ബാബരി മസ്ജിദ്: ബോര്‍ഡ് നയത്തിനു വിരുദ്ധമായി മധ്യസ്ഥ ചര്‍ച്ച നടത്തിയ സല്‍മാന്‍ നദ്‌വിയെ പുറത്താക്കി
ന്യൂഡല്‍ഹി: ഔദ്യോഗിക നയത്തിനു വിരുദ്ധമായി ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സംഘപരിവാരുമായി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ചനടത്തിയ പ്രമുഖ പണ്ഡിതന്‍ സല്‍മാന്‍ ഹുസൈനി നദ്‌വിയെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഭാരവാഹിത്വത്തില്‍ നിന്ന് നീക്കി. ബോര്‍ഡിന്റെ മുതിര്‍ന്ന നിര്‍വാഹകസമിതിയംഗമായ നദ്‌വി, ബോര്‍ഡിനു കീഴിലുള്ള ബാബരി മസ്ജിദ് കമ്മിറ്റിയുടെ കണ്‍വീനര്‍ കൂടിയായിരുന്നു.
ഹൈദരാബാദില്‍ ഇന്നലെ സമാപിച്ച ബോര്‍ഡിന്റെ സമ്പൂര്‍ണ യോഗത്തിലാണ് അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടിയുണ്ടായത്. ബാബരി മസ്ജിദ് വിഷയത്തില്‍ സംഘപരിവാര സഹയാത്രികന്‍ ശ്രീശ്രീ രവിശങ്കറുമായി നദ്‌വി ചര്‍ച്ച നടത്തിയതും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളുമാണ് അച്ചടക്ക നടപടിയില്‍ കലാശിച്ചത്. പള്ളി നിലനിന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മിച്ച് അതിനു സമീപം പള്ളി സ്ഥാപിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബാബരി കേസില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനില്ലെന്ന ബോര്‍ഡിന്റെ ഔദ്യോഗിക നയത്തിനു വിരുദ്ധമായി നിലപാടെടുത്ത നദ്‌വിക്കെതിരേ നടപടി വേണമെന്ന് ബോര്‍ഡിന്റെ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ നാലംഗസമിതിയേയും നിയമിച്ചിരുന്നു. സംഭവം അന്വേഷിച്ച ബോര്‍ഡ് അധ്യക്ഷന്‍ മൗലാനാ റാബിഅ് ഹസന്‍ നദ്‌വി, ജനറല്‍ സെക്രട്ടറി മൗലാനാ വലീ റഹ്മാനി, സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുള്ളാ റഹ്മാനി, അംഗം മൗലാനാ അര്‍ഷദ് മദനി എന്നിവരടങ്ങുന്ന സമിതി, ബോര്‍ഡിന്റെ നിലപാടിനെതിരേ പരസ്യമായി പ്രവര്‍ത്തിച്ച നദ്‌വിക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നു ശുപാര്‍ശ ചെയ്തു. ശുപാര്‍ശ യോഗം അംഗീകരിക്കുകയായിരുന്നു.
അച്ചടക്ക നടപടി സ്ഥിരീകരിച്ച ബോര്‍ഡംഗം എസ്.ക്യു.ആര്‍ ഇല്യാസി, ഒരിക്കല്‍ പള്ളി നിലനിന്ന ഭൂമി അതു തകര്‍ക്കപ്പെട്ട ശേഷവും ആ സ്ഥലവും പള്ളിയായി തന്നെ നിലനില്‍ക്കുമെന്നും മുസ്‌ലിംകള്‍ക്ക് അക്കാര്യത്തില്‍ ഒത്തുതീര്‍പ്പിനു കഴിയില്ലെന്നും വ്യക്തമാക്കി. ബോര്‍ഡിന്റെ ഈ നിലപാടിന് എതിരായി പ്രവര്‍ത്തിച്ച അംഗത്തിനെതിരേ അച്ചടക്ക നടപടിയില്ലാതെ പോംവഴിയില്ലെന്നും തീരുമാനം ഏകകണ്ഡ്യേനയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."