കടല്‍ കടന്നും എതിര്‍പ്പ്; പദ്മാവതിന് മലേഷ്യയിലും വിലക്ക്
കോലാലംപൂര്‍: ഇന്ത്യയില്‍ ഏറെ എതിര്‍പ്പും കോലാഹലങ്ങളും സൃഷ്ടിച്ച ബോളിവുഡ് ചിത്രം പത്മാവതിന് മലേഷ്യയിലും വിലക്ക്. ഇസ്‌ലാം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് (എല്‍.പി.എഫ്.) സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.
മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ പദ്മാവതിന്റെ കഥ ആശങ്കയുണ്ടാക്കുന്നതാണെന്ന് എല്‍.പി.എഫ്. ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് പറഞ്ഞു. ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ അപ്പീല്‍ നല്‍കാനിരിക്കുകയാണ് മലേഷ്യയിലെ വിതരണക്കാര്‍.
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫി കവി മാലിക് മുഹമ്മദ് ജയാസി എഴുതിയ കവിതയെ ആസ്പദമാക്കിയാണ് പദ്മാവത് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പദ്മാവതിയായി ദീപിക പദുക്കോണാണ് വേഷമിടുന്നത്. ഡല്‍ഹി സുല്‍ത്താനായ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങ്ങും മേവാഡിലെ രാജാവായി ഷാഹിദ് കപൂറും വേഷമിടുന്നു. ചിത്രത്തിനെതിരെ രാജ്യമെങ്ങും കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. രജപുത്രരാണമ് എതിര്‍പ്പുമായി രംഗത്തെതത്തിയത്. പിന്നീട് സംഘ്പരിവാര്‍ സംഘടനകളും ഇവരോടൊപ്പം ചേര്‍ന്നു. രജപുത്രറാണിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പലയിടങ്ങളിലും പ്രതിഷേധം അതിരുവിട്ട് അക്രമാസക്തമായിരുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാണ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ചിത്രത്തിന് വിലക്കും ഏര്‍പെടുത്തി.
അതേസമയം, ഇന്ത്യയില്‍ പദ്മാവത് ആദ്യ ആഴ്ച മികച്ച കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 4000 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം 100 കോടി രൂപയാണ് നേടിയത്. ചിത്രം ആദ്യദിനംതന്നെ 19 കോടി രൂപയുടെ കളക്ഷന്‍ നേടിയിരുന്നു. വിദേശത്തും ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. അമേരിക്കയില്‍ ആദ്യ മൂന്നുദിവസങ്ങള്‍കൊണ്ട് 22 കോടി രൂപ നേടി. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."