ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം മുത്വലാഖ് ബില്‍: ചര്‍ച്ചയ്ക്കു തയാറെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെയാവും സമ്മേളനം തുടങ്ങുക. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും ഇന്നു സഭയില്‍ വയ്ക്കും. ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി നാളെ ബജറ്റ് അവതരിപ്പിക്കും. സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാ കക്ഷികളും സഹകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
മുത്വലാഖ് ബില്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കു തയാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു. സമ്മേളനത്തിനു മുന്നോടിയായി സ്പീക്കര്‍ സുമിത്ര മഹാജന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് ലോക്‌സഭ പാസാക്കുകയും രാജ്യസഭയില്‍ പരാജയപ്പെടുകയും ചെയ്ത ബില്ലില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ (കോണ്‍ഗ്രസ്), മുലായംസിങ് യാദവ് (എസ്.പി), ഡി. രാജ (സി.പി.ഐ), കനിമൊഴി (ഡി.എം.കെ), ഡെറിക് ഒബ്രെയ്ന്‍, സുധിപ് ബന്ദോപാധ്യായ് (തൃണമൂല്‍ കോണ്‍ഗ്രസ്), താരീഖ് അന്‍വര്‍ (എന്‍.സി.പി) എന്നിവരും പങ്കെടുത്തു.
യോഗം വളരെ സൗഹാര്‍ദപരമായിരുന്നുവെന്ന് അനന്ത്കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മുത്വലാഖ് ബില്‍ സംബന്ധിച്ച് അഭിപ്രായ ഐക്യം ഉണ്ടാക്കാനായി സര്‍ക്കാര്‍ വിവിധ പാര്‍ട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും ബില്‍ പാസാക്കാനായി സര്‍ക്കാര്‍ എല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചു പാസ്‌പോര്‍ട്ടുകളില്‍ നിറവ്യത്യാസം വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സഭയില്‍ ചോദ്യംചെയ്യുമെന്ന് മുസ്‌ലിംലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സബ്‌സിഡി ഒഴിവാക്കിയതുള്‍പ്പെടെയുള്ള ഹജ്ജ് നയം, കുതിച്ചുയരുന്ന എണ്ണ വില എന്നീ വിഷയങ്ങളും സഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു സെഷനുകളടങ്ങിയ സമ്മേളനത്തിന്റെ ആദ്യഘട്ടം അടുത്തമാസം ഒന്‍പതിന് അവസാനിക്കും. മാര്‍ച്ച് അഞ്ചിനു തുടങ്ങുന്ന രണ്ടാംഘട്ടം ഏപ്രില്‍ ആറിനും അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."