ഓണ്‍ലൈന്‍ വിപ്ലവകാരികളോട്
'മൂല്യങ്ങള്‍ തകര്‍ക്കുന്ന പ്രതികരണങ്ങള്‍' എന്ന ആസിഫ് കുന്നത്തിന്റെ ലേഖനം ഏറെ മൂല്യവത്തായിരുന്നു, ഒപ്പം കാലികപ്രസക്തവും. വി.ടി ബല്‍റാമിന്റെയും കോടിയേരിയുടെയും വിവാദപ്രസ്താവനകളും അവയുടെ ചുവടുപിടിച്ചുണ്ടായ ചര്‍ച്ചാബഹളങ്ങളും സംബന്ധിച്ചുമാണു ലേഖനമെങ്കിലും അനുപേക്ഷിണീയമായ മറ്റൊരു തലത്തിലേക്കാണ് ഈ വിനീത പ്രതികരണം.
വിദ്യാര്‍ഥിരാഷ്ട്രീയ സംഘടനകള്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ അക്രമപ്പൂരത്തിന്റെയും ചവിട്ടുത്സവത്തിന്റെയും പടഹധ്വനികള്‍ ഇപ്പോഴും നിലച്ചിട്ടില്ല, സമൂഹമാധ്യമങ്ങളില്‍. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ നിരത്തിലെ തല്ലിനേക്കാള്‍ വലിയ പെരും തല്ലാണ് സമൂഹമാധ്യമങ്ങളില്‍ അരങ്ങേറുന്നത്.
തങ്ങളുടെ ഭാഗം ന്യായീകരിക്കാനും തങ്ങള്‍ മാത്രമാണു ശരിയെന്നു സ്ഥാപിക്കാനും ഓണ്‍ലൈന്‍ വിപ്ലവകാരികള്‍ നടത്തുന്ന സാഹസം നാട്ടുകാര്‍ക്കു ശല്യമായിരിക്കുന്നു.
തെറിയഭിഷേകത്തിന്റെ ഇടമായി മാറുകയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ സമൂഹമാധ്യമങ്ങള്‍.
താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെ ന്യായീകരിക്കാന്‍ പോസ്റ്റുന്നവര്‍ അവര്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതൃനിരയെ തെറിവിളിക്കാനുള്ള വലിയ അവസരങ്ങളാണു പ്രതിയോഗികള്‍ക്കു കമന്റ് ബോക്‌സില്‍ അനുവദിച്ചുകൊടുക്കുന്നത്.
ഇതിനര്‍ഥം മൗനം അവലംബിച്ചു വിരല്‍ത്തമ്പുകള്‍ക്കു ജോലിയൊന്നും നല്‍കാതെ നിഷ്‌ക്രിയരായി ഇരിക്കണമെന്നല്ല.
സഭ്യതയുടെ അതിര്‍വരമ്പുകള്‍ പൊട്ടിച്ചെറിയാതെ മാന്യതയുടെ മനോഹരമായ ഭാഷയും ഭാവവും സ്വീകരിച്ച് ആത്മസംയമനത്തോടെ പ്രതികരിക്കുന്നതാണ് അഭികാമ്യം.
അറപ്പുളവാക്കുന്ന അനാവശ്യ എഴുത്തുകുത്തുകള്‍ക്കു സോഷ്യല്‍ മീഡിയയെ തിരഞ്ഞെടുത്തവര്‍ മനസ്സിലാക്കുക, വീടിന്റെ നാലുചുമരുകള്‍ക്കുള്ളിലല്ല, വിശാലവും അനന്തവുമായ ഭിത്തിയിലാണു തങ്ങള്‍ ചുമരെഴുത്തു നടത്തുന്നതെന്ന്.
നമ്മള്‍ നമ്മെ തന്നെയാണു സ്വയം നിര്‍വചിക്കുന്നത്. നിര്‍വചനങ്ങള്‍ക്കു സ്വയം കെട്ട ഭാഷ തീര്‍ക്കണോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."