മധ്യപ്രദേശ് രാഷ്ട്രീയ രംഗത്ത് സജീവമാകുമെന്ന് ദിഗ് വിജയ് സിങ്
ജബല്‍പൂര്‍: രാഷ്ട്രീയം മതിയാക്കി പക്കോഡ വില്‍ക്കാനൊന്നും താന്‍ പോകില്ലെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ്. തനിക്ക് രാഷ്ട്രീയത്തില്‍ നിന്ന് ദീര്‍ഘകാലം മാറിനില്ക്കാന് കഴിയില്ലെന്നും അദ്ദേഹം ജബല്പൂരില് മാധ്യമങ്ങളോട് പറഞ്ഞു.നര്‍മദ പരികര്‍മ യാത്രക്കുശേഷം താന്‍ പക്കോഡയുണ്ടാക്കി വില്ക്കാന് പോകുമെന്ന് ആരും കരുതേണ്ടതില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ജയിച്ചാല്‍ മുഖ്യമന്ത്രിയാകാനും തയാറാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള വ്യക്തമായ സൂചനയാണ് ഇന്നലെ അദ്ദേഹം നല്‍കിയത്. 2003ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഏറെക്കുറെ നിശബ്ദനായ അദ്ദേഹം പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2013ലാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് വന്നത്. നര്‍മദ വിഷയം ഉയര്‍ത്തിക്കാട്ടി അദ്ദേഹം നടത്തുന്ന പരികര്‍മ യാത്രക്കുശേഷം രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കമാണ് അദ്ദേഹം നടത്തുന്നത്. മധ്യപ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ രംഗത്തേക്ക് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആയിരിക്കും വരികയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടയിലാണ് താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് അറിയിച്ച് ദിഗ് വിജയ് സിങ് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."