ചെമ്പരിക്ക ഖാസി കൊലപാതകം: സാക്ഷി സി.ബി.ഐക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം
ബഹുമാനപ്പെട്ട കേരള സി.ബി.ഐ സൂപ്രണ്ട് മുമ്പാകെ കാസര്‍കോട് ജില്ലാ കാസര്‍കോട് താലൂക്ക് ദേലമ്പാടി വില്ലേജ് പരപ്പദേശം പി.അബ്ദുല്ല മകന്‍ അശ്‌റഫ് പി.എ വളരെ വിനയത്തോടും ബഹുമാനത്തോടും ബോധിപ്പിക്കുന്നത്.
സര്‍,
2010 ഫെബ്രുവരി 14നു രാത്രി കൊലചെയ്യപ്പെട്ട ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തെ സംബന്ധിച്ചാണ് ഞാന്‍ ഈ എഴുത്ത് അയക്കുന്നത്. ഞാന്‍ ഈ കത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം എനിക്ക് പരിപൂര്‍ണ ബോധ്യമുള്ളതും നേരിട്ട് അറിയുന്നതുമായ കാര്യങ്ങളാണ്. 2010 ജനുവരി 1 നും ഫെബ്രുവരി 14നുമിടയില്‍ ആറുതവണ ഞാന്‍ ആലുവയില്‍ നിന്നുള്ള ബാബു, നിശാന്ത് എന്ന് വിളിക്കപ്പെട്ടിരുന്ന 2 പേരെ നിലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നീലേശ്വരം കരുവാച്ചേരിയിലെ സുലൈമാന്‍ വൈദ്യരുടെ നിര്‍ദേശപ്രകാരം എന്റെ കെ.എല്‍ 14 ജി 9899 നമ്പറുള്ള ടാക്‌സി ഓട്ടോയില്‍ കയറ്റുകയും സുലൈമാന്‍ വൈദ്യരുടെ വീട്ടില്‍ കൊണ്ടുപോയി വിടുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ നാലുതവണ അവര്‍ വന്നത് ഏറനാട് എക്‌സ്പ്രസിലും അഞ്ചാമത് അവര്‍ വന്നത് മാവേലി എക്‌സ്പ്രസിലുമാണ്. എല്ലാ വരവിലും അവരെ ഞാന്‍ സുലൈമാന്‍ വൈദ്യരുടെ വീട്ടില്‍ എത്തിച്ച ഉടനെ സുലൈമാന്‍ വൈദ്യരുടെ വീട്ടിലേക്ക് കോയാമ്പുറം രാജന്‍ എന്നയാള്‍ വരികയും അവര്‍ നാലുപേരും ഒരു മണിക്കൂറില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. എല്ലാ വരവിലും സുലൈമാന്‍ വൈദ്യരുടെ നിര്‍ദേശപ്രകാരം അവര്‍ രണ്ടുപേരെ എന്റെ ഓട്ടോയില്‍ കയറ്റി 35 ഓളം കിലോമീറ്റര്‍ ദൂരമുള്ള ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ വീടിന്റെ തോട്ടരികിലുള്ള ഇടവഴിയുടെ സമീപത്ത് കൊണ്ടുവിട്ടിരുന്നു. ആദ്യത്തെ അഞ്ചുതവണയും ചെമ്പരിക്ക ഖാസിയുടെ വീടിന്റെ സമീപത്ത് അവരെ വിട്ടതിനു ശേഷവും അവര്‍ എന്നോട് 20 മിനിറ്റ് കഴിഞ്ഞ് തിരിച്ചുവരാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ സമീപത്തുള്ള പള്ളിയില്‍ പോവുകയും 20 മിനിറ്റ് കഴിഞ്ഞ് തിരിച്ചുവരികയും ചെയ്യും. പിന്നീട് അവരെ സുലൈമാന്‍ വൈദ്യരുടെ വീട്ടിലേക്ക് തന്നെ തിരിച്ച് എന്റെ ഓട്ടോയില്‍ എത്തിച്ചു കൊടുത്തിരുന്നു.
