പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് പദ്ധതിയുടെ പൈലറ്റ് പൂര്‍ത്തീകരണവും 45,000 ക്‌ളാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന്റേയും ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്‌ളബുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കാനാവുമെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രത്യേകത. ലോകത്തെവിടെയുമുള്ള മികച്ച വിദ്യാഭ്യാസം കേരളത്തിലെ പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടിക്ക് ലഭിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ വിതരണവും ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായി. ധനമന്ത്രി ഡോ. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി.
മന്ത്രി ടി.പി. രാമകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍, ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സി. ഇ.ഒ ഡോ. പി.കെ. ജയശ്രീ, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പ്രൊഫ. എ. ഫാറൂഖ്, കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."