ഉത്തരവ് ഫയലിലൊതുങ്ങി ; വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കോഴിക്കോട്ട് എമിഗ്രേഷന്‍ ഓഫിസ് നടപ്പായില്ല
കോഴിക്കോട്: മലപ്പുറം, കോഴിക്കോട്, വയനാട് ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ നിന്ന് വിദേശത്തുപോകുന്നതിന് കോഴിക്കോട് കേന്ദ്രീകരിച്ച് എമിഗ്രേഷന്‍ ഓഫിസ് സ്ഥാപിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാകാതെ ഫയലിലുറങ്ങുന്നു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് മലബാര്‍ കേന്ദ്രീകരിച്ച് എമിഗ്രേഷന്‍ ഓഫിസ് ആരംഭിക്കുമെന്ന ്ഉത്തരവിറങ്ങിയത്. നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് എമിഗ്രേഷന്‍ ഓഫിസുള്ളത്.
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ വിദേശത്തേക്കുപോകുന്നത് മലബാറില്‍ നിന്നാണ് . ഇതു കണക്കിലെടുത്താണ് വിവിധ സംഘടനകളും വ്യക്തികളും കോഴിക്കോട് കേന്ദ്രീകരിച്ച് എമിഗ്രേഷന്‍ ഓഫിസ് സ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മലബാര്‍ കേന്ദ്രീകരിച്ച് എമിഗ്രേഷന്‍ ഓഫിസ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ചത്. അന്നത്തെ കേന്ദ്രമന്ത്രിമാരായിരുന്ന ഇ.അഹമ്മദിന്റെയും വയലാര്‍ രവിയുടെയും ശ്രമത്തിന്റെ ഭാഗമായാണ് മലബാര്‍ കേന്ദ്രീകരിച്ച് എമിഗ്രേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസുമായി ബന്ധപ്പെടുത്തി എമിഗ്രേഷന്‍ ഓഫിസ് സ്ഥാപിക്കാനുള്ള നടപടികളായിരുന്നു നടത്തിയിരുന്നത്. കാസര്‍കോട്ടുള്ളവര്‍ പോലും തിരുവനന്തപുരത്തെയും കൊച്ചിയിലേയും എമിഗ്രേഷന്‍ ഓഫിസിനെയാണ് യാത്ര സംബന്ധമായ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. ഇതിനായി വേണ്ടിവരുന്ന സമയവും ദീര്‍ഘദൂരയാത്രയും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഉത്തരവ് നടപ്പാക്കാന്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്ന് പ്രവാസി കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."