ബോധമുള്ള ഒരാള്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മാറ്റാനാവില്ല: ഉമ്മന്‍ ചാണ്ടി
മാറ്റിയാല്‍ സര്‍ക്കാരിന്റെ അവസ്ഥ കെ.എസ്.ആര്‍.ടി.സിയുടേത് പോലെയാകും
കണ്ണൂര്‍: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബോധമുള്ള ഒരാള്‍ക്കും മാറ്റാനാകില്ലെന്നും അങ്ങനെ മാറ്റിയാല്‍ 20 വര്‍ഷം കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ അവസ്ഥ കെ.എസ്.ആര്‍.ടി.സിയുടേത് പോലെയാകുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കണ്ണൂര്‍ സാധു കല്യാണമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പങ്കാളിത്ത പെന്‍ഷന്‍ യു.ഡി.എഫ് വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് അതു തുടര്‍ന്നു ലഭിക്കാനും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതിരിക്കാനും പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം തുടരണം.
20 വര്‍ഷം കഴിഞ്ഞാല്‍ ശമ്പളം നല്‍കാനുള്ളതിനേക്കാള്‍ തുക പെന്‍ഷന്‍ന് സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും. ഈ പ്രശ്‌നപരിഹാരത്തിനാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞവര്‍ മൂന്ന് ബജറ്റ് അവതരിപ്പിച്ചിട്ടും അതേക്കുറിച്ച് മിണ്ടാട്ടമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മന്ത്രി കെ.സി. ജോസഫ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്, ഷാഫി പറമ്പില്‍ എം.എല്‍.എ, എ.പി അബ്ദുല്ലക്കുട്ടി, സോണി സെബാസ്റ്റിയന്‍, കെ.എം. അഭിജിത്ത് പ്രസംഗിച്ചു. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനവും ട്രേഡ് യൂനിയന്‍ സൗഹൃദ സമ്മേളനവും നടന്നു. ഇന്ന് ഉച്ചക്ക് നടക്കുന്ന സമാപന സമ്മേളനം കെ മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."