകള്‍ പൊട്ടിച്ചെറിയുക. സ്വതന്ത്രനാവുക നീ. ഈ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ബന്ധനത്തില്‍ എത്രകാലമെന്നുവച്ചാ നീ കഴിഞ്ഞുകൂടുക.)
ശരീരത്തിന്റെ സഞ്ചാരത്തെ തടയുന്ന അറകളുണ്ടായാലും മനസിന്റെ സഞ്ചാരത്തെ തടയുന്ന അറകള്‍ നമുക്ക് വേണ്ടാ. ശരീരത്തിന്റെ സഞ്ചാരത്തെ തടയുന്ന അറകള്‍ മറ്റുള്ളവര്‍ സൃഷ്ടിക്കുന്നതാണെങ്കില്‍ മനസിന്റെ സഞ്ചാരത്തെ തടയുന്ന അറകള്‍ അവനവന്‍ തന്നെ സൃഷ്ടിക്കുന്നതാണ്. അവനവന്‍ സൃഷ്ടിക്കുന്നതായതുകൊണ്ട് അവനവനു മാത്രമേ അതു തകര്‍ക്കാനും കഴിയുകയുള്ളൂ. പക്ഷേ, ആ അറകള്‍ തകര്‍ക്കാന്‍ കറകളില്ലാത്ത മനസ് വേണം. കറ മാറിയാല്‍ അറയെന്ന മറ കീറുക പ്രയാസകരമായിരിക്കില്ല. കറ കളയാന്‍ ചൊറ കാണുമെങ്കിലും ബേജാറ് വേണ്ട. അല്‍പം ചൊറ സഹിച്ചാലും കറ കളഞ്ഞുകഴിഞ്ഞാല്‍ മറ മാറിപ്പോകും. പിന്നെ ചൊറകളും മറകളുമില്ലാതെ നേരെ സ്വര്‍ഗത്തിലേക്ക് പറപറക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago