ഏനാത്ത് ബെയ്‌ലി പാലം നിര്‍മിക്കാന്‍ കേന്ദ്രം സൈന്യത്തിന് നിര്‍ദേശം നല്‍കി
കൊട്ടാരക്കര: ഏനാത്തെ യാത്രാക്ലേശം പരിഹരിക്കാന്‍ ബെയ്‌ലി പാലം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഡെപ്യൂട്ടി കമാന്‍ഡന്റ് ഗൗതംഗൂഹയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെ മലിട്ടറി എന്‍ജിനിയറിങ് വിഭാഗം എത്തി നിര്‍മ്മാണം സംബന്ധിച്ച് അന്തിമ രൂപം നല്‍കും.
സാധാരണ ബെയ്‌ലി പാലം നിര്‍മിച്ചാല്‍ കാല്‍നട മാത്രമെ സാധ്യമാകൂ എന്നുള്ളതിനാല്‍ ക്ലാസ് 40 ടണ്‍ വിഭാഗത്തിലുള്ള പാലമായിരിക്കും നിര്‍മിക്കുന്നത്. മുന്‍പ് റാന്നിയില്‍ നിര്‍മ്മിച്ചത് 40 ടണ്‍ വിഭാഗത്തിലുള്ളതായിരുന്നു. ഇത്തരമൊരു പാലം നിര്‍മിക്കാന്‍ സൈന്യത്തിന് ആകെ വേണ്ടിവരുന്നത് രണ്ടാഴ്ച സമയമാണ്.
യുദ്ധകാലാടിസ്ഥാനത്തിലാണങ്കില്‍ ഒരാഴ്ച കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. സ്ഥലം സന്ദര്‍ശിച്ച് രൂപരേഖ തയ്യാറാക്കിയാല്‍ മിലിട്ടറിയുടെ മദ്രാസ് എന്‍ജിനീയര്‍ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബാംഗ്ലൂരില്‍ നിന്ന് പാലം നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ എത്തിക്കും.
സംസ്ഥാന സര്‍ക്കാരിന് വലിയ മുതല്‍മുടക്കില്ലന്നാണ് ഏറ്റവും ശ്രദ്ധേയം. ബാംഗ്‌ളൂരില്‍ നിന്ന് സാധനം എത്തിക്കുന്നതിനുള്ള സിവില്‍ ട്രക്കിന്റെ വാടകയും നിര്‍മാണത്തിന് എത്തുന്ന സൈനികര്‍ക്ക് താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യവും വഹിച്ചാല്‍ മതിയാകും. പാലം പൂര്‍ത്തിയാകുന്നതോടെ എം.സി റോഡ് വഴിയുള്ള യാത്രാക്ലേശം പൂര്‍ണ്ണമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."