എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചു
തിരുവനന്തപുരം: ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടറിയേറ്റിനു മുന്നില്‍ ഏകദിന സൂചന സമരം ആരംഭിച്ചു. സാമൂഹ്യ പ്രവര്‍ത്തക ദയാഭായി ഉദ്ഘാടനം ചെയ്യ്തു.
2017 ജനുവരി 10നു സുപ്രിംകോടതി നടത്തിയ വിധി നടപ്പാക്കുക, വാസ്തവ വിരുദ്ധമായി ചീഫ് സെക്രട്ടറി നല്കിയ സത്യവാങ്ങ്മൂലം പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇരകളോടൊപ്പം നില്ക്കുക, പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കുക, 2017ലെ പ്രത്യേക മെഡിക്കല്‍ ക്യാംപില്‍ കണ്ടെത്തിയ 1905 ദുരിതബാധിതരുടെ പട്ടിക പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരക്കാര്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയേക്കും.
ദുരിതബാധിതരായ മുഴുവന്‍ പേര്‍ക്കും അഞ്ചു ലക്ഷം രൂപ ധനസഹായവും ജീവിതകാലം മുഴുവന്‍ ചികിത്സയും നല്‍കണമെന്നുമുള്ള സുപ്രിംകോടതി വിധി അട്ടിമറിക്കപ്പെട്ടു. മൂന്നു മാസം കൊണ്ട് സാമ്പത്തിക സഹായം ചെയ്തു തീര്‍ക്കണമെന്നാണ് വിധിയില്‍ പറയുന്നത്. ഇതനുസരിച്ച് 2017 ഏപ്രില്‍ 10 ആകുമ്പോഴേക്കും കൊടുത്തു തീര്‍ക്കേണ്ടതായിരുന്നു.
പ്രസ്തുത തുക കേന്ദ്ര സര്‍ക്കാറിനോടും കമ്പനിയോടും ഈടാക്കാവുന്നതാണെന്നും കോടതി നിര്‍ദേശിക്കുന്നു. കോടതിവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് 110 പേര്‍ക്കു ദേശീയ മനുഷ്യാവകാശ കമ്മിഷന് ശുപാര്‍ശ ചെയ്ത ധനസഹായത്തിന്റെ മൂന്നാം ഗഡു ഉദ്ഘാടനം മുഖ്യമന്ത്രി വിതരണം ചെയ്തിരുന്നു. പിന്നീട് 2665 പേരുടെ കൈകളിലേക്ക് തുകയെത്തി. 5848 പേരാണ് നിലവില്‍ ദുരിതബാധിതരുടെ പട്ടികയിലുള്ളത്. ഇതില്‍ 2665 പേര്‍ക്കാണ് കോടതി നിര്‍ദേശ പ്രകാരമുള്ള സഹായം ലഭിച്ചത്. ലിസ്റ്റില്‍പ്പെട്ട 3183 പേര്‍ക്കു സഹായം ലഭിച്ചിട്ടില്ല. സുപ്രീം കോടതി വിധിയനുസരിച്ച് മുഴുവന്‍ പേര്‍ക്കും അഞ്ച്ലക്ഷം രൂപ കിട്ടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."