കാരാപ്പുഴ പബ്ലിക് അക്വേറിയം സന്ദര്‍ശകര്‍ക്ക് വിരുന്നായി 29 ഇനം മത്സ്യങ്ങള്‍
അമ്പലവയല്‍: ഫിഷറീസ് വകുപ്പ് അമ്പലവയല്‍ പഞ്ചായത്തിലെ കാരാപ്പുഴ അണക്കെട്ടിനു സമീപം വെള്ളടക്കുന്നില്‍ നിര്‍മിച്ച പബ്ലിക് അക്വേറിയത്തില്‍ സന്ദര്‍കര്‍ക്ക് വിരുന്നായി 29 ഇനം മത്സ്യങ്ങള്‍. അലങ്കാര, നാടന്‍ വിഭാഗങ്ങളില്‍പ്പെടുന്ന മീനുകളെയാണ് 3000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിച്ച അക്വേറിയത്തിലെ സംഭരണികളില്‍ നിക്ഷേപിച്ചിരിക്കുന്നത്. മീനുകളുടെ പ്രദര്‍ശനത്തിനും ബോധവല്‍ക്കരണത്തിനും സജ്ജമാക്കിയ അക്വേറിയത്തില്‍ ടിക്കറ്റ് വച്ച് പ്രവേശനം ആരംഭിച്ചില്ലെങ്കിലും വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു സന്ദര്‍ശകരാണ് ദിനേന എത്തുന്നത്. ഇക്കഴിഞ്ഞ ആറിന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് 111.52 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച അക്വേറിയം നാടിനു സമര്‍പ്പിച്ചത്. ഗ്രീന്‍ ടെറര്‍, കോയി കാര്‍പ്, ടൈഗര്‍ ഷവല്‍ നോസ്, ഒറാന്‍ഡ ഗോള്‍ഡ്, നിയോണ്‍ ടെട്രാ, ഫ്രഷ് വാട്ടര്‍ ഈല്‍, മിസ് കേരള, യലോസണ്‍ കാറ്റ് ഫിഷ്, ആര പൈമ, ടൈഗര്‍ ഒസ്‌കര്‍, പാക്കു, എയ്ഞ്ചല്‍, മലാവി ബയോടോപ്പ്, ടിന്‍ ഫോയില്‍ ബാര്‍ബ്, കരിമീന്‍, റെഡ് പാരറ്റ്, അലിഗേറ്റര്‍ ഗര്‍, ജയന്റ് ഗുരാമി, മലബാര്‍ സ്‌നേക്ക് ഹെഡ്, ഫ്‌ളവര്‍ ഹോണ്‍, സാരിവാലന്‍, ബാര്‍ബ്, ഗിഫ്റ്റ്, റെഡ് ടെയില്‍ ഷാര്‍ക്ക്, ടൈഗര്‍ ഷാര്‍ക്ക്, ടൈഗര്‍ ഒസ്‌കര്‍, റെഡ് സീബ്ര, സില്‍വര്‍ അരോമ എന്നീ ഇനം മത്സ്യങ്ങളാണ് അക്വേറിയത്തിലുള്ളത്. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള മത്സ്യകൃഷിക്കാരില്‍നിന്നു ശേഖരിച്ചതാണ് ഈ ഇനങ്ങളില്‍ ഏറെയുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയക്ടര്‍ ബി.കെ സുധീര്‍കിഷന്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എം ഫൈസല്‍ എന്നിവര്‍ പറഞ്ഞു. അക്വേറിയത്തില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 20ഉം കുട്ടികള്‍ക്ക് 10ഉം രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ഫീസ്. നെല്ലാറാച്ചാല്‍ ആദിവാസി കോളനിയിലെ നാല് യുവതികള്‍ക്കാണ് അക്വേറിയം സൂക്ഷിപ്പ് ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."