ഐ.എസ് ബന്ധമെന്ന സംശയം; യുവാവിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: ഭീകരസംഘടനയായ ഐ.എസിനുവേണ്ടി പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന കാസര്‍കോട് കാഞ്ഞങ്ങാട് ലക്ഷിനഗര്‍ പാറക്കടവ് മൊയ്‌നുദ്ദീനെ (25) കൊച്ചി എന്‍.ഐ.എ കോടതി 23ന് വൈകിട്ട് നാലുവരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു.
ഡല്‍ഹിയില്‍നിന്ന് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ച മെയ്‌നുദ്ദീനെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡിയില്‍ വയ്ക്കാന്‍ അനുമതി.
ഒരുമാസം മുന്‍പ് യു.എ.ഇയില്‍ പിടിയിലായ മൊയ്‌നുദ്ദീനെ എന്‍.ഐ.എ ആവശ്യപ്പെട്ടതനുസരിച്ചത് ഇന്ത്യയിലേക്കയയ്ക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് ചെയ്ത് ന്യൂഡല്‍ഹി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തശേഷമാണ് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാരാക്കാനായി കൊണ്ടുവന്നത്.
കണ്ണൂര്‍ കനകമലയില്‍ ഐ.എസ് രൂപീകരണവുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നവരുമായി ഇയാള്‍ ഓണ്‍ലൈന്‍വഴി ബന്ധപ്പെട്ടതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് എന്‍.ഐ.എസംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
ഐ.എസിനുവേണ്ടി ഇയാള്‍ രഹസ്യ ആശയപ്രചാരണം നടത്തുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തുവെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
തീവ്രവാദഗ്രൂപ്പ് ഉണ്ടാക്കുന്നതില്‍ പ്രധാനിയായ ഇയാള്‍ ഇതിനുവേണ്ടി മധ്യഷ്യേയിലെ അംഗങ്ങളുമായും ബന്ധപ്പെട്ടിരുന്നു.
ഇബ്‌നു അബ്ദുള്ള, അബു അല്‍ ഇന്തോനേസി എന്നീ പേരുകളിലാണ് ഇയാള്‍ ആശയപ്രചരണം നടത്തിയിരുന്നത്. കണ്ണൂര്‍ കനകമല സംഭവത്തില്‍ മൊയ്‌നുദ്ദീന്‍, കോഴിക്കോട് സ്വദേശി സജീര്‍ മംഗലശ്ശേരി, ചെന്നെയില്‍ താമസിക്കുന്ന കമാല്‍ എന്നിവരെ ഒരാഴ്ച മുന്‍പാണ് എന്‍.ഐ.എ സംഘം പ്രതി ചേര്‍ത്തത്. സജീറും കമാലും ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."