ഇനിയും ഇവിടെ സഞ്ചാരികള്‍ വരണം
ബാലുശ്ശേരി: കൂരാച്ചുണ്ട് പഞ്ചായത്തിലെ മലബാറിന്റെ തേക്കടിയെന്ന് വിശേഷിപ്പിക്കുന്ന കരിയാത്തുംപാറയില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചെങ്കിലും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ ഇനിയും തയാറായിട്ടില്ല. തേക്കടി ജലാശയം പോലെ കരിയാത്തുംപാറയിലും മരങ്ങള്‍ വെള്ളത്തിനടിയിലും പാതി പുറത്തേക്കും നീണ്ടുകിടക്കുന്നു. തേക്കടിയോട് സാമ്യമുള്ള ഈ സവിശേഷതയാണ് കരിയാത്തുംപാറയെ സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രമാക്കുന്നത്.
ആല്‍ബങ്ങളുടെ ചിത്രീകരണത്തിനും വിവാഹ ആല്‍ബം നിര്‍മിക്കുന്നതിനുമായി നിരവധിപേരാണ് വിദൂരങ്ങളില്‍നിന്ന് ഇവിടെയെത്തുന്നത്. നിരവധി കാട്ടരുവികളില്‍ നിന്ന് ഒലിച്ചിറങ്ങിയെത്തുന്ന ജലവും കക്കയം ഡാമില്‍ നിന്നു തുറന്നുവിടുന്ന ജലവുമാണ് കരിയാത്തുംപാറ ജലാശയത്തെ സമ്പുഷ്ടമാക്കുന്നത്. ഈ ജലാശയത്തിനടിയില്‍ മനോഹരമായി രൂപപ്പെട്ട പാറക്കല്ലുകളും അക്വേറിയ മത്സ്യങ്ങളെ വെല്ലുന്ന സ്വര്‍ണമത്സ്യങ്ങളും സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണങ്ങളാണ്.
എന്നാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആധിക്യം ഇവിടുത്തെ പ്രകൃതി ഭംഗിയുടെ നിറംകെടുത്തുന്നു. പ്രദേശത്തെ പ്രകൃതിസ്‌നേഹികള്‍ വല്ലപ്പോഴും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതല്ലാതെ മറ്റു സംവിധാനങ്ങളില്ല. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് ഓരോ വര്‍ഷവും ആയിരക്കണക്കിനു മരങ്ങള്‍ പരിസ്ഥിതി സ്‌നേഹികള്‍ വച്ചുപിടിപ്പിക്കുന്നുണ്ടെങ്കിലും തുടര്‍പരിപാലനത്തിനു സംവിധാനമില്ലാതെ എല്ലാം നശിക്കുകയാണ്. കക്കയം ടൂറിസം കോറിഡോര്‍ പദ്ധതിക്കായി തയാറാക്കിയ 13 കോടിയിലധികം രൂപയുടെ വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്ന മുറക്കു സര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് ടൂറിസം മന്ത്രിയുടെ പ്രഖ്യാപനം മേഖലയക്ക് ഉണര്‍വേകിയെന്നതല്ലാതെ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.
എന്നാല്‍ ഇതിനോട് ബന്ധപ്പെട്ടു കിടക്കുന്ന തോണിക്കടവിലെ ടൂറിസം പദ്ധതിയുടെ നിലച്ചുപോയ വാച്ച് ടവര്‍ നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു. 2016ല്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതിയാണിത്. ഫണ്ടിന്റെ അപര്യാപ്തതയാണ് ടൂറിസം സാധ്യതയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം.
ഇപ്പോള്‍ അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് തോണിക്കടവിലെ പ്രവൃത്തികള്‍ തുടങ്ങിയത്. എന്നാല്‍ പദ്ധതി പൂര്‍ത്തീകരണത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. ടൂറിസം കോറിഡോര്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനു സര്‍ക്കാര്‍ നീക്കങ്ങള്‍ ത്വരിതപ്പെടുത്തിയാല്‍ മലബാറിന്റെ തേക്കടിയെ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കാമെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."