നേരാങ്ങളമാര്‍ എവിടെ?
പെണ്ണുങ്ങള്‍ പൊതു ഇടങ്ങളില്‍ അപമാനിക്കപ്പെടുന്ന സംഭവങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയേ അല്ലാതായി. കഴിഞ്ഞദിവസം നടി സനുഷയെ ട്രെയിനില്‍ വച്ച് കൈയേറ്റം ചെയ്ത സംഭവം വാര്‍ത്തയായത് അവര്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് മാത്രമാണ്. ആ സംഭവത്തിലെ ഏറ്റവും ആപല്‍ക്കരവും അപലപനീയവുമായ കാര്യം നടി നിലവിളിച്ച് സഹായമഭ്യര്‍ഥിച്ചിട്ടും സഹയാത്രികര്‍ നിസ്സംഗരായി നോക്കി നിന്നു എന്നതായിരുന്നു. സ്ത്രീകള്‍ നിരന്തരം അപമാനിക്കപ്പെടുന്നതിന് കാഴ്ചക്കാരുടെ ഈ മനോഭാവത്തിനും വലിയ പങ്കുണ്ട്.
നേരാങ്ങളമാര്‍ എന്നൊരു പ്രയോഗം തന്നെയുണ്ടായിരുന്നു മുമ്പ് മലയാളത്തില്‍. ഇപ്പോള്‍ അത്തരം ആങ്ങളമാര്‍ കുറ്റിയറ്റു പോയതുകൊണ്ടാവും ആ പ്രയോഗം തന്നെയും ഇല്ലാതായി. ജോലിസ്ഥലങ്ങളില്‍, സമര വേദികളില്‍, വിദ്യാലയങ്ങളില്‍ നമുക്കീ നേരാങ്ങളമാരെ പണ്ട് കാണാമായിരുന്നു. പ്രക്ഷോഭ വേളകളില്‍ ചീറിവരുന്ന പൊലിസിന്റെ ലാത്തിക്ക് കീഴെ പ്രതിരോധമായി ഈ നേരാങ്ങളമാരുണ്ടായിരുന്നു. ആശുപത്രി കിടക്കക്കരികെ സദാ സ്‌നേഹ സാന്നിധ്യമായിരുന്നു ഈ ആങ്ങളക്കൂട്ടം.
രാത്രി ഷിഫ്റ്റ് കഴിഞ്ഞിറങ്ങുന്ന സഹപ്രവര്‍ത്തകയെ കൂട്ടിക്കൊണ്ടുപോവാന്‍ ഭര്‍ത്താവ് വൈകിയാല്‍ വീട്ടിലേക്ക് വഴിവിളക്കാവുന്നതും ഇവരായിരുന്നു. തനിച്ചുള്ള യാത്രയില്‍ സീറ്റ് ഒഴിഞ്ഞുകൊടുത്ത് അവള്‍ക്ക് കാവലാളായിരുന്നതും ഇതേ സുമനസ്സുകളാണ്. സ്ത്രീകള്‍ വെറും ശരീരം മാത്രമെന്നും ആര്‍ക്കും എപ്പോഴും എവിടെവച്ചും കൈയേറാമെന്നുമുള്ള മുടിഞ്ഞ പാഠം മലയാളി എന്നു വായിച്ചു തുടങ്ങിയോ അന്നു മുതല്‍ നേരാങ്ങളമാര്‍ ഇല്ലാതായി.
പെണ്ണുങ്ങളുടെ കുളിക്കടവിനരികിലൂടെ കടന്നുപോകുമ്പോള്‍, 'ഓയ്! ഇതിലേ ഒരാള്‍ പോവുന്നുണ്ടേ' എന്ന് വിളിച്ചു കൂവിയിരുന്ന സാത്വികരായ പച്ച മനുഷ്യര്‍ ജീവിച്ച മണ്ണാണിത്. പെണ്ണുങ്ങള്‍ക്ക് അല്‍പം മാറി നില്‍ക്കാനും വസ്ത്രം നേരെയാക്കാനുമുള്ള സാവകാശം നല്‍കാനായിരുന്നു ഈ വിളിച്ചു കൂവല്‍. ആ മര്യാദരാമന്മാരുടെ പിന്‍മുറക്കാരാണ് ഇപ്പോള്‍ മൊബൈല്‍ ഫോണില്‍ കാമറയും തുറന്നുവച്ച് കുളിമുറിക്കും കിടപ്പുമുറിക്കും പുറത്ത് പതുങ്ങി നടക്കുന്നത്!
ഈ ഞരമ്പുരോഗികള്‍ എണ്ണത്തില്‍ കുറവാകാം. നന്മയും സ്‌നേഹവും നിറഞ്ഞ മുഖങ്ങള്‍ തന്നെയാവും ഏറെയെന്നും സമാശ്വസിക്കാം. പക്ഷെ അവര്‍ നിശബ്ദരാണ്. അക്രമികളുടെ അട്ടഹാസങ്ങളും ആക്രോശങ്ങളുമാണ് അന്തരീക്ഷമാകെ. ആണുങ്ങളാകെ ആഭാസരും അപകടകാരികളുമാണെന്ന വാഴ്ത്താരിയാണ് എവിടെയും ഉയര്‍ന്നുകേള്‍ക്കുന്നത്. സ്വന്തം മക്കളുടെ മുമ്പില്‍, ശിഷ്യഗണങ്ങള്‍ക്കു നടുവില്‍, സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അപരാധിയും അപമാനിതനുമായി തല കുമ്പിട്ടു നില്‍ക്കുകയാണ് മലയാളി പൗരുഷം.