സുലൈമാന്‍ വൈദ്യരുടെ വീട്ടില്‍ ചെമ്പരിക്കയില്‍നിന്നു തിരിച്ചുവന്നതിനു ശേഷം ഒന്നാമത്തെ വരവിലും രണ്ടാമത്തെ വരവിലും അഞ്ചാമത്തെ വരവിലും നീലേശ്വരം സ്റ്റേഷനില്‍ നിന്ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ അവര്‍ക്ക് തിരിച്ചുപോകുന്നതിനു വേണ്ടി ഞാന്‍ അവരെ സുലൈമാന്‍ വൈദ്യരുടെ വീട്ടില്‍ നിന്ന് നീലേശ്വരം സ്‌റ്റേഷനിലേക്ക് കൊണ്ടു വിട്ടിരുന്നു. മൂന്നാമത്തെ വരവിലും നാലാമത്തെ വരവിലും അവര്‍ ചെമ്പരിക്കയില്‍ നിന്നു മടങ്ങിയതിന് ശേഷം അവര്‍ സുലൈമാന്‍ വൈദ്യരുടെ വീട്ടില്‍ താമസിക്കുകയും അടുത്ത ദിവസം രാവിലെ നീലേശ്വരം സ്റ്റേഷനില്‍ നിന്നു പരശുറാം എക്‌സ്പ്രസില്‍ പോകുന്നതിനുവേണ്ടി ഞാന്‍ അവരെ നീലേശ്വരം സ്‌റ്റേഷനില്‍ കൊണ്ടുപോയി വിട്ടിരുന്നു. 11.2.2010നു ആലുവയില്‍ നിന്നുള്ള അവരുടെ അഞ്ചാമത്തെ വരവില്‍ അവര്‍ സുലൈമാന്‍ വൈദ്യരുടെ വീട്ടില്‍ എത്തിയ ഉടനെ കോയാമ്പുറം രാജന്‍ ബൈക്കില്‍ നോട്ടുകെട്ടുകള്‍ നിറച്ച രണ്ട് ബാഗുകളുമായി സുലൈമാന്‍ വൈദ്യരുടെ വീട്ടില്‍ വന്നിരുന്നു. അതില്‍ നിന്ന് ഏറ്റവും വലുത് ആലുവയില്‍ നിന്നുള്ളവര്‍ക്കും ചെറുത് സുലൈമാന്‍ വൈദ്യരുടെ കൈയിലും ഏല്‍പിക്കുകയുണ്ടായി. സുലൈമാന്‍ വൈദ്യര്‍ക്ക് ലഭിച്ചത് 20 ലക്ഷം രൂപയാണെന്ന് സുലൈമാന്‍ വൈദ്യരുടെ മകളും എന്റെ ഭാര്യയുമായ നസീമ എന്നോട് പറഞ്ഞിട്ടുണ്ട്. വൈദ്യര്‍ 17 ലക്ഷം രൂപയ്ക്ക് ഒരു വീടും കൂടാതെ കാറും വാങ്ങിയിട്ടുണ്ട്.
2010 ഫെബ്രുവരി 14നു ആലുവയില്‍ നിന്നു ബാബുവും നിശാന്തും ആറാം തവണ ഏറനാട് എക്‌സ്പ്രസില്‍ വരികയും സുലൈമാന്‍ വൈദ്യരുടെ നിര്‍ദേശപ്രകാരം ഞാന്‍ എന്റെ ഓട്ടോയില്‍ കയറ്റി സുലൈമാന്‍ വൈദ്യരുടെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുകയുണ്ടായി. തുടര്‍ന്ന് സുലൈമാന്‍ വൈദ്യരും രാജനും അവരോട് ചര്‍ച്ച നടത്തുകയും ശേഷം അഞ്ച് മണികഴിഞ്ഞയുടനെ ഞാന്‍ അവരെ ചെമ്പരിക്ക ഖാസിയുടെ വീടിന്റെ അടുത്ത് സുലൈമാന്‍ വൈദ്യരുടെ നിര്‍ദേശപ്രകാരം കൊണ്ടുപോയി വിട്ടിരുന്നു. അവരെ കണ്ടാല്‍ ഇപ്പോഴും എനിക്ക് തിരിച്ചറിയാന്‍ സാധിക്കും. സാധാരണ അവസാനം അവരെ തിരിച്ചുകൊണ്ടുവന്ന് നീലേശ്വരം സ്‌റ്റേഷനില്‍ വിടുമ്പോഴാണ് അവര്‍ എനിക്ക് വാടക തന്നിരുന്നത്. ആദ്യത്തെ അഞ്ചുതവണ 750 രൂപയും ആറാംതവണ അവര്‍ ചെമ്പരിക്കയില്‍ എത്തിയയുടനെ 900 രൂപ വണ്ടി വാടക നല്‍കുകയും എന്നോട്, 'ഞങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല തിരിച്ചുപോയിക്കോളൂ ' എന്ന് പറയുകയും ചെയ്തപ്പോള്‍ ഞാന്‍ തിരിച്ചുപോരുകയും ചെയ്തു.
