വ്യാജ ലോട്ടറിയെ പൂട്ടാന്‍ കര്‍ശന നടപടി
തിരുവനന്തപുരം:വ്യാജ ലോട്ടറി അച്ചടി തടയുന്നതിനും സംസ്ഥാന ലോട്ടറി ടിക്കറ്റില്‍ കൂടുതല്‍ സുരക്ഷ ഉള്‍പ്പെടുത്തുന്നതിനുമായി വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്‍ജിനീയറിങ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ജി. ജയശങ്കര്‍ ചെയര്‍മാനും സംസ്ഥാന ലോട്ടറി ഡയറക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍ കണ്‍വീനറുമായ സമിതിയാണ് പ്രാധാന ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ധനമന്ത്രിക്ക് കൈമാറിയത്.
കെ.ബി.പി.എസ്, സിആപ്റ്റ് എന്നീ പൊതുമേഖലാ അച്ചടിശാലകളിലാണ് ലോട്ടറി ടിക്കറ്റുകളുടെ അച്ചടി നടക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും സ്‌കാനിങിലുമെല്ലാം കൈവന്ന സൗകര്യങ്ങളുടെ വ്യാപനംമൂലം ലോട്ടറി അച്ചടിയില്‍ കൂടുതല്‍ സുരക്ഷാമാനദണ്ഡങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് സമിതി ശുപാര്‍ശ ചെയ്തു. ഇതിനുള്ള നിര്‍ദേശങ്ങളും സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചു. മൂന്ന് ഘട്ടങ്ങളിലുള്ള പരിഷ്‌കരണമാണ് റിപ്പോര്‍ട്ടിലുള്ളത്.
ആദ്യഘട്ടത്തില്‍ ലോട്ടറി ടിക്കറ്റുകളില്‍ പുതിയ 45 തരം സുരക്ഷാ സംവിധാനങ്ങള്‍ പുതിയതായി കൊണ്ടുവരണം. പകര്‍ത്താന്‍ പറ്റാത്തത്ര സൂക്ഷ്മവും തനതുമായ ലൈനുകള്‍ അച്ചടിക്കുക, പകര്‍ത്തല്‍ അസാധ്യമായ സൂക്ഷ്മമായ അക്ഷരങ്ങള്‍ ഉപയോഗിക്കുക, ഡ്യൂപ്ലിക്കേഷന്‍ അസാധ്യമാക്കുന്ന സങ്കീര്‍ണമായ പാറ്റേണുകള്‍, ബോര്‍ഡറുകള്‍ എന്നിവ ചേര്‍ക്കുക, പകര്‍പ്പെടുത്താല്‍ അസാധു അല്ലെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് എന്ന് അടിച്ചുവരുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുക തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
നിലവിലുള്ള ബാര്‍ കോഡിങ്, കൗണ്ടര്‍ ഫോയില്‍, സീക്രട്ട് നമ്പറിങ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം അധികമായാണ് ഇവ കൊണ്ടുവരിക. 23 മാസങ്ങള്‍ക്കകം ഈ സംവിധാനം നടപ്പാക്കണം. അച്ചടിശാലയിലെ സി.സി ടിവി നിരീക്ഷണവും നിയന്ത്രണങ്ങളും ശക്തിപ്പെടുത്തും. ബാര്‍കോഡിങ്, സീക്രട്ട് നമ്പറിങ് എന്നിവ കൂടുതല്‍ ആധുനികമാക്കുകയാണ് രണ്ടാംഘട്ടത്തിലെ പരിപാടി. വിമാനങ്ങളിലെ ബോര്‍ഡിങ് പാസുകള്‍ക്ക് സമാനമായ തരത്തില്‍ ബാര്‍കോഡിങും മറ്റും നവീകരിക്കണം. കെ.ബി.പി.എസിലേയും സിആപ്റ്റിലെയും അച്ചടി യന്ത്രങ്ങളില്‍ ഈ സാങ്കേതികവിദ്യ ഉള്‍ച്ചേര്‍ത്ത് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്തും.
സീക്രട്ട് കോഡുകള്‍ ടിക്കറ്റ് ഡിസൈനിന്റെ തന്നെ ഭാഗമാക്കി ഡിജിറ്റലായി അച്ചടിക്ക് കൈമാറും. സിനിമകളുടെയും മറ്റും ഉപഗ്രഹങ്ങള്‍ വഴിയുള്ള ഡിജിറ്റല്‍ ഡിസ്ട്രിബ്യൂഷന്‍ നടത്തുന്ന സങ്കേതമായിരിക്കും ഇതിന് ഉപയോഗിക്കുക. 89 മാസം കൊണ്ട് ഇത് നടപ്പാക്കണം.ലോട്ടറി അച്ചടിക്കുന്നതിനായി വാട്ടര്‍ മാര്‍ക്കിങ് പേപ്പറുകള്‍, സുരക്ഷാ മഷി എന്നിവ ഉപയോഗിക്കലാണ് മൂന്നാമത്തെ ഘട്ടം. സൂക്ഷ്മ കോഡുകള്‍ ഉപയോഗിച്ചുള്ള ടാഗിംങ് സംവിധാനവും ഈ ഘട്ടത്തില്‍ കൊണ്ടുവരും. മൈക്രോ ടാഗിംങ് ഏര്‍പ്പെടുത്തുന്നതോടെ ലോട്ടറിയുടെ നീക്കം നിരീക്ഷിക്കാന്‍ സാധിക്കും. സ്പീഡ് പോസ്റ്റ്, ഓണ്‍ലൈന്‍ വ്യാപാര സംവിധാനങ്ങളായ ഫ്‌ളിപ്പ് കാര്‍ട്ട്, ആമസോണ്‍ എന്നിവിടങ്ങളിലെല്ലാം ചരക്കുനീക്കം നിരീക്ഷിക്കാന്‍ ഈ മൈക്രോ ടാഗിംങാണ് ഉപയോഗിക്കുന്നത്.
ഈ സംവിധാനം ഒരുകൊല്ലം കൊണ്ട് നടപ്പാക്കാം. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തര തീരുമാനം കൈക്കൊള്ളുമെന്നും ഇത് നടപ്പാകുന്നതോടെ ലോട്ടറി സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമാകുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഈ നടപടികള്‍ സംസ്ഥാന ലോട്ടറിയുടെ വിശ്വാസ്യത ഗണ്യമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."