ചരിത്രമെഴുതി ഇന്ത്യന്‍ കൗമാരം
മൗണ്ട് മൗന്‍ഗനൂയി: കൗമാര ലോകകപ്പ് ക്രിക്കറ്റ് കിരീടത്തില്‍ വീണ്ടും ഇന്ത്യന്‍ മുത്തം. ആസ്‌ത്രേലിയയെ എട്ട് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ഐ.സി.സി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയയെ 216 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ 38.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 220 റണ്‍സെടുത്താണ് വിജയവും ലോകകപ്പ് നേട്ടവും സ്വന്തമാക്കിയത്.
നാലാം ലോക കിരീടം ഷോക്കോസിലെത്തിച്ച ഇന്ത്യ ഏറ്റവും കൂടുതല്‍ ലോകകപ്പ് നേടുന്ന ടീമെന്ന റെക്കോര്‍ഡും ഒപ്പം ചേര്‍ത്തു. നേരത്തെ 2000, 2008, 2012 വര്‍ഷങ്ങളിലും ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ എത്തിയിരുന്നു. മൂന്ന് കിരീട നേട്ടങ്ങളുമായി ആസ്‌ത്രേലിയക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ഇതുവരെ ഇന്ത്യ. ഇപ്പോള്‍ അവരെ തന്നെ വീഴ്ത്തി നേട്ടം സ്വന്തം പേരിലേക്ക് മാറ്റി. ആറ് തവണ അണ്ടര്‍ 19 വിഭാഗത്തിന്റെ ഫൈനലില്‍ എത്തിയ ഇന്ത്യ അതില്‍ നാലിലും ചാംപ്യന്‍മാരായി. കഴിഞ്ഞ തവണ വെസ്റ്റിന്‍ഡീസിന് മുന്നില്‍ കിരീടം അടിയറവ് വച്ച് ഇന്ത്യക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
കളിക്കാരനായും ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ഒരു കാലത്ത് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ വന്‍മതിലായി നിന്ന രാഹുല്‍ ദ്രാവിഡാണ് ലോകകപ്പ് നേടിയ ടീമിന്റെ പരിശീലകന്‍. യുവ താരങ്ങളെ വളര്‍ത്തുന്നതില്‍ ദ്രാവിഡ് പുലര്‍ത്തുന്ന സൂക്ഷ്മതയുടെ മറ്റൊരു അടയാളമായി ഈ കിരീട നേട്ടത്തെ കാണാം. ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ടീം പുലര്‍ത്തിയ അച്ചടക്കമാര്‍ന്ന പ്രകടനത്തിന്റെ പിന്നിലെ ചാലക ശക്തി ദ്രാവിഡെന്ന ഇതിഹാസ താരത്തിന്റെ മേല്‍നോട്ടമായിരുന്നു. ബാറ്റിങിലും ബൗളിങിലും ടീം സന്തുലിതാവസ്ഥ പുലര്‍ത്തി അപരാജിതരായാണ് ലോക കിരീടം വീണ്ടെടുത്തത്.
217 റണ്‍സ് വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഓപണര്‍ മനോജ് കല്‍റ പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് തുണയായത്. 102 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും പറത്തി താരം 101 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ടീം വിജയത്തിലെത്തുമ്പോള്‍ 61 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്ന് ഹര്‍വിക് ദേശായിയായിരുന്നു കര്‍ലയുടെ കൂട്ട്. ക്യാപ്റ്റന്‍ പൃഥ്വി ഷാ (29), ശുബ്മന്‍ ഗില്‍ (31) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഷായും കല്‍റയും ചേര്‍ന്ന ഓപണിങ് സഖ്യം ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഒരറ്റത്ത് കല്‍റ ഉറച്ചുനിന്ന് പൊരുതിയപ്പോള്‍ വേവലാതികളൊട്ടുമില്ലാതെ ഇന്ത്യ ഏറെക്കുറേ അനായാസം തന്നെ വിജയത്തിലേക്ക് എത്തുകയായിരുന്നു.
നേരത്തെ ടോസ് നേടി ആസ്‌ത്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ഓസീസ് താരങ്ങള്‍ക്ക് ഏറ്റവും പരിചിതമായ സാഹചര്യമായിരുന്നിട്ടുകൂടി ഇന്ത്യന്‍ താരങ്ങളുടെ അച്ചടക്കവും കൃത്യതയും നിറഞ്ഞ ബൗളിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ പെടാപ്പാടുപെട്ടു.
രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഇഷാന്‍ പൊരല്‍, ശിവ സിങ്, കമലേഷ് നഗര്‍കോട്ടി, അനുകുല്‍ റോയ് എന്നിവര്‍ മികവ് പുലര്‍ത്തിയപ്പോള്‍ ഓസീസ് താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു. ശിവം മവി ഒരു വിക്കറ്റെടുത്തു. 102 പന്തില്‍ 76 റണ്‍സെടുത്ത ജൊനാതന്‍ മെര്‍ലോയുടെ ഒറ്റയാള്‍ പോരാട്ടമാണ് ആസ്‌ത്രേലിയക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ജാക്ക് എഡ്വേര്‍ഡ്‌സ് (28), പരം ഉപ്പല്‍ (34), മക്‌സ്വീനി (23) എന്നിവര്‍ക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും അതൊന്നും വലിയ സ്‌കോറിലെത്തിക്കാന്‍ സാധിക്കാതെ വന്നതോടെ അവരുടെ സ്‌കോര്‍ 216 റണ്‍സില്‍ ഒതുങ്ങി. മറ്റ് താരങ്ങള്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. സെഞ്ച്വറി നേടിയ മനോജ് കല്‍റ കളിയിലെ താരമായപ്പോള്‍ ടൂര്‍ണമെന്റിലുടനീളം ബാറ്റിങ് മികവ് പുലര്‍ത്തിയ ഇന്ത്യയുടെ ശുബ്മന്‍ ഗില്ലാണ് ലോകകപ്പിലെ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."