കാട്ടുതീ: ചെമ്പ്രമലയില്‍ 50 ഹെക്ടര്‍ വനം കത്തിനശിച്ചു
മേപ്പാടി: ചെമ്പ്രമലയില്‍ ഇന്നലെ രാവിലെ പ്രത്യക്ഷപ്പെട്ട കാട്ടുതീ ഹെക്ടര്‍ കണക്കിന് വനം ചാമ്പലാക്കി. ഇന്നലെ രാവിലെ ഒന്‍പതോടെയുണ്ടായ കാട്ടുതീയില്‍ ഏകദേശം 50 ഹെക്ടര്‍ വനം കത്തിയതായാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. കനത്തചൂടാണ് കാട്ടുതീക്ക് കാരണമെന്നാണ് നിഗമനം. ചെമ്പ്രമലയില്‍ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഹൃദയ സരസ് തടാകത്തിന് സമീപത്താണ് കാട്ടുതീ കണ്ടത്.
അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇവിടെ കാട്ടുതീ ഉണ്ടാവുന്നത്. കാട്ടുതീക്കെതിരേ ജാഗ്രത പുലര്ത്തിവരുന്നതിനിടെ കാട് കത്തിയത് വനം വകുപ്പിനെ കുഴക്കുന്നുണ്ട്. വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടെയാണ് ആശങ്ക പരത്തി കാട് കത്തിയത്.
അഞ്ചു വര്‍ഷം മുന്പരുണ്ടായ കാട്ടുതീയെ തുടര്‍ന്ന് കൂട്ടത്തോട വന്യമൃഗങ്ങല്‍ നാട്ടിലിറങ്ങിയിരുന്നു. കാട്ടാനകളും കാട്ടുപോത്തുമായിരുന്നു കൃഷിനാശം വരുത്തിയത്. വീണ്ടും ചെമ്പ്രയില്‍ തീ പടര്‍ന്നതോടെ കൂടുതല്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുമെന്നാണ് ആശങ്ക.
വേനല്‍ കനത്തതിനാല്‍ ചെമ്പ്രയിലെ പുല്‍മേടുകള്‍ ഉണങ്ങി നില്‍ക്കുകയാണ്. ഇതു തീ അതിവേഗം പടരുന്നതിനും കാരണമായി. റോഡ് സൗകര്യമില്ലാത്ത ഉയര്‍ന്ന പ്രദശമായതിനാല് തീ അണക്കാനും നിര്‍വാഹമില്ലാത്ത സ്ഥിതിയാണ്. കാട്ടുതീയെ തുടര്‍ന്ന് ചെമ്പ്രയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."