എന്‍.ഡി.എയില്‍ തുടരാന്‍ ടി.ഡി.പി തീരുമാനം
ന്യൂഡല്‍ഹി: വ്യാഴാഴ്ച അവതരിപ്പിച്ച കേന്ദ്രബജറ്റിനെച്ചൊല്ലി എന്‍.ഡി.എയില്‍ ഉടലെടുത്ത ഭിന്നതയ്ക്ക് താല്‍ക്കാലിക പരിഹാരം. ശിവസേനക്കു പിന്നാലെ ആന്ധ്ര ഭരിക്കുന്ന തെലുഗുദേശം പാര്‍ട്ടിയും (ടി.ഡി.പി) ബി.ജെ.പിയുമായി വേര്‍പിരിയുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായെങ്കിലും തല്‍ക്കാലം എന്‍.ഡി.എയില്‍ തന്നെ തുടരുമെന്ന് ടി.ഡി.പി അറിയിച്ചു.
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഭിന്നത അയഞ്ഞത്. 16 എം.പിമാരുള്ള ടി.ഡി.പി, എന്‍.ഡി.എ മുന്നണിയില്‍ മൂന്നാമത്തെ വലിയ കക്ഷിയാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ ബി.ജെ.പിയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്കു പിന്നാലെയാണ് കേന്ദ്ര ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചെന്നാരോപിച്ച് സഖ്യകക്ഷിക്കെതിരേ പരസ്യവിമര്‍ശനമുന്നയിക്കുകയും മുന്നണി വിടുമെന്നു ഭീഷണി മുഴക്കുകയും ചെയ്തത്. ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടിയുടെ ഉന്നതതലയോഗത്തിലാണ് എന്‍.ഡി.എക്കൊപ്പം തുടരാന്‍ തീരുമാനമായത്.
യോഗത്തിനു മുന്നോടിയായി അമിത്ഷാക്കു പുറമെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങും ചന്ദ്രബാബു നായിഡുവിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കിയാല്‍ ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ തയാറാണെന്ന് ആന്ധ്രയിലെ രണ്ടാമത്തെ കക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി അടുത്തിടെ പറഞ്ഞിരുന്നു.
ജഗന്‍ മോഹന്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമോ എന്ന ആശങ്കയാണ് മുന്നണിവിടുന്ന കാര്യത്തില്‍ മൃദുസമീപനം സ്വീകരിക്കാന്‍ നായിഡുവിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മുന്നണിയില്‍ തുടരുന്നതിനോടൊപ്പം കേന്ദ്രസര്‍ക്കാരിനെതിരായ സമ്മര്‍ദതന്ത്രം തുടരാനും യോഗത്തില്‍ തീരുമാനമായി. ബജറ്റ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാനും യോഗം തീരുമാനിച്ചു. വിഷയത്തില്‍ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയെന്ന ഉദ്ദേശത്തോടെ സഭയില്‍ ബഹളംവയ്ക്കാന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടി എം.പിമാര്‍ക്കു നിര്‍ദേശം നല്‍കി.
പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുന്നത് വരെ സഭയ്ക്കുള്ളില്‍ ബഹളംവയ്ക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര വ്യോമയാന മന്ത്രിയും ടി.ഡി.പി നേതാവുമായ അശോക് ഗജപതി രാജുവൊഴികെ കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹ മന്ത്രി വൈ.എസ് ചൗധരി അടക്കം പാര്‍ട്ടിയുടെ മുഴുവന്‍ എം.പിമാരും യോഗത്തില്‍ പങ്കെടുത്തു.
ബജറ്റില്‍ ആന്ധ്രയ്ക്ക് പദ്ധതികള്‍ അനുവദിക്കാത്തത് മാത്രമാണ് യോഗം ചര്‍ച്ച ചെയ്തതെന്നും മുന്നണി വിടുന്ന കാര്യത്തില്‍ ഊഹാപോഹങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്നും കേന്ദ്രമന്ത്രി വൈ.എസ് ചൗധരി പറഞ്ഞു.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം തെലുഗുദേശം പാര്‍ട്ടി വളരെക്കാലമായി ഉന്നയിക്കുന്നതാണ്. എന്നാല്‍, ഈ ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിലും പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്. സംസ്ഥാനത്ത് അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആന്ധ്രയില്‍ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരായ വികാരം ഇളക്കിവിടാനുള്ള ടി.ഡി.പിയുടെ തീരുമാനമെന്നത് ശ്രദ്ധേയമാണ്.
സമൂഹമാധ്യമങ്ങളിലും പ്രവര്‍ത്തകര്‍ ബി.ജെ.പി വിരുദ്ധ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ റേറ്റിങ് കുറച്ചാണ് പ്രതിഷേധിച്ചത്. നൂറുകണക്കിനുപ്രവര്‍ത്തകര്‍ പേജിന് ഒരു സ്റ്റാര്‍ നല്‍കി. ഇതോടെ പേജിനു ലഭിച്ച ആകെ അംഗീകാരം വെള്ളിയാഴ്ച ശരാശരി 4.5 സ്റ്റാര്‍ ആയിരുന്നുവെങ്കില്‍ ഇന്നലെ അത് 1.1 ആയി ഇടിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."