സുലൈമാന്‍ വൈദ്യരുടെ വീട്ടില്‍ താമസിച്ച് പിറ്റെ ദിവസം രാവിലെ നമസ്‌കാരം കഴിഞ്ഞ് ഞാന്‍ കൊടക് ജില്ലയിലെ വീരാട് പേട്ടയിലേക്ക് ആയുര്‍വേദ മരുന്ന് കച്ചവടത്തിന് പോയി. അന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഭാര്യ എന്നെ വിളിക്കുകയും എന്റെ ഓട്ടോ അവിടെ കാണുന്നില്ലെന്ന് പറയുകയും ചെയ്തു. പിന്നീട് ഭാര്യാമാതാവും എന്നെ ഫോണില്‍ വിളിച്ചു. 'ഓട്ടോ പഴയതല്ലെ നമുക്ക് വേറെ വാങ്ങാം ഇനി അതിന്റെ പിന്നാലെ പോകണ്ട പോയത് പോകട്ടെ' എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു. പിന്നെ ഞാന്‍ മൂന്ന് ദിവസത്തിനുശേഷം വീരാട് പേട്ടയില്‍ നിന്ന് തിരിച്ചെത്തി. അപ്പോള്‍ അവിടെ സുലൈമാന്‍ വൈദ്യര്‍ ഉണ്ടായിരുന്നില്ല. പിന്നെ രണ്ടു വര്‍ഷത്തോളം അപൂര്‍വമായി രാത്രി മാത്രം വീട്ടില്‍ വരികയും രാവിലെ പോവുകയും ചെയ്തു.
ഞാന്‍ ഓട്ടോയ്ക്ക് കേസ് കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ ഭാര്യയും ഭാര്യാമാതാവും എന്നെ അതില്‍നിന്ന് പിന്തിരിപ്പിച്ചു. പിന്നീട് കാഞ്ഞങ്ങാട് ടൗണില്‍ (സൗത്ത്) ഉണ്ടായ പ്രശ്‌നത്തില്‍ ഒരുപാട് വണ്ടികള്‍ കത്തിക്കപ്പെടുകയുണ്ടായി. അതില്‍ ഒരു ഓട്ടോയുടെ പിറകില്‍ എന്റെ വണ്ടിയുടെ പിറകിലുള്ളതുപോലുള്ള മുത്തുമോന്‍ എന്നതിന്റെ അല്‍പ്പം ഭാഗം ഞാന്‍ കണ്ടിരുന്നു. ആ കത്തിച്ച ഓട്ടോ എന്റേതാണെന്നും ഞാന്‍ സംശയിക്കുന്നു. 2010 ഫെബ്രുവരി 15നു ഉച്ചയ്ക്ക് ഞാന്‍ വീരാജ് പേട്ടയില്‍ എത്തിയ ഉടനെ അവിടെയുള്ളവര്‍ ചെമ്പരിക്ക ഖാസിയെ ആരോ കൊന്നിരിക്കുന്നു എന്നു പറയുന്നതാണ് ഞാന്‍ കേട്ടത്. അപ്പോഴാണ് ഈ ആലുവ സംഘം തലേദിവസം വൈകുന്നേരം അവിടേക്ക് പോയത് ഇതിനായിരിക്കും എന്ന ശക്തമായ തോന്നല്‍ എനിക്കുണ്ടായത്. അവര്‍ എന്നോട് പറഞ്ഞിരുന്നത് ഉസ്താദിനെക്കൊണ്ട് മന്ത്രിപ്പിക്കാനും പ്രാര്‍ഥിപ്പിക്കാനും ചികിത്സിക്കാനുമാണ് എന്നായിരുന്നു. പൈസ കൈമാറിയത് പറമ്പ് കച്ചോടത്തിനുള്ള