ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഫെബ്രു.14ന്; മുഹമ്മദ് റാഫി മുഖ്യാതിഥി
ദോഹ: ചാലിയാര്‍ തീരദേശത്തുള്ള 24 പഞ്ചായത്തുകളുടെ കൂട്ടായ്മയായ ചാലിയാര്‍ ദോഹയുടെ ആഭിമുഖ്യത്തില്‍ ഖത്തര്‍ ദേശീയ കായികദിനത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ഉദ്ഘാടനം ഫെബ്രു.14ന് ചൊവ്വാഴ്ച കാലത്ത് 7.30ന് വക്ര സ്റ്റേഡിയത്തില്‍ പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോളറും കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായ മുഹമ്മദ് റാഫി നിര്‍വ്വഹിക്കും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍, ഖത്തര്‍ ഒളിംപിക് അസോസിയേഷന്‍ പ്രതിനിധികള്‍, വക്ര സ്‌പോര്‍ട്‌സ് ക്ലബ് മാനേജര്‍, ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.ബി.പി.എന്‍, ഐ സ് സി തുടങ്ങിയവയുടെ സാരഥികളും, കായിക രംഗത്തെ മറ്റു പ്രമുഖരും സംബന്ധിക്കും.
രാവിലെ 7.30 ന് വക്രയിലെ പേള്‍ റൗണ്ട് എബൗട്ടില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയില്‍ വിവിധ പഞ്ചായത്തുകള്‍ അവതരിപ്പിക്കുന്ന വൈവിധ്യങ്ങളായ ദൃശ്യ പ്രകടനങ്ങള്‍ ഉണ്ടായിരിക്കും. കുടുംബങ്ങളും കുട്ടികളുമടക്കം ആയിരങ്ങള്‍ പങ്കടുക്കുന്ന ഘോഷയാത്രയുടെ ഗാര്‍ഡ് ഓഫ് ഹോണര്‍ മുഹമ്മദ് റാഫി സ്വീകരിക്കും.
ചാലിയാര്‍ തീരത്തുള്ള പഞ്ചായത്തുകളുടെ ഈ കൂട്ടായ്മ ഒരുപുഴയെ അടിസ്ഥാനപ്പെടുത്തി രൂപീകരിക്കപ്പെട്ടതും ഖത്തറിലെ ചാലിയാര്‍ തീരദേശപ്രവാസികള്ക്കിടയില്‍ സ്‌നേഹവൂം സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിപ്പിക്കുക എന്ന ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് ചാലിയാര്‍ ദോഹ പ്രവര്‍ത്തിക്കുന്നത്.
പ്രവാസികളുടെ കായികതാല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും ഖത്തര്‍ ഗവണ്മെമന്റ് ഔദ്യോഗികമായി ഒരു കായികദിനം തന്നെ ആചരിക്കുമ്പോള്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗവുമായാണ് കായികദിനത്തില്‍ ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വിവിധയിനം അത്‌ലറ്റിക് മത്സരങ്ങള്‍, ഫുട്ബാള്‍, കമ്പവലി, തുടങ്ങി വ്യത്യസ്തമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമായി വെവ്വേറെ മത്സരങ്ങള്‍ ഉണ്ടായിരിക്കും. മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്റു നേടുന്ന പഞ്ചായത്തിന് ചാലിയാര്‍ റോളിംഗ് ട്രോഫി സമ്മാനിക്കുന്നതാണ്. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന സമാപന പരിപാടിയില്‍ വിവിധ മത്സര വിജയികള്‍ക്ക് സമ്മാന വിതരണം നിര്‍വ്വഹിക്കുന്നത് മുഹമ്മദ് റാഫി ഉള്‍പ്പടെയുള്ള പ്രമുഖര്‍ ആയിരിക്കും.
'ചാലിയാര്‍ ദോഹ' പ്രസിഡണ്ട് മഷ്ഹൂദ് തിരുത്തിയാട്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ഫറോക്ക്, ട്രെഷറര്‍ സിദ്ധിക്ക് വാഴക്കാട്, മുഖ്യ രക്ഷാധികാരി ഷൌകത്തലി ടി എ ജെ , മറ്റു ഭാരവാഹികളായ ഹൈദര്‍ ചുങ്കത്തറ, ബഷീര്‍ കുനിയില്‍, കേശവദാസ്, നൗഷാദ് പി പി സി കൊടിയത്തൂര്‍, രഘുനാഥ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."