കല്ലൂര്‍ കൊമ്പന്‍ പറമ്പികുളത്ത് കൊണ്ടുപോവുന്നത് സംബന്ധിച്ച് തീരുമാനമായില്ല
സുല്‍ത്താന്‍ ബത്തേരി: മയക്കുവെടിവച്ച് മുത്തങ്ങ ആനപന്തിയില്‍ തളച്ച കല്ലൂര്‍ കൊമ്പനെ പറമ്പികുളത്തെ വനത്തില്‍ തുറന്നുവിടണമെന്ന വനംവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറിയുടെ ഉത്തരവ് എന്ന് നടപ്പിലാക്കുമെന്ന് കാത്തിരുന്ന കാണണം. അഞ്ചുദിവസത്തിനകം ഡോക്ടര്‍, കുങ്കിയാനകളടക്കം എല്ലാവിധ സന്നാഹങ്ങളോടുംകൂടി പറമ്പികുളത്തെത്തിച്ച് തുറന്ന് വിടണമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ പറമ്പികുളം കടുവസങ്കേതത്തിനുള്ളില്‍ വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പാതയില്ലാത്തതാണ് എന്ന് കൊണ്ടുപോകുമെന്നതിനെകുറിച്ച് വ്യകതത വരാന്‍ വൈകുന്നത്.
നിലവില്‍ പറമ്പികുളം വനഭാഗത്ത് വാഹനത്തിന് എത്തിച്ചേരണമെങ്കില്‍ തമിഴ്‌നാട്ടിലെ ശിരുവാണി, കോയമ്പത്തൂര്‍, ആനമലൈ എന്നീ വന ഡിവിഷനുകളില്‍ ഒന്നിലൂടെ വേണം. പക്ഷേ ഇതിലൂടെ ആനയെയുംകൊണ്ട് പറമ്പികുളം വനത്തില്‍ പ്രവേശിക്കണമെങ്കില്‍ തമിഴ്‌നാട് വനംവകുപ്പിന്റെ അനുമതി വേണം. ഇവിടങ്ങളില്‍ ജനവാസകേന്ദ്രങ്ങള്‍ ഫോറസ്റ്റിന് സമീപത്ത് ഉണ്ടെന്നതിനാല്‍ പ്രവേശനാനുമതി തമിഴ്‌നാട് വനംവകുപ്പ് തരുമോ എന്നതിനെ കുറിച്ച് ആശങ്കയുമുണ്ട്. നെല്ലിയാമ്പതി വഴിപോകണമെങ്കിലും ഇതേപ്രശ്‌നം ഉണ്ട്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപെട്ട ചര്‍ച്ചകളാണ് നടക്കുന്നത്. ഇതുസംബന്ധിച്ച് വ്യക്തത വന്നാലെ കല്ലൂര്‍ കൊമ്പനെ എന്ന് ഇവിടെനിന്നും കൊണ്ടുപോകുമെന്ന് തീരുമാനമാവു. കൂടാതെ 300 കിലോമീറ്റര്‍ ദൂരം ലോറിയില്‍ ആനയെ കൊണ്ടുപോകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണ്. ചൂടുകാലമായതിനാല്‍ മയക്കി ലോറിയില്‍ നിര്‍ത്തി കൊണ്ടുപോകുകയെന്നാല്‍ ആനയുടെ ആരോഗ്യസ്ഥിതിയെ ബാധിക്കുമെന്നും അഭിപ്രായമുണ്ട്. അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വയനാട്ടില്‍ നിന്നു പിടികൂടിയ ആനയെ പറമ്പികുളത്തെത്തിച്ച് തുറന്നുവിട്ടെങ്കിലും കുറച്ച് മാസങ്ങള്‍ക്കകം അത് ചരിഞ്ഞിരുന്നു. ആനയെ തുറന്നുവിടുക മാത്രമാണ് അന്ന് ചെയ്തത്. ആവശ്യമായ നടപടികള്‍ ക്രമീകരിച്ചിരുന്നില്ല. അതിനാല്‍ കല്ലൂര്‍ കൊമ്പനെ തുറന്നുവിടുമ്പോള്‍ എല്ലാ കാര്യങ്ങളും സജ്ജീകരിച്ചതിനുശേഷം മാത്രമേ തുറന്നിവിടാവൂ എന്ന് കാണിച്ച് തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് അനിമല്‍ എലിഫന്റ് ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വെങ്കിടാചലം പ്രൊജക്ട് എലഫന്റ് കേന്ദ്ര ഡയറക്ടര്‍ക്ക് കത്തയച്ചിട്ടുമുണ്ട്. ബുധനാഴ്ചയാണ് കല്ലൂര്‍ കൊമ്പനെ തുറന്ന് വിടാന്‍ വനവംകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."