അഡ്വാന്‍സ് തുക എന്നായിരുന്നു. ഈ കൊലയാളികളെയായിരുന്നോ എന്റെ ഓട്ടോയില്‍ കയറ്റിക്കൊണ്ട് പോയതെന്ന് തോന്നിയപ്പോള്‍ എനിക്ക് വല്ലാതെ വിഷമമായി. ബഹുമാനപ്പെട്ട ഖാസി കൊല്ലപ്പെട്ട ഉടനെ ഈ വിവരങ്ങള്‍ എല്ലാം ഞാന്‍ പലരോടും പറഞ്ഞിരുന്നു. പക്ഷേ, അവരാരും കേള്‍ക്കാത്തപോലെ നടിക്കുകയും എന്നെ മൈന്‍ഡ് ചെയ്യാതിരിക്കുകയുമാണ് ഉണ്ടായത്. എല്ലാവരും അവരോട് ഈ വിഷയം പറഞ്ഞപ്പോള്‍ ഇത് ആരോടും പറയരുതെന്നും അവര്‍ കേട്ടിട്ടില്ലെന്ന് പറയുകയും ചെയ്തു. അങ്ങനെ ഞാന്‍ കൊലപാതകത്തിന് മാസങ്ങള്‍ക്ക് ശേഷം എന്റെ നാട്ടിലെ സജീവ പൊതുപ്രവര്‍ത്തകനായ ഉമറുല്‍ ഫാറൂഖ് തങ്ങളോട് പറയുകയും ഉദ്യോഗസ്ഥരുടെ മുന്നില്‍ കാര്യങ്ങള്‍ തുറന്നുപറയാനുള്ള അവസരം ഉണ്ടാക്കിത്തരണമെന്ന് പറയുകയും ചെയ്തു. അപ്പോള്‍ തങ്ങള്‍ പറഞ്ഞു, ഞാന്‍ ഖാസി വധം സമരസമിതി ഭാരവാഹിയാണ്. ഈ കേസ് നടത്തുന്നതും ഞാനാണ്. ഈ വിവരം ഞാന്‍ അറിഞ്ഞാല്‍ മതി. ഇനി ഇതാരോടും പറയരുത്. തങ്ങള്‍ എന്നോട് കല്‍പ്പിച്ചതനുസരിച്ച് പിന്നീട് ആരോടും ഈ വിവരം ഞാന്‍ പറഞ്ഞിട്ടില്ല. ഓരോ മൂന്ന് നാല് മാസം കൂടുമ്പോഴും ഞാന്‍ തങ്ങളെ സമീപിക്കുകയും കാര്യങ്ങളുടെ പുരോഗതി അന്വേഷിക്കുകയും ചെയ്തിരുന്നു.
അപ്പോഴെല്ലാം നീ അല്‍പ്പകാലം കൂടി ക്ഷമിച്ചു നില്‍ക്കൂ, നിനക്ക് തുറന്നു പറയാനുള്ള അവസരം ഉണ്ടാക്കി തരാം എന്ന് പറയാറുണ്ടായിരുന്നു. ഏകദേശം മൂന്ന് വര്‍ഷക്കാലം മുമ്പ് തങ്ങള്‍, അദ്ദേഹം മനുഷ്യാവകാശകമ്മിഷന്‍ ഭാരവാഹി ആയിട്ടുണ്ടെന്നും അതിനാല്‍ കാര്യങ്ങളെല്ലാം എളുപ്പത്തില്‍ നടപ്പില്‍വരുത്താന്‍ കഴിയുമെന്നും എന്നെ അറിയിക്കുകയും ഏകദേശം ഒന്നരവര്‍ഷം മുമ്പ് മുതല്‍ തങ്ങളുടെ കാറില്‍ മനുഷ്യാവകാശ കമ്മിഷന്‍ ബോര്‍ഡും കാണുന്നുണ്ട്. ഈ തങ്ങള്‍ ഇപ്പോള്‍ വൈദ്യരാണ്. ഞാന്‍ സുലൈമാന്‍ വൈദ്യരെപ്പറ്റി തങ്ങളോട് പറഞ്ഞതിനു ശേഷം സുലൈമാന്‍ വൈദ്യരില്‍ നിന്ന് വൈദ്യ സര്‍ട്ടിഫിക്കറ്റും ഇദ്ദേഹം വാങ്ങിവച്ചിട്ടുണ്ട്.