മക്കളെ ലാളിക്കാന്‍ അവനാവുന്നില്ല. സഹോദരിയോടൊപ്പം യാത്രചെയ്യാന്‍ അവന് മനസ്സുവരുന്നില്ല. ശിഷ്യയോട് സൗഹൃദം കാണിക്കാനും സഹപ്രവര്‍ത്തകയോട് മിണ്ടിപ്പറയാനും അവന് വയ്യ. വഴിയില്‍ വീണു പോയ യാത്രക്കാരിയെ പിടിച്ചെഴുന്നേല്‍പിക്കാന്‍ അവന് പേടിയാണ്. അവന്റെ ആകാശത്തുനിന്ന് ആത്മവിശ്വാസവും ആഭിജാത്യ ചിന്തകളും മാഞ്ഞു പോയിരിക്കുന്നു. അവന്‍ ഏകപക്ഷീയമായി വിചാരണ ചെയ്യപ്പെടുകയാണ്! എല്ലാവര്‍ക്കും വേണ്ടത് അവന്റെ നെഞ്ചിലെ ഒരു റാത്തല്‍ ഇറച്ചിയാണ്.
ആകാശത്തിനു കീഴെ സ്‌നേഹം മേല്‍ക്കൂരയാക്കി അവന്‍ പണിത വീട്ടകങ്ങളില്‍ ഇപ്പോള്‍ അവിശ്വാസത്തിന്റെ തീയും പുകയുമാണ്. പരസ്പരം കാണാനാവാത്തവിധം കുടുംബാംഗങ്ങള്‍ക്കിടയില്‍ ഒരുപാടു മതിലുകള്‍. പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ കൗണ്‍സലിങിനിടെ ഒമ്പതാം ക്ലാസുകാരി സങ്കടപ്പെട്ടത്രെ: 'അച്ഛന്‍ പഴയപോലെ അവളെ സ്‌നേഹിക്കുന്നില്ല. മുമ്പ് എന്ത് വിഷമം വന്നാലും അച്ഛന്‍ അവളെ ചേര്‍ത്തു നിര്‍ത്തി മൂര്‍ധാവില്‍ ഉമ്മവയ്ക്കുമായിരുന്നു. അതോടെ എന്തെന്നില്ലാത്ത ആശ്വാസവും സുരക്ഷാ ബോധവുമുണ്ടായിരുന്നു അവള്‍ക്ക്. ഇപ്പോള്‍ അച്ഛന്‍ അങ്ങനെയൊന്നും ചെയ്യുന്നില്ല. '
കോഴിക്കോട്ടെ പ്രമുഖനായ ഒരു അഭിഭാഷകന്റെ വയോധികനായ ഗുമസ്തന്‍ പറഞ്ഞു: 'ബസ് യാത്രക്കിടയില്‍ കൈക്കുഞ്ഞുമായി നില്‍ക്കുന്ന അമ്മമാരോട് കുട്ടിയെ ഇങ്ങു തന്നേക്കൂ എന്നു പറയാന്‍ ഇപ്പോള്‍ ധൈര്യമില്ല. എന്റെ മക്കളുടെ പ്രായം പോലുമില്ലാത്ത ആ അമ്മമാര്‍ അവിശ്വാസത്തോടെ നോക്കുന്നത് സഹിക്കാനാവില്ല.'
മനുഷ്യബന്ധങ്ങള്‍ക്ക് മറ്റെന്തിനേക്കാളും മറ്റാരേക്കാളും വില കല്‍പിക്കുന്നവരാണ് മലയാളികള്‍. എല്ലാ അപചയങ്ങള്‍ക്കും അവന്‍ തടയിട്ടത് കുടുംബ ബന്ധങ്ങളുടെ ഉരുക്കു കോട്ടകള്‍ പണിതായിരുന്നു. ആ കോട്ടക്കുള്ളിലും രക്ഷയില്ലെന്ന് വരുത്തിത്തീര്‍ക്കേണ്ടത് അരാജകവാദികളുടെ ആവശ്യമാണ്. കൂട് വിട്ട്, കൂട്ടം തെറ്റി വരുന്നവര്‍ക്കായി അവര്‍ വലവിരിച്ച് കഴുകന്‍ കണ്ണുകളുമായി പുറത്തു കാത്തുനില്‍പ്പുണ്ട്. അവരെ കരുതിയിരിക്കാം.
വീട്ടകങ്ങള്‍ സ്‌നേഹസാന്ദ്രമാക്കുക എന്നതാണ് അവരെ തോല്‍പിക്കാനുള്ള ഏക വഴിയെന്ന് മറക്കാതിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."