അന്വേഷണം ഊര്‍ജിതമാക്കി വനം വകുപ്പ്
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ കാട്ടാനയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് സ്‌പെഷ്യല്‍ ടീമുകളെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അജിത് കെ രാമന്റെ നേതൃത്വത്തിലും ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൃഷ്ണദാസിന്റെ നേതൃത്വത്തിലും രണ്ട് വനംവകുപ്പ് ടീമുകളും ഡോ. ജിജിമോന്റെ നേതൃത്വത്തലുള്ള ഫോറന്‍സിക് ടീമുമാണ് അന്വേഷണം നടത്തുന്നത്. അര്‍ദ്ധരാത്രിയിലാവാം ആനയ്ക്ക് വെടിയേറ്റതെന്ന നിഗമനത്തിലാണ് വനംവകുപ്പ്. രാത്രി 12ന് ശേഷമാവാം വെടിയേറ്റതെന്നും പറയപ്പെടുന്നുണ്ട്. അതേസമയം രാത്രി 11.15ഓടെ പ്രദേശത്ത് വെടിയൊച്ച കേട്ടതായും സംസാരമുണ്ട്്. ഈ സമയത്ത് ചെക്ക് പോസ്റ്റ് വഴി കടന്നുപോയ വാഹനങ്ങളുടെ നമ്പര്‍ പരിശോധനയും ഇതുവഴി പ്രതിയെ പിടികൂടാം എന്ന പ്രതീക്ഷയും വനംവകുപ്പിനുണ്ട്.
അതേസമയം ചെക്ക്‌പോസ്റ്റ് വഴിയല്ലാതെയും ആനയെ വെടിവെച്ചിടത്തേക്ക് എത്താന്‍ പറ്റുമെന്നത് ആശയകുഴപ്പം സൃഷ്ടിക്കുന്ന കാര്യമാണ്. ആനയെ വെടിവെച്ചവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് വനംവകുപ്പ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 25000 രൂപയാണ് സമ്മാനം നല്‍കുക. വിവരം കൈമാറുന്ന ആളുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വരഒംദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വ്യക്തതകള്‍ പുറത്തുവരുമെന്നും പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നുമുള്ള പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."