വനംമന്ത്രിയെ കാത്ത് പരാതിക്കെട്ടുകളുമായി കര്‍ഷകരും ആദിവാസികളും
നിലമ്പൂര്‍: ഈ മാസം 18ന് വനംവകുപ്പിന്റെ വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനായി നിലമ്പൂരിലെത്തുന്ന വനംമന്ത്രി കെ. രാജുവിന് നല്‍കാന്‍ പരാതിക്കെട്ടുകളുമായി കര്‍ഷകരും ആദിവാസികളും. മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഒരു തവണ നിലമ്പൂര്‍ സന്ദര്‍ശിച്ചെങ്കിലും അന്നു വനംവകുപ്പിന്റെ ഔദ്യോഗികമായ പരിപാടിക്കു വേണ്ടിയല്ല മന്ത്രി എത്തിയിരുന്നത്.
വേനല്‍ കടുത്തതോടെ വന്യമൃഗശല്യം അടക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇതിനു പരിഹാരം കാണണമെന്ന ആവശ്യമാണ് പ്രധാനമായും കര്‍ഷകര്‍ ഉന്നയിക്കുക. നിലമ്പൂരിലെ വന്യമൃഗശല്യം പരിഹരിക്കാന്‍ കഴിഞ്ഞ ബജറ്റ് സമയത്ത് നിലമ്പൂര്‍ സന്ദര്‍ശിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. മലയോര മേഖലകളിലെ കര്‍ഷകര്‍ വന്യമൃഗശല്യം മൂലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. വഴിക്കടവ് പഞ്ചായത്തില്‍ വ്യാഴാഴ്ച കര്‍ഷക കൂട്ടായ്മ നടന്നിരുന്നു. വന്യമൃഗശല്യം ഉള്‍പ്പെടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പ് കാലങ്ങളില്‍ നേതാക്കള്‍ പ്രചരണം നടത്താറുണ്ടെങ്കിലും ഏതു മുന്നണി ഭരിച്ചാലും കര്‍ഷകന്റെ പ്രശ്‌നത്തിന് മാത്രം മെല്ലേപ്പോക്ക് നയമാണ് സ്വീകരിച്ചുവരുന്നത്. തങ്ങളുടെ കൃഷിയിടത്തിലെ കൃഷി സംരക്ഷിക്കുന്നതിന് ശാശ്വതമായ പരിഹാരമാണ് വനംമന്ത്രിയുടെ ഭാഗത്തുനിന്നു കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്.
വിവിധ കര്‍ഷക സംഘടനകള്‍ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് അന്നു മന്ത്രിക്ക് നേരില്‍ കാണും. വനം അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവരും മന്ത്രിയെ കാണും. 1977നു മുന്‍പുള്ള തങ്ങളുടെ ഭൂമിയില്‍ അവകാശവാദം ഉന്നയിക്കാനുള്ള വനംവകുപ്പിന്റെ ചില ഭാഗങ്ങളില്‍ നടത്തുന്ന സര്‍വെ ഉള്‍പ്പെടെയുള്ള നീക്കത്തിലുള്ള പ്രതിഷേധവും ഇവര്‍ ഉന്നയിക്കും. മാവോയിസ്റ്റ് ഭീഷണിയും മറ്റും നിലനില്‍ക്കെ കാട്ടുവിഭവങ്ങള്‍ ശേഖരിക്കാന്‍ വനത്തില്‍ പോകാന്‍ കഴിയാതെ ദുരിത മനുഭവിക്കുന്ന ആദിവാസികളും തങ്ങളുടെ പരാതി മന്ത്രിയെ നേരിട്ടറിയിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. എന്‍.ഒ.സിയുടെ പേരില്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും കര്‍ഷകര്‍ പരാതി നല്‍കുമെന്നാണ് സൂചന. ഫയര്‍ലൈന്‍ ഉള്‍പ്പെടെയുള്ള വനത്തിനുള്ളില്‍ നടക്കുന്ന വിവിധ പ്രവൃത്തികള്‍, ഡിപ്പോകളില്‍ നടക്കുന്ന അഴിമതികള്‍ എന്നിവ സംബന്ധിച്ച് സി.പി.ഐയും മന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമെന്നാണ് അറിയുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ വനംവകുപ്പിന്റെ അകമ്പാടം, പടുക്ക മാതൃകാ ഫോറസ്റ്റ് സേ്റ്റഷനുകളുടെ ഉദ്ഘാടനത്തിനാണ് മന്ത്രി നിലമ്പൂരില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."