ഈശ്വറിനുവേണ്ടി ചരടുവലിച്ചതില്‍ ട്രേഡ് യൂനിയന്‍ നേതാക്കളും
കാട്ടിക്കുളം: വിദേശ പൗരന്‍ ജൂബേര്‍ട്ട് വാന്‍ ഇംഗന്റെ ഉടമസ്ഥതയിലായിരുന്ന ആലത്തൂര്‍ എസ്റ്റേറ്റ് അദ്ദേഹത്തിന്റെ ദത്തുപുത്രനെന്ന് അവകാശപ്പെടുന്ന മൈക്കിള്‍ ഈശ്വറിനു കൈമാറുന്നതിനു ചരടുവലിച്ചതില്‍ ട്രേഡ് യൂനിയന്‍ നേതാക്കളും. തോട്ടം മറ്റാര്‍ക്കും വില്‍ക്കരുതെന്നും മൈക്കിള്‍ ഈശ്വറിനു നല്‍കണമെന്നും ആവശ്യപ്പെട്ട് 2005 ഡിസംബര്‍ 11ന് 40ഓളം തൊഴിലാളികള്‍ ഒപ്പിട്ട് വാന്‍ ഇംഗനു നല്‍കിയ കത്താണ് ഇതിലേക്ക് വിരല്‍ ചൂണ്ടുന്നത്.
തോട്ടം സ്വന്തമാക്കാന്‍ പദ്ധതിയിട്ട മൈക്കിള്‍ ഈശ്വറുമായി പ്രദേശത്തെ ട്രേഡ് യൂനിയന്‍ നേതാക്കള്‍ ഒത്തുകളിച്ചതാണ് തൊഴിലാളികള്‍ ഇത്തരത്തില്‍ കത്തെഴുതുന്നതിനു കാരണമായതെന്ന് അടക്കംപറയുന്നവര്‍ നിരവധി. കോഴിക്കോടുള്ള ലോഡ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് ടൂറിസം കമ്പനിക്ക് റിസര്‍വ് ബാങ്ക് അനുമതിയോടെ തോട്ടം പൂര്‍ണമായി വില്‍ക്കാന്‍ വാന്‍ ഇംഗന്‍ ശ്രമിച്ചപ്പോഴായിരുന്നു തൊഴിലാളികളെ മറയാക്കി ട്രേഡ് യൂനിയന്‍ ഇടപെടല്‍.
തോട്ടം കമ്പനിക്ക് കൈമാറുന്നത് തങ്ങളുടെ തൊഴില്‍ സുരക്ഷയെ ബാധിക്കുമെന്നും എസ്റ്റേറ്റിന്റെ നാശത്തിനു കാരണമാകുമെന്നുമായിരുന്നു തൊഴിലാളികളുടെ കത്തില്‍. തോട്ടത്തില്‍ കമ്പനി വാങ്ങിയ 33.5 ഏക്കറില്‍ മരംമുറിയും നിര്‍മാണങ്ങളും നടക്കുന്നതായും അതില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മൈക്കിള്‍ ഈശ്വറിനെ പ്രകൃതിസ്‌നേഹിയെന്നാണ് കത്തില്‍ വിശേഷിപ്പിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വാന്‍ ഇംഗന്‍ തോട്ടം 2006 ഫെബ്രുവരി രണ്ടിന് മൈക്കിള്‍ ഈശ്വറിനു കൈമാറ്റം ചെയ്തത്. മാനന്തവാടി സബ്‌രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത 2672006 നമ്പര്‍ ദാനാധാരം അനുസരിച്ചായിരുന്നു ഇത്. ഈ കൈമാറ്റത്തിനു റിസര്‍വ് ബാങ്കിന്റെ അനുമതി ഉണ്ടായിരുന്നില്ല.
അവകാശികളില്ലാതെ 2013 മാര്‍ച്ചില്‍ മരിച്ച വാന്‍ ഇംഗന്റേതായി 211.76 ഏക്കര്‍ ഭൂമിയാണ് നിലിവില്‍ കാട്ടിക്കുളത്ത്. ഈ ഭൂമി 1964ലെ അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമം പ്രകാരം ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം വില്ലേജ് ഓഫിസ് മുഖേന നോട്ടീസ് പതിച്ചിട്ടുണ്ട്. ഭൂമിയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അവകാശവാദം ഉന്നയിക്കാന്‍ ഉണ്ടെങ്കില്‍ ആറു മാസത്തെ സമയം അനുവദിച്ചാണ് നോട്ടീസ്.
എം.എല്‍.എ നിലപാട് വ്യക്തമാക്കണം
മാനന്തവാടി: വിദേശ പൗരന്റെ ഉടമസ്ഥതയിലുള്ള കാട്ടിക്കുളം ആലത്തൂര്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സ്ഥലം എം.എല്‍.എ ഒ.ആര്‍ കേളു പരസ്യമായി നിലപാട് വ്യക്തമാക്കണമെന്ന് തൃശ്ശിലേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2013 മുതല്‍ തോട്ടം ഏറ്റെടുക്കുന്ന കാര്യത്തില്‍ തിരുനെല്ലിയിലെ സി.പി.എം തോട്ടത്തിന്റെ അവകാശിക്കൊപ്പമാണ് നിലകൊണ്ടത്. പത്തുവര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കേളു ഇക്കാര്യത്തില്‍ മൗനം അവലംബിക്കുകയായിരുന്നു. ഇപ്പോള്‍ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയുടെ നിരന്തര ഇടപെടലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബെന്നി പൂത്തറയുടെ നിയമ പോരാട്ടവും മൂലം തോട്ടം ഏറ്റെടുക്കാന്‍ ജില്ലാ കലക്ടര്‍ നോട്ടീസ് പതിച്ചിരിക്കുകയാണ്. ആറുമാസമാണ് ഇതിന് കാലാവധി വച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ തോട്ടത്തിന്റെ അവകാശികള്‍ക്ക് അനുകൂലമായി സി.പി.എം നടപടി അട്ടിമറിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
അതിനാലാണ് എം.എല്‍.എ നിലപാട് വ്യക്തമാക്കാന്‍ ആവിശ്യപ്പെടുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. എസ്‌റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ അവിടത്തെ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ റഷീദ് തൃശ്ശിലേരി, കെ.വി ഷിനോജ്, ധനേഷ് വാര്യര്‍, പി.കെ ബിജു, വാസന്തി സുകുമാരന്‍, സതീശന്‍, ജോയ്‌സ് ജോണ്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."