2017 ഒക്ടോബര്‍ ആദ്യത്തില്‍ തങ്ങള്‍ തങ്ങളുടെ ഫോണില്‍ നിന്ന് എന്റെ 8921645793 എന്ന നമ്പറിലേക്ക് വിളിക്കുകയും എന്നോട് ഇങ്ങനെ പറയുകയും ചെയ്തു. അശ്‌റഫ് ഒരു കാര്യം ചെയ്തുതരണം. ചെമ്പരിക്ക ഖാസിയുടെ വധവുമായി ബന്ധപ്പെട്ട് നീ എന്നോട് പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം മുമ്പ് ഞാന്‍ ഇതൊന്നും അറിയാത്തപോലെയുള്ള ഒരു വോയ്‌സ് റെക്കോഡ് എനിക്ക് അയച്ചുതരണം. എന്റെ ജ്യേഷ്ഠനെ മാത്രം കേള്‍പ്പിക്കാന്‍ വേണ്ടിയാണ്. അതിന് ശേഷം നമുക്ക് തീരുമാനം എടുക്കാം. എനിക്ക് ഈ വിഷയം അറിയാമെന്ന് ജ്യേഷ്ഠന്‍ അറിഞ്ഞാല്‍ പ്രശ്‌നമാണെന്നും അതിനാല്‍ എനിക്ക് ഇതുവരെ അറിയാത്തതു പോലെ മാത്രമെ നീ ഫോണില്‍ സംസാരിക്കാന്‍ പാടുള്ളൂ നിന്റെ സംസാരം സൂക്ഷിച്ചുവേണം എന്നും തങ്ങള്‍ എന്നോട് പറഞ്ഞു.
ഫോണ്‍ കട്ട് ചെയ്ത ഉടനെ ഞാന്‍ തങ്ങളുടെ ഫോണിലേക്ക് വിളിക്കുകയും അത് റെക്കോഡ് ചെയ്ത് തങ്ങളുടെ ജ്യേഷ്ഠനെ മാത്രം കേള്‍പ്പിക്കാന്‍ വേണ്ടി വാട്‌സ് ആപ്പിലൂടെ ഞാനത് തങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. അതിനുശേഷം മൂന്ന് ദിവസം കഴിഞ്ഞ് അദ്ദേഹം ഞാന്‍ മുള്ളേരിയ ആദൂര്‍ പടിയത്തടുക്ക എന്ന സ്ഥലത്തുള്ള ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ എന്നോട് ഇങ്ങനെ പറഞ്ഞു: 'ചെമ്പരിക്ക ഖാസിയുടെ കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ഇനി മേലാല്‍ ആരോടും ഒരു നിലക്കും പറയാതിരിക്കാന്‍ നിനക്ക് എത്ര സംഖ്യ ഞാന്‍ വങ്ങിത്തരണം. നീ പറയുന്ന സംഖ്യ ഞാന്‍ വാങ്ങിത്തരാം.' അപ്പേള്‍ ഞാന്‍ പറഞ്ഞു: 'ഇത് കച്ചവടക്കാര്യമല്ല. പണം വാങ്ങി മൂടിവയ്‌ക്കേണ്ട കാര്യവുമല്ല. വലിയ ഒരു മനുഷ്യനെ കൊലചെയ്തിട്ട് അദ്ദേഹത്തെ കുറിച്ച് ജനങ്ങള്‍ക്കുള്ള തെറ്റായ ധാരണ തീര്‍ത്ത് കൊടുക്കേണ്ട കാര്യമാണ്. അതിനാല്‍ പണത്തിനു മുന്നില്‍ മുട്ട് മടക്കില്ല. ഇത് തീര്‍ത്തു പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റം അത്ര നന്നായിരുന്നില്ല. പിന്നീട് തൊട്ടടുത്ത ദിവസം തന്നെ എന്നെ നിര്‍ബന്ധപൂര്‍വം തങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും അവിടെനിന്ന് വേറെ ഒരാളുടെ കാറില്‍ എന്നെ കയറ്റുകയും കാസര്‍കോട് ടൗണ്‍ പുലിക്കുന്നിലെ ഒരു ബില്‍ഡിങ്ങിന്റെ താഴെ നിര്‍ത്തുകയും തങ്ങളും കൂടെയുള്ളവരും മുകളിലേക്ക് കയറി പോവുകയും ചെയ്തു. ഉടനെ അപരിചിതരായ ചില ആളുകള്‍ എന്റെ നേരെ വരുന്നത് എന്റെ ശ്രദ്ധയില്‍പെട്ടു. ചില അപരിചിത വാഹനങ്ങളും അവിടെയുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് അയാളില്‍ നിന്നു രക്ഷപ്പെടാന്‍ ഞാന്‍ സി.ബി.ഐ കസ്റ്റഡിയില്‍ ആണെന്ന് പറഞ്ഞ് അയാള്‍ക്ക് ഞാന്‍ വാട്‌സ് ആപ്പ് വോയിസ് ഇട്ടിരുന്നു. പിന്നീട് അയാളുമായി ബന്ധപ്പെട്ടിട്ടില്ല.
തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പട്ട ഉടനെ ഞാന്‍ എന്റെ ഒരു സുഹൃത്തിനെ സമീപിക്കുകയും അദ്ദേഹം ഉടനെ തന്നെ രാത്രിക്ക് രാത്രി സി.ബി.ഐ കോടതി എറണാകുളത്തേക്ക് കൊണ്ടുപോകുകയും 11-10-17ന് എന്റെ ഹരജി കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. എന്റെ ഹരജി സ്വീകരിച്ചെങ്കിലും എനിക്ക് സാക്ഷി മൊഴി പറയാനുള്ള അവസരം ബഹുമാനപ്പെട്ട കോടതി നല്‍കിയിരുന്നില്ല. അതിനാലാണ് ഞാന്‍ നിങ്ങളുടെ മുമ്പാകെ ബഹുമാനപൂര്‍വം ഈ എഴുത്ത് അയക്കുന്നത്.
താങ്കള്‍ ഞാന്‍ മുകളില്‍ എഴുതിയ കാര്യങ്ങള്‍ അന്വേഷണത്തിന് ഉള്‍പ്പെടുത്തണമെന്നും എനിക്ക് സി.ബി.ഐ കോടതി മുമ്പാകെ സാക്ഷി മൊഴി പറയാനുള്ള അവസരം ഉണ്ടാക്കിത്തരണമെന്നും വളരെ വിനയത്തോടെയും താഴ്മയോടെയും കൂടി അപേക്ഷിക്കുന്നു. ഇതുവരെ ഞാന്‍ ഈ കത്തില്‍ എഴുതിയ കാര്യങ്ങള്‍ എനിക്ക് നേരിട്ട് ബോധ്യമുള്ളതാണ്. എന്നാല്‍, കൊടുങ്ങല്ലൂരിലുള്ള അബ്ദുല്‍ ഖാദിര്‍ എന്ന ഒരാള്‍ നീലേശ്വരം ബസ് സ്റ്റാന്‍ഡിന്റെ അടുത്ത് ഒരു ഉഴിച്ചില്‍ കേന്ദ്രം നടത്തിയിരുന്നു. അവിടെ ചെമ്പരിക്ക വധവുമായി ബന്ധപ്പെട്ട് ചില രഹസ്യചര്‍ച്ചകള്‍ നടന്നിരുന്നതായും ആ ഉഴിച്ചില്‍ കേന്ദ്രം ചെമ്പരിക്ക വധത്തിനു ശേഷം അടച്ചുപൂട്ടി അബ്ദുല്‍ ഖാദിര്‍ എന്നയാള്‍ നാടുവിട്ടെന്നും എന്റെ ഒരു സുഹൃത്തില്‍ നിന്ന് എനിക്ക് വിവരം ലഭിച്ചതും ഞാന്‍ നിങ്ങളെ ഇതിനാല്‍ അറിയിക്കുന്നു. ആയതിനാല്‍ വലിയ പണ്ഡിതനും സാത്വികനുമായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്‌തെന്ന തെറ്റായ പ്രചാരണം ഇല്ലാതാക്കാനും അദ്ദേഹത്തിന്റെ മരണം കൊലപാതകമാണെന്നും ജനങ്ങളെ അറിയിക്കാനും വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്യണമെന്നും ഇതിനാല്‍ വളരെ വിനയത്തോടെയും താഴ്മയോടെയും താങ്കളുടെ മുമ്പാകെ ഞാന്‍ അപേക്ഷിക്കുന്നു.
എന്ന്,
അശ്‌റഫ് പി.എ
പരപ്പ, കാസര്‍കോട്
28-10-17
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."