യെച്ചൂരിയുടെയും കാരാട്ടിന്റെയും രേഖകളില്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച തുടങ്ങി
ന്യൂഡല്‍ഹി: മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിന് കൊല്‍ക്കത്തയില്‍ തുടക്കമായി. കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച ബദല്‍ രേഖയിലും പ്രകാശ് കാരാട്ട് അവതരിപ്പിച്ച ഭൂരിപക്ഷരേഖയിലും യോഗം ചര്‍ച്ചതുടങ്ങി. കോണ്‍ഗ്രസുമായുള്ള സഹകരണം മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് കാരാട്ടിന്റെ രേഖ.
തെരഞ്ഞെടുപ്പിലും അല്ലാതെയും കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള ധാരണയോ സഖ്യമോ പാടില്ലെന്ന് ആണയിടുന്നതാണ് കാരാട്ട് അവതരിപ്പിച്ച രേഖ. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിച്ച് മുന്നേറ്റം സാധ്യമാക്കണം. കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാടുന്ന സംസ്ഥാനങ്ങളില്‍ വിജയസാധ്യതയുള്ള സീറ്റുകളില്‍ മാത്രം മത്സരമെന്നും കാരാട്ടിന്റെ രേഖ നിര്‍ദേശിക്കുന്നു. അതേസമയം, സമവായ നീക്കത്തിലൂടെ രാഷ്ട്രീയ രേഖയ്ക്ക് രൂപം കൊടുക്കണമെന്ന തന്ത്രപരമായ നിര്‍ദേശമടങ്ങുന്നതാണ് യെച്ചൂരിയുടെ ബദല്‍ രേഖ. പൊതു തെരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാല്‍ എന്ത് തീരുമാനമെടുക്കുമെന്നും രേഖയിലൂടെ യെച്ചൂരി ചോദിക്കുന്നു.
ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ രേഖയ്ക്ക് അംഗീകാരം നല്‍കേണ്ട അവസാന കേന്ദ്ര കമ്മിറ്റി യോഗമെന്നതാണ് ഇന്നലത്തെ യോഗത്തിന്റെ പ്രത്യേകത. കാരാട്ട് പക്ഷം അയയാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ രണ്ട് രേഖയും പാര്‍ട്ടി കോണ്‍ഗ്രസിലും ചര്‍ച്ചയാക്കാനുള്ള നീക്കമായിരുന്നു യെച്ചൂരിയുടേത്.
എന്നാല്‍ തര്‍ക്കം തുടര്‍ന്നാല്‍ ഏത് രേഖ വേണമെന്നത് വോട്ടിനിട്ട് തീരുമാനിക്കണമെന്ന നിലപാട് കാരാട്ട് പക്ഷം സ്വീകരിച്ചതോടെയാണ് മയപ്പെടുത്തി സമവായനീക്കം യെച്ചൂരി തുടങ്ങിയത്.
രണ്ടു രേഖയിലേയും പ്രധാന നിര്‍ദേശങ്ങള്‍ കൂട്ടി ചേര്‍ത്ത് ഒരൊറ്റ രേഖയാക്കാനായിരുന്നു കഴിഞ്ഞ കേന്ദ്ര കമ്മിറ്റി പൊളിറ്റ് ബ്യൂറോയോട് നിര്‍ദേശിച്ചത്. എന്നാല്‍ കാരാട്ടും കേരളഘടകവും പൊളിറ്റ്ബ്യൂറോ യോഗത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാതിരുന്നതോടെ രണ്ട് രേഖകളും വീണ്ടും കേന്ദ്ര കമ്മിറ്റിയിലേക്കു വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."