സത്യാര്‍ഥിയുടെ മോഷണം പോയ നൊബേല്‍ പുരസ്‌കാരം കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ബച്പന്‍ ബച്ചാവോ ആന്ദോളന്‍ സ്ഥാപകന്‍ കൈലാഷ് സത്യാര്‍ഥിയുടെ മോഷണം പോയ നൊബേല്‍ പുരസ്‌കാര സാക്ഷ്യപത്രം ഡല്‍ഹി പൊലിസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു.
പുരസ്‌കാരത്തിന് ഒപ്പം ലഭിച്ച തുകയും മോഷണം പോയിരുന്നു. സത്യാര്‍ഥിയുടെ ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് പുരസ്‌കാരവും പണവും സ്വര്‍ണാഭരണങ്ങളും കൊള്ളയടിക്കപ്പെട്ടത്. മോഷണം നടക്കുന്ന സമയത്ത് സത്യാര്‍ഥി അളകനന്ദ ഫ്‌ളാറ്റില്‍ ഇല്ലായിരുന്നു. അമേരിക്കയിലായിരുന്ന കൈലാഷ് സത്യാര്‍ഥിയെ സമീപവാസികളാണ് മോഷണ വിവരം അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹം ഡല്‍ഹി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രോട്ടോക്കോള്‍ പ്രകാരം യഥാര്‍ഥ നൊബേല്‍ പുരസ്‌കാരം രാഷ്ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ മാതൃകയാണ് സത്യാര്‍ഥിയുടെ വീട്ടിലുണ്ടായിരുന്നത്. ഇതാണ് മോഷ്ടിക്കപ്പെട്ടത്.
2014ലാണ് ബാലാവകാശ പ്രവര്‍ത്തകനായ കൈലാഷ് സത്യാര്‍ഥിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. മലാല യൂസഫ് സായിക്കൊപ്പമായിരുന്നു അദ്ദേഹം പുരസ്‌കാരം പങ്കിട്ടത്. മദര്‍ തെരേസയ്ക്ക് ശേഷം നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് കൈലാഷ് സത്യാര്‍ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."